X

പെട്രോള്‍, ഡീസല്‍ വില കൂടും, ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി, സ്വര്‍ണത്തിന്റെ തീരുവ കൂട്ടി

ആദായ നികുതി ഘടനയില്‍ മാറ്റമില്ല

രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റില്‍ അടിസ്ഥാന സൗകര്യമേഖലകള്‍ക്ക് ഊന്നല്‍. ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയാക്കി വര്‍ധിപ്പച്ചു. പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കും. പെട്രോള്‍ ഡീസല്‍ നിരക്കുകളില്‍ ഒരു ശതമാനം സെസ് ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. റോഡ് സെസും എക്‌സൈസ് നികുതിയുമാണ് ഏര്‍പ്പെടുത്തുക.

പ്രതീക്ഷിച്ചിരുന്നതുപോലെ ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. എന്നാല്‍ ആദായ നികുതിയില്‍ മറ്റ് നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. സ്വര്‍ണത്തിനും രത്‌നത്തിനുമുള്ള ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു.10 ശതമാനത്തില്‍നിന്ന് 12.5 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇവയുടെ ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കും.
അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ എടുക്കുന്ന 45 ലക്ഷം വരെയുളള ഭവന വായ്പകള്‍ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതിയില്‍ കിഴിവ് വരുത്തും. ഇതോടെ ആകെ നികുതി ഇളവ് മൂന്നര ലക്ഷമായി വര്‍ധിക്കും.

പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ പറഞ്ഞു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കും. കൂടുതല്‍ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 1,05,000 കോടി രുപ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളെയും കൂട്ടിയോജിപ്പിച്ച് ഒരു പവര്‍ ഗ്രിഡ് കൊണ്ടുവരും. ഇത് സംസ്ഥാനങ്ങള്‍ക്ക് മിതമായ നിരക്കില്‍ വൈദ്യുതി ലഭിക്കാന്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍  ഏര്‍പ്പെടുത്തും. ഒന്നര കോടിയില്‍ താഴെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കാണ് ഇത്തരത്തില്‍ പെന്‍ഷന്‍ അനുവദിക്കുക

അടിസ്ഥാന സൗകര്യമേഖലയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപ ചെലവഴിക്കും. സ്്റ്റാര്‍ട് അപ്പുകളില്‍ ആദായ നികുതി പരിശോധന ഒഴിവാക്കും. സ്ത്രീകള്‍ തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പ്രോല്‍സാഹനം നല്‍കും.

മാധ്യമം ഇന്‍ഷൂറന്‍സ് മേഖലകളില്‍ വിദേശ നിക്ഷേപത്തിന്റെ പരിധി വര്‍ധിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ഗ്രാമീണ മേഖലയില്‍ 1.95 കോടി വീടുകള്‍ നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു. 2022 ഓടെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും.

കോര്‍പ്പറേറ്റ് നികുതിയില്‍ കുറവു വരുത്തുമെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കോര്‍പ്പറേറ്റ് നികുതിയില്‍ ഏറ്റവും താഴെ ഉള്ള നിരക്കായ 25 ശതാമാനം നികുതി 400 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് വരെയാക്കിയതായി മന്ത്രി പറഞ്ഞു. 250 കോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കായിരുന്നു 25 ശതമാനം നികുതി. അത് കൂടുതല്‍ വിറ്റുവരവുളള സ്ഥാപനങ്ങള്‍ക്ക് വരെയായി വര്‍ധിപ്പിച്ചു. പ്രത്യക്ഷ നികുതിയില്‍ വര്‍ധനയുണ്ടായാതായി മന്ത്രി പറഞ്ഞു. 2014 ല്‍ 6.38 ലക്ഷം കോടിയായിരുന്നത് 2018 ല്‍ 11.37 ലക്ഷം കോടി രൂപയായതായി മന്ത്രി പറഞ്ഞു.

ആദായ നികുതി സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 2024 ഓടെ ഇന്ത്യ 5 ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്നും മന്ത്രി പറഞ്ഞു.

വായ്പയുടെ അളവ് വര്‍ധിപ്പിക്കുന്നതിന് പൊതുമേഖല ബാങ്കുകള്‍ക്ക് 75000 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ധനകാര്യ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എടുത്ത നടപടികള്‍ ഗുണം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കിട്ടാകടങ്ങള്‍ ഒരു വര്‍ഷത്തിനകം ഒരു ലക്ഷം കോടി കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ബാങ്കിംങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. രണ്ടര മണിക്കൂറോളം ബജറ്റ് പ്രസംഗം നീണ്ടുനിന്നു.

This post was last modified on July 5, 2019 3:51 pm