X

മാധ്യമപ്രവർത്തകര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം: ഭീഷണി അരുതെന്ന് അറ്റോര്‍ണി ജനറലിനോട് എഡിറ്റേഴ്സ് ഗിൽഡ്

ഭീഷണികളെ അപലപിക്കുന്നതായും ഇത്തരം നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നും ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ഹരജികളിൽ‌ വാദം നടക്കവെ ദി ഹിന്ദു പത്രത്തിനും മറ്റു മാധ്യമങ്ങൾക്കുമെതിരെ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ഉയർത്തിയ ഭീഷണി പ്രസ്താവനയെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് രംഗത്ത്. ദി ഹിന്ദു പത്രം റാഫേൽ കരാറുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്ടിച്ചതാണെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്നും കെകെ വേണുഗോപാൽ കോടതിയിൽ വാദിച്ചിരുന്നു.

ഔദ്യോഗിക രഹസ്യ നിയമപ്രകാരം ദി ഹിന്ദുവും മറ്റു മാധ്യമങ്ങളുടെ ചെയ്തത് കുറ്റകൃത്യമാണോയെന്നതിലേക്ക് ഒരു അന്വേഷണം നടക്കുന്നതായും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചിരുന്നു. ഇത്തരം ഭീഷണികൾ മാധ്യമങ്ങളെ ഭയപ്പെടുത്താനും റിപ്പോർട്ട് ചെയ്യാനുള്ള അവരുടെ സ്വാതന്ത്ര്യത്തിന് തടയിടാനുമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കുന്നു.

ഔദ്യോഗിക രഹസ്യ നിയമം മാധ്യമപ്രവർത്തകർക്കു നേരെ പ്രയോഗിക്കുന്നത് തെറ്റാണെന്നും അത് അവരോട് തങ്ങളുടെ സോഴ്സിനെ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നതിനു തുല്യമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി.

ഭീഷണികളെ അപലപിക്കുന്നതായും ഇത്തരം നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നും ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.

This post was last modified on March 7, 2019 4:20 pm