X

‘റോ’യെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപണം: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ കത്ത്

അന്‍സാരി അംബാസഡറായിരുന്ന 1990-92 കാലത്ത് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് പരാതിക്കാരായ ഉദ്യോഗസ്ഥര്‍.

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) തകര്‍ക്കാന്‍ ശ്രമിച്ചു എന്ന ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ റോ ഉദ്യോഗസ്ഥരുടെ കത്ത്.
ഹമീദ് അന്‍സാരിക്കെതിരെ അന്വേഷണം വേണമന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.
ഇറാനില്‍ ഇന്ത്യന്‍ അംബാസഡറായിരിക്കെ ഹമീദ് അന്‍സാരി റോയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ദ സണ്‍ഡേ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അന്‍സാരി അംബാസഡറായിരുന്ന 1990-92 കാലത്ത് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് പരാതിക്കാരായ ഉദ്യോഗസ്ഥര്‍. ഇന്ത്യയുടെ ദേശീയ താല്‍പര്യം സംരക്ഷിച്ചില്ലെന്നും ഇതിന് പകരം ഇറാന്‍ ഗവണ്‍മെന്റുമായും ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്‍സി സവാകുമായും (SAVAK) സഹകരിച്ച് റോയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ സവാക് തട്ടിക്കൊണ്ടുപോയ നാല് സംഭവങ്ങളുണ്ടായി. എന്നാല്‍ അന്‍സാരി ഇതില്‍ ഒന്നും ചെയ്തില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 2010ല്‍ റോയില്‍ നിന്ന് വിരമിച്ച എന്‍കെ സൂദ് ആണ് ഒരു പരാതിക്കാരന്‍. അന്‍സാരി ഇറാനിലെ റോ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തണം എന്ന് അന്‍സാരി ആവശ്യപ്പെട്ടു എന്ന് സൂദ് ആരോപിക്കുന്നു.

യഥാര്‍ത്ഥത്തില്‍ സവാക് 1979ലെ ഇസ്ലാമിക വിപ്ലവത്തില്‍ ഷാ ഭരണകൂടം പുറത്തായതോടെ ഇല്ലാതായിരുന്നു. പിന്നീട് ഇതിന് പകരമായി വന്നത് അമ്‌നിയാത് മെല്ലി ഇ ഇറാന്‍ എന്ന സംഘടനയാണ്. അതേസമയം റോ അടക്കമുള്ള ഏജന്‍സികള്‍ തുടര്‍ന്നും ഇതിനെ സവാക് എന്നാണ് വിളിച്ചുപോരുന്നത്. 1991 മേയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനായ സന്ദീപ് കപൂറിനെ ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ വച്ച് തട്ടിക്കൊണ്ടുപോയിരുന്നു. അന്‍സാരി ഇക്കാര്യമറിഞ്ഞിട്ടും ഇത് അവഗണിച്ചു എന്നാണ് ആരോപണം. ദുബായിലുണ്ടായിരുന്ന റോ സ്‌റ്റേഷന്‍ ചീഫ് ഉടന്‍ തിരിച്ചെത്തി അടിയന്തര സാഹചര്യം അന്‍സാരിയെ ധരിപ്പിച്ചെങ്കിലും അന്‍സാരി ഇത് അവഗണിച്ചു എന്ന് സൂദ് ആരോപിക്കുന്നു.

സന്ദീപ് കപൂറിനെ കണ്ടെത്താന്‍ അന്‍സാരി നടപടിയൊന്നും എടുത്തില്ല എന്ന് മാത്രമല്ല ന്യൂഡല്‍ഹിയിലേയ്ക്ക് സന്ദീപിനെതിരെ റിപ്പോര്‍ട്ട് അയയ്ക്കുകയും ചെയ്തു. സന്ദീപിന് ഒരു ഇറാനിയന്‍ സ്ത്രീയുമായി ബന്ധമുണ്ടെന്നും സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുമാണ് വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അന്‍സാരി പറയുന്നത്. സവാകിന് തട്ടിക്കൊണ്ടുപോകലില്‍ പങ്കുണ്ട് എന്ന റോ നല്‍കിയ വിവരം അന്‍സാരി റിപ്പോര്‍ട്ടില്‍ മറച്ചുവച്ചുവെന്നും സൂദ് പറയുന്നു.

