X

സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്യുന്നത് അതിനെ അംഗീകരിക്കുന്നതിന് തുല്യം: ബിജെപി നേതാവിന് മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച് മദ്രാസ് ഹൈക്കോടതി

"എഴുതുന്നയാൾക്ക് ആ സന്ദേശത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരിക്കും."

സോഷ്യൽ മീഡിയയില്‍ വനിതാ മാധ്യമപ്രവർത്തകര്‍ക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ കേസിനെ നേരിടുന്ന ബിജെപി നേതാവും മുന്‍ മാധ്യമപ്രവർത്തകനും നടനുമായ എസ് വെ ശേഖറിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു സുഹൃത്തിൽ നിന്ന് ഫോർവേഡ് ചെയ്ത് ലഭിച്ച ഒരു സന്ദേശം താനും ഫോർവേഡ് ചെയ്തതാണെന്നും ആ വാക്കുകളോ അഭിപ്രായങ്ങളോ തന്റേതല്ലെന്നുമായിരുന്നു എസ് വെ ശേഖറിന്റെ വാദം. എന്നാൽ ഈ വാദം അംഗീകരിക്കാൻ കോടതി കൂട്ടാക്കിയില്ല. സോഷ്യൽ മീഡിയ പോസ്റ്റ് ഫോർവേഡ് ചെയ്യുന്നയാൾ പ്രസ്തുത പോസ്റ്റ് അംഗീകരിക്കുക കൂടി ചെയ്യുന്നുണ്ടെന്ന് കോടതി പറഞ്ഞു.

ദേശാഭിമാന പോസ്റ്റുകൾ സ്ഥിരമായി ഫോർവേഡ് ചെയ്യുന്ന ഒരു സുഹൃത്താണ് തനിക്ക് പ്രസ്തുത സന്ദേശം അയച്ചു തന്നതെന്നും ഇത്തരമൊരു മെസ്സേജ് കൂട്ടത്തിൽ അയച്ചുകിട്ടുമെന്ന് കരുതാതിരുന്ന താന്‍ അറിയാതെ ഷെയർ ചെയ്തു പോകുകയായിരുന്നെന്ന് അദ്ദേഹം വാദിച്ചു. തന്റെ മറ്റൊരു സുഹൃത്ത് ഈ മെസ്സേജിന്റെ പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ വാദങ്ങളൊന്നും അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ആളുകൾ വാഗ്വാദങ്ങളിലേർപ്പെടുകയും പിന്നീടതിൽ ദുഖിക്കുകയും ചെയ്യാറുണ്ട്. അനന്തരഫലങ്ങൾ ഓർക്കാതെയായിരിക്കും വാക്കുകളുപയോഗിക്കുക. എന്നാൽ എഴുതി അയയ്ക്കുന്ന സന്ദേശങ്ങളെ ആ ഗണത്തിൽ പെടുത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. എഴുതുന്നയാൾക്ക് ആ സന്ദേശത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരിക്കും. “ദിവസവും ഇത്തരം കേസുകളിൽ യുവാക്കൾ അറസ്റ്റിലാകുന്നത് നമ്മൾ കാണുന്നുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ പാടുള്ളതല്ല. അബദ്ധങ്ങളും കുറ്റകൃത്യവും രണ്ടും രണ്ടാണ്. അബദ്ധങ്ങൾ പൊറുക്കാം. കുറ്റകൃത്യങ്ങളെ പൊറുക്കാനാകില്ല: കോടതി കൂട്ടിച്ചേർത്തു.