X

തെരഞ്ഞെടുപ്പിലേക്ക് 30 ദിവസം ബാക്കി; മോദി വിമർശകന്റെ പേജ് 30 ദിവസത്തേക്ക് തടഞ്ഞുവെച്ച് ഫേസ്ബുക്ക്

ഈ ഉപകാരത്തിന് എന്ത് പ്രതിഫലമായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും ഫേസ്ബുക്കിന് കിട്ടുന്നുണ്ടാവുക എന്ന് ചിലർ ഈ ട്വീറ്റുകൾക്ക് പ്രതികരണമായി ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് തനിക്ക് 30 ദിവസത്തേക്ക് നിരോധനമേർപ്പെടുത്തിയതിനു പിന്നിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയുള്ള ധ്രുവ് രതീയുടെ ട്വീറ്റ് ചർച്ചയാകുന്നു. തന്റെ പേജിന്റെ എൻഗേജ്മെന്റ് റേറ്റ് മോദിയുടെ പേജിന്റെയും ബിജെപി പ്രചാരണ പേജുകളുടെയും ഒപ്പം നിൽക്കുന്നതാണെന്ന ഫേസ്ബുക്ക് തന്നെ നൽകിയ വിവരത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ധ്രുവിന്റെ പോസ്റ്റ്. ഒരാഴ്ചത്തെ ധ്രുവിന്റെ എൻഗേജ്മെന്റ് റേറ്റ് 2.8 മില്യൺ ആണ്. നരേന്ദ്രമോദിയുടെ ഔദ്യോഗിക പേജിന്റെ എൻഗേജ്മെന്റ് റേറ്റ് 3.2 മില്യൺ‍ ആണെന്നിരിക്കെയാണിത്.

തന്നെ ബാൻ ചെയ്തതിന്റെ കാരണം ഫേസ്ബുക്ക് പറയുന്നത് എന്താണെന്നും സ്ക്രീൻ ഷോട്ട് സഹിതം ധ്രുവ് വ്യക്തമാക്കിയിട്ടുണ്ട്. അഡോൾഫ് ഹിറ്റ്ലറുടെ ജീവചരിത്രം ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയയിൽ നിന്നെടുത്ത് ഉദ്ധരിച്ചതാണ് ഫേസ്ബുക്കിന് പറ്റാതിരുന്നത്. ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയയിൽ നൽകിയ വസ്തുകൾ വെച്ച് പൊതുജനങ്ങളെ ഉദ്ബുദ്ധരാക്കുന്നത് ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേഡ്സിന് വിരുദ്ധമാണോയെന്ന് ധ്രുവ് അത്ഭുതപ്പെടുന്നു. ഈ വരികളിൽ ഒന്നുപോലും അധിക്ഷേപകരമായതല്ല. എന്നിട്ടും എന്തുകൊണ്ടാണ് ഫേസ്ബുക്ക് ഈ നടപടിക്ക് മുതിര്‍ന്നതെന്ന അത്ഭുതവും ധ്രുവ് പങ്കുവെച്ചു.

ഈ ഉപകാരത്തിന് എന്ത് പ്രതിഫലമായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും ഫേസ്ബുക്കിന് കിട്ടുന്നുണ്ടാവുക എന്ന് ചിലർ ഈ ട്വീറ്റുകൾക്ക് പ്രതികരണമായി ചോദിക്കുന്നുണ്ട്.

ധ്രുവിന്റെ ഏറ്റവും പുതിയ ട്വീറ്റിൽ ഫേസ്ബുക്ക് തങ്ങൾക്ക് സംഭവിച്ച അബദ്ധം വ്യക്തമാക്കി മെസ്സേജയച്ചതിന്റെ സ്ക്രീൻ ഷോട്ട് കാണാം. കമ്മ്യൂണിറ്റി സ്റ്റാൻഡേഡ്സിന് വിരുദ്ധമെന്ന് കണ്ട് നീക്കം ചെയ്ത പോസ്റ്റിൽ അത്തരത്തിൽ യാതൊന്നും ഇല്ലെന്ന് കണ്ടെത്തിയെന്നും അബദ്ധം സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇതിൽ ഫേസ്ബുക്ക് പറയുന്നുണ്ട്. ധ്രുവിന്റെ പേജ് തടഞ്ഞുവെച്ചതിൽ ഇതിനകം തന്നെ വൻ പ്രതിഷേധം ഉയർന്നു കഴിഞ്ഞിരുന്നു. മാധ്യമങ്ങളിൽ വാർത്തകളും വന്നുതുടങ്ങി.

യൂടൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും സാമൂഹ്യപ്രശ്നങ്ങളിൽ പ്രതികരിക്കുന്നയാളാണ് 23കാരനായ ധ്രുവ്. ഇദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് വലിയ പിന്തുണ ഈ പ്ലാറ്റ്ഫോമുകളിലുണ്ട്.

This post was last modified on March 19, 2019 10:59 am