സവാകിന് തട്ടിക്കൊണ്ടുപോകലില്‍ പങ്കുണ്ട് എന്ന റോ നല്‍കിയ വിവരം അന്‍സാരി റിപ്പോര്‍ട്ടില്‍ മറച്ചുവച്ചുവെന്നും സൂദ് പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം സന്ദീപ് കപൂര്‍ റോഡരികില്‍ കിടക്കുന്നതായി ഒരു അഞ്ജാതന്‍ ഇന്ത്യന്‍ എംബസിയെ ഫോണില്‍ അറിയിച്ചു. ഇറാനിയന്‍ ഫോറിന്‍ ഓഫീസിനെ പ്രതിഷേധം അറിയിക്കണമെന്ന് റോ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അന്‍സാരി വഴങ്ങിയില്ല.

1991 ഓഗസ്റ്റില്‍ ഇറാനിലെ തീര്‍ത്ഥാടന കേന്ദ്രമായ ഖോം സന്ദര്‍ശിച്ചിരുന്ന കാശ്മീരി യുവാക്കളെ റോ നിരീക്ഷിച്ചുവരുകയായിരുന്നു. ഇവര്‍ ആയുധ പരിശീലനം നടത്തിയിരുന്നതായി റോ കണ്ടെത്തി. അന്‍സാരിക്ക് ഈ വിവരം നല്‍കരുത് എന്ന് മുന്‍ റോ സ്‌റ്റേഷന്‍ ഓഫീസര്‍ ഉപദേശം നല്‍കിയിരുന്നെങ്കിലും ഇത് അവഗണിച്ച് പുതിയ സ്റ്റേഷന്‍ ഓഫീസര്‍ കാര്യം അന്‍സാരിയെ അറിയിച്ചു. കാശ്മീരി യുവാക്കളുടെ ആയുധ പരീശിലനത്തിനെതിരായ ഓപ്പറേഷന്‍ നടത്തിയിരുന്ന റോ ഉദ്യോഗസ്ഥന്‍ ഡിബി മാഥുറിന്റെ വിവരങ്ങള്‍ ഹമീദ് അന്‍സാരി ഇറാനിയന്‍ ഫോറിന്‍ ഓഫീസിന് നല്‍കി. ഫോറിന്‍ ഓഫീസ് ഇത് സവാകിന് കൈമാറി. മാഥുറിനെ ഇന്ത്യന്‍ എംബസിയിലേയ്ക്ക് വരവേ സവാക് പിടികൂടി. ഈ സംഭവത്തിലും അന്‍സാരി നടപടിയൊന്നും എടുത്തില്ലെന്നും സൂദ് ആരോപിക്കുന്നു. റോ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അന്നത്തെ ബിജെപി നേതാവ് എബി വാജ്‌പേയിയെ അറിയിച്ചെന്നും അദ്ദേഹം ഈ വിവരം ഇക്കാര്യം പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനെ അറിയിച്ചെന്നും ഇതേ തുടര്‍ന്നാണ് ഡിബി മാഥുറിനെ മോചിപ്പിക്കാന്‍ കഴിഞ്ഞതെന്നുമാണ് മുന്‍ റോ ഉദ്യോഗസ്ഥന്‍ പറയുന്നത്.

