X

പ്രശസ്ത അവതാരകയും എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ഫയെ ഡിസൂസ രാജിവച്ചു; മിറര്‍ നൗവിനെയും ടൈംസ് നൗ ‘ഏറ്റെടുക്കുന്നോ?’

ടൈംസ് ഗ്രൂപ്പ് സര്‍ക്കാര്‍ അനുകൂലമായി പ്രവര്‍ത്തിക്കുമ്പോഴും രാജ്യത്ത് നടക്കുന്ന വിദ്വേഷ കൊലകള്‍ക്കും മുസ്ലിങ്ങള്‍ക്കെതിരായ പ്രചാരണത്തിനുമെതിരെയുള്ള ചര്‍ച്ചകളാണ് ദി അര്‍ബന്‍ ഡിബേറ്റിലൂടെ ഇവര്‍ നയിച്ചിരുന്നത്.

മിറർ നൗ എക്സിക്യുട്ടീവ് എഡിറ്റർ സ്ഥാനത്തു നിന്നും ഫയ ഡിസൂസ രാജി വെച്ചെന്ന് റിപ്പോർട്ട്. മാനേജിങ് എഡിറ്ററായി വിനയ് തിവാരിയെ നിയമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ടൈംസ് നൗ ചാനലിന്റെ ഇൻപുട്ട് ഹെഡ്ഡും വൈസ് പ്രസിഡണ്ടുമായ ഹെക്റ്റർ കെന്നത്തിനെ മിറർ നൗ-വിന്റെ കൂടി ഇൻപുട്ട് ചുമതല ഏൽപ്പിച്ചിട്ടുണ്ട്.

സ്ഥാപനത്തിൽ കാര്യമായ പുനക്രമീകരണങ്ങൾ നടക്കുന്നതായാണ് വിവരം. സാങ്കേതിക വിഭാഗത്തിലെ ചിലരെ ഒഴിവാക്കുന്നായും റിപ്പോർട്ടുണ്ട്. 2017ലാണ് ഫയെ ഡിസൂസയെ ചാനൽ മേധാവിയായി നിയമിച്ചത്. ഇവരുടെ പ്രകടനം ഏറെ മികച്ചതായിരുന്നെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ‘ദി അര്‍ബൻ ഡിബേറ്റ്’ എന്ന ഇവരുടെ ഷോയും ജനപ്രിയമായിരുന്നു. വലിയ ആരാധകവൃന്ദവും ഇവർക്കുണ്ട്.

അതേസമയം ടൈംസ് നെറ്റ് വര്‍ക്കുമായുള്ള തന്റെ സഹകരണവും ഷോകളുടെ അവതരണവും തുടരുമെന്നും മിറര്‍ നൗവിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഫയെ ഡിസൂസ വ്യക്തമാക്കുന്നു. ഇന്ത്യയിലെ യുവാക്കള്‍ക്ക് വേണ്ടി തന്റെ സ്വതന്ത്രമായ ശേഷിയില്‍ ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. മിറര്‍ നൗവിലൂടെ ശക്തമായ ശബ്ദം ഉയര്‍ത്താന്‍ സഹായിച്ച ടൈംസ് നെറ്റ് വര്‍ക്കിന് നന്ദി. പ്രോഗ്രാം തുടരാന്‍ അവരുടെ പിന്തുണ ഭാവിയിലും താന്‍ പ്രതീക്ഷിക്കുന്നെന്നും ട്വിറ്ററില്‍ ഫയെ കുറിച്ചു.

ടൈംസ് ഗ്രൂപ്പ് സര്‍ക്കാര്‍ അനുകൂലമായി പ്രവര്‍ത്തിക്കുമ്പോഴും രാജ്യത്ത് നടക്കുന്ന വിദ്വേഷ കൊലകള്‍ക്കും മുസ്ലിങ്ങള്‍ക്കെതിരായ പ്രചാരണത്തിനുമെതിരെയുള്ള ചര്‍ച്ചകളാണ് ദി അര്‍ബന്‍ ഡിബേറ്റിലൂടെ ഇവര്‍ നയിച്ചിരുന്നത്. ടൈംസ് നൗ, റിപ്പബ്ലിക് തുടങ്ങിയ ചാനലുകള്‍ മോദി സര്‍ക്കാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോഴും ഇവരുടെ ഈ ഷോ ഏറെ വേറിട്ട് നിന്നിരുന്നു. ടൈംസ് ഗ്രൂപ്പിന്റേത് തന്നെയാണ് മിറര്‍ നൗ ചാനലുമെങ്കിലും തീര്‍ത്തും വ്യത്യസ്ഥമായ രാഷ്ട്രീയ നിലപാടുകളാണ് ഇരു ചാനലുകളും പുലര്‍ത്തിയിരുന്നത്. എന്നാല്‍ ടൈംസ് നൗ ചാനല്‍ മിറര്‍ ചാനലിനെ ഏറ്റെടുക്കുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നാണ് ചാനലിന്റെ എഡിറ്റോറിയല്‍ നേതൃത്വ മാറ്റം നല്‍കുന്ന സൂചന. ഫയെയുടെ പ്രസ്താവനയും ഇത് സ്ഥിരീകരിക്കുന്നു.

also read:’28 വര്‍ഷമായി ജോലിചെയ്യുന്നയാള്‍ക്ക് 18,000 രൂപ ശമ്പളം, ശാഖകള്‍ പൂട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാല്‍ സമരം തീരില്ല’; നിലപാടിലുറച്ച് മുത്തൂറ്റ് ജീവനക്കാര്‍

This post was last modified on September 10, 2019 5:19 pm