X

“പ്രധാനമന്ത്രിയെ എപ്പോഴും അധിക്ഷേപിക്കുന്നത് അദ്ദേഹത്തിന് ഗുണം ചെയ്യുന്നു; മോദിയെ പ്രശ്നാധിഷ്ഠിതമായി വിലയിരുത്തിത്തുടങ്ങണം”: ജയ്റാം രമേശിന് പിന്നാലെ അഭിഷേക് മനു സിംഘ്‍‌വിയും

ഉജ്ജ്വൽ യോജനയെ പ്രകീർത്തിച്ച് ജയ്റാം രമേശ് നടത്തിയ പ്രസ്താവനയെ സിംഘ്‌വി പിന്തുണച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലായ്പ്പോഴും അധിക്ഷേപിക്കുന്നതും ഒറ്റതിരിഞ്ഞ് വ്യക്തിപരമായ ആക്രമിക്കുന്നതും ഗുണകരമാകുന്നത് മോദിക്കു തന്നെയാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്‌വിയുടെ ട്വീറ്റ്. കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ പൂർണമായും പിന്തുണച്ചാണ് സിംഘ്‌വി രംഗത്തെത്തിയിരിക്കുന്നത്.

“എല്ലായ്പ്പോഴും മോദിയെ അധിക്ഷേപിക്കുന്നത് തെറ്റാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതു മാത്രമല്ല കാരണം. ഒരു തരത്തിൽ മാത്രമുള്ള എതിർപ്പ് അദ്ദേഹത്തെ ശരിക്കും സഹായിക്കുകയാണ് ചെയ്യുന്നത്. പ്രശ്നാധിഷ്ഠിതമായി അവരെ വിലയിരുത്താൻ സാധിക്കണം. വ്യക്തിപരമായല്ല ഇത് ചെയ്യേണ്ടത്. ഉജ്ജ്വല പദ്ധതി മറ്റു പല നല്ല പദ്ധതികളെയും പോലെ മികച്ച ഒന്നാണ്.” സിംഘ്‌വി പറഞ്ഞു.

മോദിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായി, അദ്ദേഹത്തെ പഴിച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ല: കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

2014നും 2019നും ഇടയില്‍ മോദി നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായെന്നാണ് കഴിഞ്ഞദിവസം ജയ്റാം രമേശ് പറഞ്ഞത്. ആ പ്രവര്‍ത്തനം കൊണ്ടാണ് 30 ലേറെ ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നും ജയറാം രമേശ് പറഞ്ഞു.’മോദിയുടെ ഭാഷ ജനങ്ങളുമായി സംവേദിക്കാന്‍ ശേഷിയുള്ളതാണ്. മുന്‍ കാലങ്ങളില്‍ ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വസ്തുത അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല.’ ജയറാം രമേശ് പറഞ്ഞു.

മോദി ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് ഏതെല്ലാമോ വിധത്തിൽ എത്തുന്നുണ്ടെന്നും അത് മനസ്സിലാക്കാതെ അദ്ദേഹത്തെ കളിയാക്കിക്കൊണ്ടിരുന്നാൽ ഇനിയും വിജയിക്കുന്നത് മോദി തന്നെയായിരിക്കുമെന്നായിരുന്നു ജയ്റാം രമേശിന്റെ പ്രസ്താവനയുടെ കാതൽ.

“മോദിയെ പുകഴ്ത്തണമെന്നല്ല ഞാന്‍ പറയുന്നത് ഭരണത്തില്‍ അദ്ദേഹം കാണിക്കുന്ന ചില സവിശേഷതകളെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കേണ്ടതുണ്ടെന്നും ജയ്റാം ചൂണ്ടിക്കാട്ടി. ഭരണത്തിന്റെ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഭരണ രീതിയില്‍ നിന്നുണ്ടായ സാമൂഹ്യ ബന്ധങ്ങളും തീര്‍ത്തും ഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയെ എടുത്ത് പറയുകയും ചെയ്തു. “2019ല്‍ നമ്മള്‍ എല്ലാവരും അദ്ദേഹത്തിന്റെ പദ്ധതികളെ കളിയാക്കുകയായിരുന്നു. എന്നാല്‍ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന എന്ന പദ്ധതിയ്ക്ക് വലിയ അംഗീകാരമാണ് ജനങ്ങളില്‍ നിന്ന് കിട്ടിയത്. കോടികണക്കിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ ആ പദ്ധതിക്ക് കഴിഞ്ഞു. ഇതിനെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് നമുക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല,” ജയ്റാം പ്രസ്താവിച്ചു.

This post was last modified on August 23, 2019 12:38 pm