പാകിസ്താന്‍ അംബാസഡറെ ഹമീദ് അന്‍സാരി ഇടയ്ക്കിടെ കാണുകയും ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമായിരുന്നു. ഈ കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് അന്‍സാരി വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല എന്ന് മുന്‍ റോ ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നു. യുഎഇ, ബഹ്രൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡറുമായി ബന്ധപ്പെട്ട അന്‍സാരി ഇവിടങ്ങളിലെ റോയുടെ പ്രവര്‍ത്തനം തടയാനും തകര്‍ക്കാനും ശ്രമിച്ചു. 1993ലെ ബോംബോ സ്‌ഫോടന പരമ്പരയുടെ സമയത്ത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവര്‍ത്തനം നിഷ്‌ക്രിയമായത് ഇതേ തുടര്‍ന്നാണ് എന്നും സൂദ് സണ്‍ഡേ ഗാര്‍ഡിയനോട് പറഞ്ഞു. ഹമീദ് അന്‍സാരിയെ 1993ല്‍ ഇറാനില്‍ നിന്ന് മാറ്റിയപ്പോള്‍ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥര്‍ ആഘോഷിച്ചതായും സൂദ് പറയുന്നു.

റോ സ്‌റ്റേഷന്‍ ചീഫ് ആയിരുന്ന പികെ വേണുഗോപാലിനെ സവാക് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവമുണ്ടായി. ഒരു ഇറാനിയന്‍ സ്ത്രീയോടൊപ്പം സ്ഥലങ്ങള്‍ കാണാന്‍ പോയപ്പോളായിരുന്നു ഇത്. അന്‍സാരി ഈ സംഭവത്തില്‍ ഇറാന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയില്ല. പകരം വേണുഗോപാലിനെ ഇറാനില്‍ നിന്ന് തിരികെ വിളിക്കണമെന്നും സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അതേസമയം ഇറാനിയന്‍ സ്ത്രീ വേണുഗോപാലിനെ കാണാന്‍ ഇന്ത്യയിലെത്താന്‍ വിസ തേടിപ്പോള്‍ റോ അത് തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് അവഗണിച്ച് അന്‍സാരി ഇടപെട്ട് വിസ അനുവദിച്ചു.

ടെഹ്‌റാനില്‍ ഇന്ത്യന്‍ അംബാസഡറുടെ വസതിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്ന മുഹമ്മദ് ഉമറിനെ സവാക് തട്ടിക്കൊണ്ടുപോവുകയും മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്‍സാരി ഇതിലെ വസ്തുത അന്വേഷിക്കണം എന്നാണ് ആവശ്യപ്പെട്ടത്. മുഹമ്മദ് ഉമര്‍ നിരപരാധിയാണ് എന്ന് റോ പറഞ്ഞിട്ടും അന്‍സാരിയുടെ ആവശ്യപ്രകാരം ഉമറിനെ ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചു. ഉമറിനെ വിദേശത്ത് പോസ്റ്റ് ചെയ്യരുത് എന്ന് അന്‍സാരി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

500 യുഎസ് ഡോളര്‍ വാങ്ങി ഇറാനിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃതമായി ഇന്ത്യന്‍ വിസ അനുവദിച്ചിരുന്ന ഒരു ഫസ്റ്റ് സെക്രട്ടറി 10 വര്‍ഷത്തോളം ഇറാനില്‍ പ്രവര്‍ത്തിച്ചിരുന്നു. വിസ അപേക്ഷയ്ക്കായി ഇറാനിയന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ ശുപാര്‍ശക്കത്തുകള്‍ സമര്‍പ്പിച്ചിരുന്നു. ഈ യൂണിവേഴ്‌സിറ്റികള്‍ നിലവിലില്ലാത്തതായിരുന്നു. ഇക്കാര്യങ്ങളെല്ലാം റോ അന്‍സാരിയെ ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

സംഘപരിവാറിന്റേയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകനായ ഹാമിദ് അന്‍സാരി മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും പരോക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും അതൃപ്തി പിടിച്ചുപറ്റുകയും ചെയ്തിരുന്നു. 2017 ഓഗസ്റ്റിലും ഉദ്യോഗസ്ഥര്‍ ഹമീദ് അന്‍സാരിക്കെതിരെ മോദിക്ക് പരാതി നല്‍കിയിരുന്നു. സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഹമീദ് അന്‍സാരിക്കെതിരെ റോ വിഷയവുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം തുടങ്ങിയിട്ടുണ്ട്.

This post was last modified on July 8, 2019 11:29 am