X

ഭീകരവാദമുപേക്ഷിച്ച് ഇന്ത്യൻ പട്ടാളത്തിൽ ചേർന്ന് മരണം വരിച്ച നാസിർ അഹ്മദ് വാനിക്ക് മരണാനന്തര ബഹുമതിയായി അശോക ചക്ര

ഒരിക്കൽ ഭീകരവാദിയായിരുന്നു ലാൻസ് നായിക്ക് നാസിർ അഹ്മദ് വാനി. പിന്നീട് തീവ്രവാദബന്ധമുപേക്ഷിച്ച് ഇന്ത്യൻ പട്ടാളത്തിൽ ചേർന്നു. ഭീകരവാദികൾക്കെതിരെ പോരാടി. 2018 നവംബർ മാസത്തിൽ നടന്ന ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഇദ്ദേഹം കൊല്ലപ്പെട്ടു.

സമാധാനകാലത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോക ചക്ര നൽകി മരണാനന്തര ആദരവ് നൽകുകയാണ് വാനിക്ക് രാജ്യം. ജമ്മു കശ്മീരിൽ ഭീകരവാദികളുമായി വാനി ഉൾപ്പെട്ട സൈനിക സംഘം നടത്തിയ ഏറ്റുമുട്ടലിനിടയിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ ഏറ്റുമുട്ടലിൽ ആറ് ഭീകരവാദികളും കൊല്ലപ്പെട്ടിരുന്നു.

പ്രസ്തുത ഏറ്റുമുട്ടലിൽ ലാൻസ് നായിക്ക് വാനി അസാമാന്യമായ ധീരതയോടെ പോരാടിയെന്ന് പ്രസിഡണ്ടിന്റെ സെക്രട്ടേറിയറ്റിൽ നിന്നുള്ള വാർത്താക്കുറിപ്പ് പറഞ്ഞു. രണ്ട് ശത്രുകളെ വാനി ഇല്ലാതാക്കി. പരിക്കേറ്റ തന്റെ സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിനും അദ്ദേഹം മുന്നിൽ നിന്നുവെന്നും വാർത്താക്കുറിപ്പ് പറഞ്ഞു.

2004ലാണ് വാനി സൈന്യത്തിന് കീഴടങ്ങിയത്. ടെറിട്ടോറിയൽ ആര്‍മിയുടെ 162ാം ബറ്റാലിയനിൽ ഇദ്ദേഹം ചേർന്നു. പിന്നീട് പതിന്നാലു വർഷത്തോളം ഭീകരവിരുദ്ധ നീക്കങ്ങളിൽ സജീവ പങ്കാളിയായിരുന്നു. രണ്ടുതവണ മികച്ചട സേവനത്തിനുള്ള സേനാ മെഡൽ ലഭിച്ചിട്ടുമുണ്ട് വാനിക്ക്. ഭാര്യയും രണ്ട് മക്കളുമടങ്ങിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

ഹിസ്ബുൾ, ലഷ്കർ ഭീകരവാദികളെ നേരിടാൻ വാനിയുടെ സംഘത്തെ 2018 നവംബര്‍ 23നാണ് നിയോഗിച്ചത്. ഒരു വീട്ടിനകത്തു കയറി ഒളിച്ച ഭീകരനുമായി നേരിട്ട് മൽപ്പിടിത്തത്തിലേർപ്പെടേണ്ടി വന്നു വാനിക്ക്. ഈ സന്ദർഭത്തിലേറ്റ പരിക്കാണ് മരണകാരണമായത്. പരിക്കേൽപ്പിച്ച ഭീകരനെ വാനി കൊല്ലുകയും ചെയ്തിരുന്നു.