UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍ പാകിസ്താന് കൊടുത്ത് ഹൈദരാബാദ് സ്വന്തമാക്കാമെന്ന് പറഞ്ഞത് പട്ടേല്‍, നിര്‍ദേശം തള്ളിയത് നെഹ്‌റു

തുടക്കം മുതലേ കാശ്മീര്‍ പാകിസ്ഥാന് വിട്ടുതരാം എന്ന നിലപാടായിരുന്നു സര്‍ദാര്‍ പട്ടേലിനുണ്ടായിരുന്നത്. പാര്‍ട്ടീഷന്‍ കൗണ്‍സിലിലും ലിയാഖത് അലിയെ ഇത് ബോധ്യപ്പെടുത്താല്‍ പട്ടേല്‍ ശ്രമിച്ചു.

ജമ്മു- കാശ്മീരിലെ ഗവര്‍ണര്‍ ഭരണം ആറുമാസത്തേക്കു കൂടി നീട്ടുന്ന പ്രമേയം അവതരിപ്പിക്കുന്നതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളെ അവരുടെ മുന്‍കാല നേതാക്കള്‍ ചെയ്ത കാര്യങ്ങളെ ഓര്‍മിപ്പിച്ചും അവരെ കുറ്റപ്പെടുത്തിയുമാണ് അമിത് ഷാ കഴിഞ്ഞദിവസം ലോക്സഭയില്‍ പ്രതിരോധിച്ചത്. മരിക്കുംവരെ കോണ്‍ഗ്രസ്സുകാരനായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിനെ വാദിസ്ഥാനത്തു നിര്‍ത്തുകയും ആ സ്ഥാനം തങ്ങളുടേതാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന തന്ത്രം അമിത് ഷാ ഈ പ്രസംഗത്തിലും സാധിച്ചു. സര്‍ദാര്‍ പട്ടേല്‍ ശക്തിയുക്തം എതിര്‍ത്തിട്ടും കാശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവെന്ന് അദ്ദേഹം ആരോപിച്ചു. പട്ടേലിന്റെ നിലപാടായിരുന്നു ശരിയെന്നും ജവാഹര്‍ലാല്‍ നെഹ്‌റു തെറ്റായിരുന്നെന്നും പറയുക മാത്രമല്ല, പട്ടേല്‍ തങ്ങളില്‍ പെട്ടവനാണെന്ന് വ്യംഗ്യമായി സ്ഥാപിക്കാന്‍ ശ്രമിക്കുക കൂടി ചെയ്യുകയായിരുന്നു ഷാ. കോണ്‍ഗ്രസ്സിന് ഇതുവരെയും കാര്യക്ഷമമായി എതിര്‍ത്തു തോല്‍പ്പിക്കാന്‍ പറ്റാതിരുന്ന ഒന്നാണ് പട്ടേല്‍ സ്വാംശീകരണം. എന്നാല്‍, കാശ്മീര്‍ സംബന്ധിച്ച് ഷാ പറയുന്ന ചരിത്രം അന്ധമാണെന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

കാശ്മീരിനെ കൈവിടാതിരിക്കാന്‍ പട്ടേല്‍ ഏറെ ശ്രദ്ധാലുവായിരുന്നു എന്നതാണ് അമിത് ഷായുടെ വാദത്തിന്റെ കാതല്‍. എന്നാല്‍, അത് ശരിയല്ലെന്നാണ് ചരിത്രം പറയുന്നത്. കാശ്മീരിനെ പാകിസ്താന് വിട്ടുനല്‍കി ഹൈദരാബാദിനെ ഇന്ത്യ കൈവശം വെക്കുക എന്ന പദ്ധതിയാണ് പട്ടേല്‍ അവതരിപ്പിച്ചത്. ഇതിനെ ശക്തമായി എതിര്‍ത്തത് അമിത് ഷായും നരേന്ദ്രമോദിയും നിരന്തരമായി ലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്ന ജവാഹര്‍ലാല്‍ നെഹ്റുവെന്ന നേതാവായിരുന്നു. കാശ്മീര്‍ മതേതര ഇന്ത്യയില്‍ത്തന്നെ നിലനില്‍ക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കാശ്മീരിനെ പാകിസ്താനില്‍ ലയിപ്പിക്കാനുള്ള പദ്ധതി തരക്കേടില്ലാത്ത രീതിയില്‍ മുമ്പോട്ടു നീക്കുകയും ചെയ്തിരുന്നു പട്ടേല്‍. ഇത് സംബന്ധിച്ച് ഒരു കത്തും അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഗവര്‍ണറുമൊക്കെ ആയിരുന്ന ലിയാഖത് അലി ഖാന് ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ കൈവശം കൊടുത്തുവിട്ടിരുന്നുവെന്ന് കാശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സൈഫുദീന്‍ സോസ്, ദി പ്രിന്റ്‌ എഡിറ്റര്‍-ഇന്‍-ചീഫ് ശേഖര്‍ ഗുപ്തയുമായി നടത്തിയ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1947 ഒക്ടോബറില്‍ കാശ്മീരിലെ പാക് അധിനിവേശം തടയാനായി ഇന്ത്യന്‍ സൈന്യം ശ്രീനഗറില്‍ എത്തിയ ദിവസം തന്നെയായിരുന്നു ആ കത്ത് നല്‍കിയത്. ഹൈദരാബാദ് ഇന്ത്യക്ക് വേണം. കാശ്മീര്‍ എടുത്തോളൂ എന്നായിരുന്നു പട്ടേലിന്റെ സന്ദേശം. എന്നാല്‍ ഭൂമിശാസ്ത്രത്തെക്കുറിച്ച് വലിയ പിടിയില്ലാത്ത ലിയാഖത് അലി ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.

