X

ആളില്ലാത്ത മലകളെയും ശൂന്യമായ തടാകത്തെയും കൈവീശി അഭിവാദ്യം ചെയ്ത് മോദി; ചിരിച്ച് വയറുളുക്കി സോഷ്യൽ മീഡിയ

ബോട്ടുടമകളുടെ അസോസിയേഷൻ ഭാരവാഹികൾ പറയുന്നതു പ്രകാരം സ്ഥലത്ത് ഒരു കുഞ്ഞു പോലും ഉണ്ടായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീർ സന്ദർശനം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ രാഷ്ട്രീയപ്രാധാന്യമല്ല പക്ഷെ ചർച്ച. ഡാൽ തടാകത്തിൽ ഒരു ബോട്ടിൽ കയറി മോദി നടത്തിയ ഉല്ലാസയാത്രയിലുണ്ടായ ചില സംഭവങ്ങളാണ് ചർച്ചയ്ക്കു കാരണമായിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു തടാകയാത്ര. ബോട്ടിൽ കയറിയ മോദി പർവ്വതങ്ങളെ നോക്കി കൈവീശിക്കാണിക്കാൻ തുടങ്ങി. അവിടെ ആരിരിക്കുന്നു എന്നതാണോ സോഷ്യൽ മീഡിയയുടെ ചോദ്യം. കശ്മീർ താഴ്‌വരയിൽ ഇപ്പോഴും ചിരി അടങ്ങിയിട്ടില്ലെന്നാണ് വിവരം.

എഎൻഐ വാർത്താ ഏജൻസിയാണ് ഈ വീഡിയോ പിടിച്ചത്. ബോട്ടിലുള്ള മോദിയുടെ സെക്യൂരിറ്റി ജീവനക്കാര മാത്രമാണ് സ്ഥലത്ത് മനുഷ്യരായിട്ടുള്ളത്. അടുത്തെങ്ങും വേറെ ബോട്ടുകളില്ല. മോദി കൈ വീശിക്കാണിക്കുന്നിടത്തെല്ലാം പർവ്വതങ്ങൾ തലയുയർത്തി നിൽക്കുന്നു.

പരിഹാസവുമായി രംഗത്തെത്തിയവരിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുമുണ്ട്. കാമറ കൈകാര്യം ചെയ്തയാളെയാണ് ഒമർ പഴിക്കുന്നത്. ശൂന്യമായ തടാകത്തെ നോക്കി ഇന്ത്യയുടെ പ്രധാനമന്ത്രി കൈവീശിക്കാണിക്കില്ലെന്നും ജനങ്ങൾ ആരവത്തോടെ തിരിച്ച് കൈവീശുന്നത് കാമറാമാൻ പകർത്താതിരുന്നതാണെന്നും അദ്ദേഹം കളിയാക്കി.

ബോട്ടുടമകളുടെ അസോസിയേഷൻ ഭാരവാഹികൾ പറയുന്നതു പ്രകാരം സ്ഥലത്ത് ഒരു കുഞ്ഞു പോലും ഉണ്ടായിരുന്നില്ല. കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്നും ഒരു പക്ഷിയെപ്പോലും പറക്കാനനുവദിക്കാത്ത വിധം കർശനമായിരുന്നു അതെന്നുമാണ് ഇവര്‍ പറയുന്നത്. അപ്പോൾ മോദി ആരെയായിരിക്കും കൈവീശി അഭിവാദ്യം ചെയ്തിരിക്കുക?

This post was last modified on February 5, 2019 4:31 pm