X

2014 മുതല്‍ കർഷകർക്ക് ലാത്തിച്ചാർജ് ഏൽക്കേണ്ടി വന്നിട്ടില്ല: ബജറ്റ് കാർഷിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്ന ആരോപണത്തിന് ധനമന്ത്രിയുടെ മറുപടി

സാമ്പത്തിക വ്യവസ്ഥയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവന്നാണ് 5 ട്രില്യൺ ഇക്കണോമി എന്ന ലക്ഷ്യം സാധിക്കാൻ പോകുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.

രാജ്യത്തെ നിക്ഷേപം വർധിപ്പിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത തന്റെ ബജറ്റ് പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ അവകാശപ്പെട്ടു. ബജറ്റിന്മേൽ പാർലമെന്റിൽ മറുപടി പറയുകയായിരുന്നു മന്ത്രി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെക്കുറിച്ചുള്ള ചിത്രവും ബജറ്റ് നൽകുന്നു. യാഥാർത്ഥ്യബോധത്തോടു കൂടിയുള്ള ലക്ഷ്യങ്ങളാണ് 5 ട്രില്യൺ ഡോളർ വളർച്ച ലക്ഷ്യമിടുന്ന തന്റെ ബജറ്റിലുള്ളതെന്നും മന്ത്രി അവകാശപ്പെട്ടു.

സാമ്പത്തിക വ്യവസ്ഥയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവന്നാണ് 5 ട്രില്യൺ ഇക്കണോമി എന്ന ലക്ഷ്യം സാധിക്കാൻ പോകുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു. ബജറ്റിലെ ഈ അവകാശവാദത്തെ പരിഹസിച്ച് സാമ്പത്തികശാസ്ത്രത്തിൽ ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും പിഎച്ച്ഡി നേടിയിട്ടുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തു വന്നിരുന്നു. യാഥാർത്ഥ്യ ബോധമുള്ള ലക്ഷ്യമല്ല ഇതെന്ന വിമർശനം മറ്റ് സാമ്പത്തിക ശാസ്ത്ര വിദഗ്ധരും ഉന്നയിക്കുന്ന ഘട്ടത്തിലാണ് നിർമല സീതാരാമന്റെ ഈ വിശദീകരണം. കൂടുതല്‍ തൊഴിലുകൾ സൃഷ്ടിച്ചും, രാജ്യത്ത് വ്യവസായങ്ങൾ പ്രോത്സാഹിപ്പിച്ചും ഈ ലക്ഷ്യം 2022ഓടെ നേടിയെടുക്കുമെന്ന് അവർ പറഞ്ഞു.

കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽ നിന്നും 25 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടു വന്നിരിക്കുന്നത് ഇതേ ലക്ഷ്യം കണ്ടാണെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.

കർഷക ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുമ്പോൾ പ്രസ്തുത പ്രശ്നത്തെ അഭിസംബോധന ചെയ്യുന്ന യാതൊന്നും ബജറ്റിലില്ലെന്ന വിമർശനത്തെയും നിർമല സീതാരാമൻ സഭയിൽ നേരിട്ടു. 2014 മുതൽ കർഷകർക്ക് ലാത്തിച്ചാർജ് ഏൽക്കേണ്ടി വന്നിട്ടില്ലെന്ന് അവർ പറഞ്ഞു. ഈ വർഷത്തെ ബജറ്റ് ഭൂരിഭാഗവും കാർഷികകേന്ദ്രിതമാണെന്നും അവർ അവകാശപ്പെട്ടു. രണ്ടായിരത്തി ഇരുപത്തിരണ്ടാനമാണ്ടോടെ വലിയ പരിവർത്തനം കർഷകരുടെ ജീവിതത്തിലുണ്ടാകും. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. തങ്ങളുടെ പുതിയ താങ്ങുവില നയവും കർഷകർക്ക് അനുകൂലമാണെന്ന് അവർ വിശദീകരിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം ഇപ്രകാരമായിരുന്നു: “2018 ബേസ് ഇയറാക്കി 2022ഓടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നത്. അതായത് കാർഷികരംഗത്തിന്റെ മൊത്ത ശരാശരി വളർച്ചാ നിരക്ക് 18 ശതമാനത്തിൽ എത്തിക്കുക എന്ന്. നിലവില്‍ കാർഷിക വരുമാന വളർച്ച വെറും 2 ശതമാനമാണെന്നതോർക്കണം. ധനമന്ത്രാലയത്തിന്റേത് മധുരമുള്ള സ്വപ്നങ്ങളാണ്.”

പണപ്പെരുപ്പവും വിലക്കയറ്റവും താഴ്ന്നതായും നിർമല സീതാരാമൻ അവകാശപ്പെട്ടു.

This post was last modified on July 10, 2019 5:49 pm