കാശ്മീര്‍ മതനിരപേക്ഷ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമായി നില്‍ക്കണം എന്ന നിര്‍ബന്ധം കാശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ നിന്നുള്ള നെഹ്രുവിനുണ്ടായിരുന്നു. നെഹ്രുവിന്റെ ഈ നിര്‍ബന്ധവും കാശ്മീരിലെ നേതാക്കളുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത സുഹൃദ്ബന്ധവും മാത്രമല്ല, കാശ്മീര്‍ തന്ത്രപ്രധാനമായ ഭൂപ്രദേശമാണെന്ന ബോധ്യവും നെഹ്റുവിനുണ്ടായിരുന്നു. തന്റെ ജന്മദേശത്തെ പാകിസ്താന് വിട്ടുകൊടുക്കാന്‍ നെഹ്റു ശ്രമിച്ചെന്നാണ് ഷാ വാദിക്കുന്നതെന്ന് ചുരുക്കം.

തുടക്കം മുതലേ കാശ്മീര്‍ പാകിസ്ഥാന് വിട്ടുതരാം എന്ന നിലപാടായിരുന്നു സര്‍ദാര്‍ പട്ടേലിനുണ്ടായിരുന്നത് എന്ന് സോസ് ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ട്ടീഷന്‍ കൗണ്‍സിലിലും ലിയാഖത് അലിയെ ഇത് ബോധ്യപ്പെടുത്താല്‍ പട്ടേല്‍ ശ്രമിച്ചു. പാകിസ്ഥാനുമായി ഭൂമിശാസ്ത്രപരമായി ഒരു ബന്ധവുമില്ലാത്ത ഹൈദരാബാദ് ഡെക്കാണ്‍ മേഖല ഞങ്ങള്‍ക്ക് വേണം, കാശ്മീര്‍ നിങ്ങളെടുത്തോളൂ എന്നായിരുന്നു പട്ടേലിന്റെ നിലപാട്. എന്നാല്‍ നെഹ്രു ഇതിനെ ശക്തമായി എതിര്‍ത്തു. നെഹ്രുവിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ പട്ടേലിന് കഴിഞ്ഞില്ല.

നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുള്ളവയുമായി നെഹ്രുവിന് നല്ല ബന്ധമുണ്ടായിരുന്നു. 1945ല്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സോപോര്‍ സെഷനില്‍ നെഹ്രു പങ്കെടുത്തിരുന്നു. കാശ്മീരിന്റെ ചരിത്രത്തെക്കുറിച്ച് നെഹ്രുവിന് നല്ല ധാരണയുണ്ടായിരുന്നു. ഷെയ്ഖ് അബ്ദുള്ള നെഹ്രുവിന്റെ അടുത്ത സുഹൃത്തായിരുന്നു. സ്വതന്ത്രമായി കാശ്മീരിന് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പാകിസ്ഥാന്റെ അധിനിവേശത്തോടെ മനസിലാക്കിയ ഷേയ്ഖ് അബ്ദുള്ള ഇന്ത്യയുമായി ചേരാന്‍ താത്പര്യപ്പെട്ടു. ഒരിക്കലും വിട്ടുപോകാന്‍ ആഗ്രഹിച്ചതുമില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമായി തുടരുന്ന കാലത്തോളം ഇന്ത്യയുടെ ഭാഗമായിരിക്കണം എന്ന് ഷേയ്ഖ് അബ്ദുള്ള ആഗ്രഹിച്ചിരുന്നു.

പട്ടേലിനെയും നെഹ്റുവിനെയും മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളെയും വെച്ചുള്ള കളി മോദി-ഷാ കൂട്ടുകെട്ട് തുടരുകയാണ്. എവിടെ അടിച്ചാലും കോണ്‍ഗ്രസ്സിന് നഷ്ടമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപിയുടെ ഈ നീക്കം. ഇതിനെ നേരിടാന്‍ കോണ്‍ഗ്രസ് ഇതുവരെയും ഒരു പദ്ധതി രൂപപ്പെടുത്തിയിട്ടില്ല. ഒറ്റപ്പെട്ട നിലയിലുള്ള പ്രത്യാക്രമണങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടാകുന്നത്. കോണ്‍ഗ്രസുകാരനായിരുന്ന പട്ടേല്‍ കാശ്മീരിനെ വിട്ടുകൊടുക്കാന്‍ ആലോചിച്ചുവെന്നത് പ്രതിവാദമായി ഉന്നയിക്കാന്‍ കോണ്‍ഗ്രസിനാകുകയുമില്ല. ഈ നിസ്സഹായാവസ്ഥയെ മറികടക്കാന്‍ ആവശ്യമായ ബൗദ്ധിക പിന്തുണയും ഇന്ന് കോണ്‍ഗ്രസ് ബഞ്ചുകളില്‍ ഇല്ല.

Also Read: പട്ടേലിന്റെ വാക്ക് കേട്ടില്ല; കശ്മീരിന്റെ മൂന്നിലൊന്ന് നെഹ്റു നഷ്ടമാക്കി: അമിത് ഷാ ലോക്സഭയിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