X

ഹരിയാനയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് – എഎപി സഖ്യം? സീറ്റ് ഫോര്‍മുല അംഗീകരിക്കുന്നതായി എഎപി

ഡല്‍ഹിയില്‍ തങ്ങളുടെ മൂന്ന് സ്ഥാനാര്‍ത്ഥികളെ മാറ്റി ഈ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തയ്യാറാണ് എന്ന് എഎപി വ്യക്തമാക്കി.

ഹരിയാനയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യ സാധ്യത തുറക്കുന്നു. സീറ്റ് വിഭജനം സംബന്ധിച്ച കോണ്‍ഗ്രസ് നിര്‍ദ്ദേശം തങ്ങള്‍ അംഗീകരിക്കുന്നതായി എഎപി വ്യക്തമാക്കി. പാര്‍ട്ടി വക്താവ് ഗോപാല്‍ റായ് ആണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് ഏഴ്, ആം ആദ്മി പാര്‍ട്ടി ഒന്ന്, ജനനായക് ജനത പാര്‍ട്ടി രണ്ട് – ഇങ്ങനെയാണ് കോണ്‍ഗ്രസിന്റെ സീറ്റ് ഫോര്‍മുല. 10 ലോക് സഭ സീറ്റുകളാണ് ഹരിയാനയിലുള്ളത്.

ഞങ്ങള്‍ ഈ സീറ്റ് വിഭജനത്തില്‍ തൃപ്തരാണ്. കോണ്‍ഗ്രസിന്റെ മറുപടിക്കായി കാത്തിരിക്കുന്നു. ഡല്‍ഹിയില്‍ തങ്ങളുടെ മൂന്ന് സ്ഥാനാര്‍ത്ഥികളെ മാറ്റി ഈ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തയ്യാറാണ് എന്ന് എഎപി വ്യക്തമാക്കി. മേയ് 12നാണ് ഡല്‍ഹിയിലെ വോട്ടെടുപ്പ്. നേരത്തെ ഡല്‍ഹിയോട് ചേര്‍ന്ന ഹരിയാനയിലെ മൂന്ന് സീറ്റാണ് എഎപി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞയാഴ്ച ജെജെപിയുമായി എഎപി സഖ്യം രൂപീകരിച്ചിരുന്നു. ജെജപി നാല് സീറ്റിലും എഎപി മൂന്ന് സീറ്റിലും മത്സരിക്കാനാണ് ധാരണയിലെത്തിയിരുന്നത്.

നിലവില്‍ വെസ്റ്റ് ഡല്‍ഹിയില്‍ ബല്‍ബീര്‍ സിംഗ് ഝാക്കറാണ് എഎപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ഇന്നും ബാക്കിയുള്ള മൂന്ന് പേര്‍ തിങ്കളാഴ്ചയുമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കുകയായിരുന്നു. കോണ്‍ഗ്രസിന് അല്‍പ്പം കൂടി സമയം നീട്ടി നല്‍കാം എന്ന് വിചാരിച്ചാണ് തീരുമാനം എന്ന് ഗോപാല്‍ റായ് പറഞ്ഞു. സഖ്യമുറപ്പിച്ചാല്‍ പിന്‍വലിക്കാന്‍ പോകുന്ന മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കും എന്ന് ഗോപാല്‍ റായ് വ്യക്തമാക്കിയില്ല. അതേസമയം സഖ്യം സംബന്ധിച്ച് എഎപി നേതൃത്വത്തില്‍ നിന്ന് ഇനിയും വിവരം ലഭിച്ചിട്ടില്ല എന്നാണ് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പറഞ്ഞത്.

ഡല്‍ഹിയില്‍ സഖ്യം വേണമെങ്കില്‍ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന് എഎപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. ഷീല ദീക്ഷിത് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് എഎപിയുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചിരുന്നു.

സഖ്യമുണ്ടാകുമെന്നും ഇല്ലെന്നുമുള്ള വിരുദ്ധ പ്രസ്താവനകള്‍ക്കും നിലപാട് മാറ്റങ്ങള്‍ക്കും ശേഷമാണ് കോണ്‍ഗ്രസ് ഇത്തരമൊരു നിലപാടിലെത്തിയത്. പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജിയുടേയും ശരദ് പവാറിന്റേയും അടക്കമുള്ള ശക്തമായ സമ്മര്‍ദ്ദങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അവസാനം കോണ്‍ഗ്രസ് തയ്യാറായപ്പോള്‍ സഖ്യമുണ്ടെങ്കില്‍ ഡല്‍ഹിയില്‍ മാത്രമായി ഉണ്ടാകില്ല എന്ന നിലാപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഈ സീറ്റുകളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് മാറ്റിവയ്ക്കാന്‍ തയ്യാറാണ് എന്ന് ഗോപാല്‍ റായ് വ്യക്തമാക്കി.

തങ്ങള്‍ സഖ്യത്തിന് തയ്യാറാണെന്നും എന്നാല്‍ മുഖ്യമന്ത്രി കെജ്രിവാള്‍ പിന്തിരിഞ്ഞതായും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കോണ്‍ഗ്രസാണ് സഖ്യം തകര്‍ത്തത് എന്ന് കെജ്രിവാളും പറഞ്ഞിരുന്നു. കോണ്‍ഗ്രസാണ് സഖ്യം ഇല്ലാതാക്കിയത് എന്നും ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബിജെപിയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് ആരുടേയും സഹായം ആവശ്യമില്ലെന്നും എഎപി നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. ഹരിയാനയിലും പഞ്ചാബിലും സഖ്യം സാധ്യമല്ല എന്നാണ് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയത്.

കോണ്‍ഗ്രസും എഎപിയയും മൂന്ന് സീറ്റ് വീതം, ഒരു സീറ്റില്‍ സ്വതന്ത്രന്‍ എന്നാണ് കോണ്‍ഗ്രസ് ആദ്യം മുന്നോട്ട് വച്ച് സീറ്റ് ഫോര്‍മുല. എന്നാല്‍ എഎപി ഇത് അംഗീകരിച്ചില്ല. എഎപി അഞ്ച് കോണ്‍ഗ്രസ് രണ്ട് എന്നിങ്ങനെയായിരുന്നു എഎപിയുടെ ആദ്യത്തെ സീറ്റ് ഫോര്‍മുല. പിന്നീട് കോണ്‍ഗ്രസിന് മൂന്ന് സീറ്റ് തരാം എന്ന നിലയിലേയ്ക്ക് എഎപി മാറി. അപ്പോളും ഷീല ദീക്ഷിതും അജയ് മാക്കനുമടക്കമുള്ള നേതാക്കള്‍ ശക്തമായി എഎപി സഖ്യത്തെ എതിര്‍ക്കുകയായിരുന്നു. അജയ് മാക്കന്‍ പിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചത് തന്നെ എഎപിയുമായുള്ള സഖ്യ നീക്കത്തില്‍ പ്രതിഷേധിച്ചാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അജയ് മാക്കന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളുമാണ്.

This post was last modified on April 20, 2019 2:02 pm