കത്വയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്ഷേത്രത്തിനകത്ത് ദിവസങ്ങളോളം പൂട്ടിയിട്ട് ബലാൽസംഗം ചെയ്തു കൊന്ന കേസിലെ പ്രതികൾക്കു വേണ്ടി ഹാജരാകുന്ന വക്കീലിന് ജമ്മു കശ്മീർ സർക്കാരിന്റെ പ്രത്യേക പരിഗണന. സർക്കാരിന്റെ അഡീഷണൽ അഡ്വക്കറ്റ് ജനറലായാണ് അസീം സാവ്ഹി എന്ന അഭിഭാഷകന് നിയമനം ലഭിച്ചിരിക്കുന്നത്.
ഇയാളെ നേരത്തെ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറലായി നിയമിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പുതിയ നിയമനം. ഗവർണറാണ് ഈ നിയമനം നടത്തിയത്.
നിലവിൽ തന്റെ പിതാവ് എകെ സാഹ്നിയാണ് കേസ് ഏറ്റെടുത്തിട്ടുള്ളതെന്നും ജൂലൈ രണ്ട് മുതൽ കേസിൽ താൻ ഹാജരാകാറില്ലെന്നും അസീം പറഞ്ഞു. താൻ സർക്കാരിന്റെ വക്കീലായി നിയമിക്കപ്പെടുന്നത് കേസിനെ യാതൊരുവിധത്തിലും സ്വാധീനിക്കില്ലെന്നും അസീം വിശദീകരിച്ചു.
അതെസമയം, അസീം കോടതിയിൽ കൊല്ലപ്പെട്ട കുട്ടിയടക്കമുള്ള സാക്ഷികളെ ക്രോസ് വിസ്താരം ചെയ്തിട്ടുള്ളയാളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അസീമിന്റെ പിതാവ് സാഹ്നി കോടതിനടപടികൾക്കു ശേഷം മാധ്യമങ്ങളെ കാണുന്നതിനെതിരെ പ്രൊസിക്യൂഷൻ ശക്തമായി രംഗത്തു വന്നിരുന്നു. സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടുകയുണ്ടായി. കോടതിനടപടികൾ തുടരുന്ന സമയത്താണ് സാഹ്നി പുറത്തുവന്ന് മാധ്യമങ്ങൾക്ക് ‘ബ്രീഫിങ്’ നൽകിയിരുന്നത്.
കേസിൽ ഇതുവരെ 10 സാക്ഷികളെയാണ് വിസ്തരിച്ചത്. ആകെ 221 സാക്ഷികളുണ്ട്.
Leave a Comment