X

ബിജെപി പ്രവർത്തകർ ഹനുമാൻ വേഷം കെട്ടി; 10,000 കിലോ പൂക്കൾ വർഷിച്ചു: അമിത് ഷായ്ക്ക് വൻ വരവേൽപ്പ്

ആകെ 42 ലോകസഭാ സീറ്റുകളാണ് പശ്ചിമബംഗാളിലുള്ളത്. ഇവയിൽ 31 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നു കഴിഞ്ഞു.

പതിനായിരം കിലോ പൂക്കൾ കൊണ്ടാണ് അമിത് ഷാ നീങ്ങുന്ന തെരുവുകൾ ബിജെപി പ്രവർത്തകർ അലങ്കരിച്ചതെന്ന് റിപ്പോർട്ടുകൾ. ശ്രീരാമകഥയിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾ കെട്ടിയ നൂറുകണക്കിനാളുകളും റാലിയിൽ പങ്കെടുത്തു. ജയ് ശ്രാരാം വിളികളോടെ രാമവേഷവും ഹനുമാൻ വേഷവും കെട്ടിയ പ്രവർത്തകർ നീങ്ങി.

ജാദവ്പൂരിൽ അമിത് ഷാ നടത്താനിരുന്ന റാലിക്ക് പശ്ചിമബംഗാൾ സർക്കാർ അനുമതി നിഷേധിച്ചതിനു ശേഷമാണ് ഇന്ന് കൊൽക്കത്തയിൽ റാലി നടന്നത്.

മധ്യ കൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ ഭവനത്തിൽ നിന്നാണ് അമിത് ഷായുടെ റാലി തുടങ്ങിയത്. വൈകീട്ട് 4.30ഓടെയായിരുന്നു തുടക്കം. കാവിക്കൊടികളും കാവിനിറത്തിലുള്ള ബലൂണുകളും വഴിയിലുടനീളം അലങ്കരിച്ചിരുന്നു. 10,000 കിലോ പൂക്കളാണ് ചടങ്ങിനു വേണ്ടി വാങ്ങിക്കൂട്ടിയതെന്നാണ് റിപ്പോർട്ട്. ടാബ്ലോകളും നർത്തകരും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണെത്തിയത്.

കൊൽക്കത്തയിൽ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള തരംഗമാണ് അമിത് ഷായുടെ റാലിയിൽ കാണാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

റാലിയിൽ പങ്കെടുത്തവർ തൃണമൂൽ കോൺഗ്രസ്സ് അടക്കമുള്ള ഇതര പാർട്ടികളുടെ പരസ്യബോർ‍ഡുകളും കൊടികളും നശിപ്പിച്ചാണ് മുമ്പോട്ടു നീങ്ങിയത്. എന്നാൽ തങ്ങളുടെ കൊടികൾ മമതാ ബാനർജിയുടെ ഗുണ്ടകൾ നശിപ്പിക്കുകയാണുണ്ടായതെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ ആരോപിച്ചു.

ഏപ്രിൽ 10ന് ആദ്യഘട്ട വോട്ടിങ് നടന്ന അന്നുമുതൽ സംസ്ഥാനത്ത് ഇരുരാഷ്ട്രീയ പാർട്ടികളും തമ്മിൽ വൻ സംഘർഷം നടന്നുവരികയാണ്. ആകെ 42 ലോകസഭാ സീറ്റുകളാണ് പശ്ചിമബംഗാളിലുള്ളത്. ഇവയിൽ 31 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നു കഴിഞ്ഞു. ബാക്കിയുള്ളവയിൽ 19ന് വോട്ടെടുപ്പ് നടക്കും.

This post was last modified on May 14, 2019 7:36 pm