X

“മോദി ബൂര്‍ഷ്വാസിയുടെ ചെരിപ്പ് നക്കുന്നു”: ഗോ ബാക്ക് വിളിയുമായി മീന കന്ദസാമി

എഴുത്തുകാരി മീന കന്ദസാമി അടക്കം നിരവധി പേരാണ് ഗോ ബാക്ക് മോദി പ്രചാരണത്തെ അനുകൂലിച്ച് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്.

എയിംസ് ആശുപത്രി ഉദ്ഘാടനത്തിന് മധുരയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം ശക്തമാണ്. #GoBackModi എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുന്നു. ആയിരക്കണക്കിന് ട്വീറ്റുകളാണ് ഗോ ബാക്ക് മോദിയെ പിന്തുണച്ച് വരുന്നത്. അതേസമയം മോദിയെ അനുകൂലിച്ചും എയിംസ് ഉദ്ഘാടനത്തിന് വരുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയും ട്വീറ്റുകള്‍ വരുന്നുണ്ട്.

എഴുത്തുകാരി മീന കന്ദസാമി അടക്കം നിരവധി പേരാണ് ഗോ ബാക്ക് മോദി പ്രചാരണത്തെ അനുകൂലിച്ച് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്. പലരും പെരിയാര്‍ ഇവി രാമസ്വാമിയുടെ മുഖമുള്ള തമിഴ്‌നാടിന്റെ ഭൂപടം മോദിയെ ഓടിക്കുന്നതായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്. താന്‍ ഗോ ബാക്ക് മോദി എന്ന് പറയാനുള്ള കാരണങ്ങള്‍ മീന കന്ദസാമി ട്വീറ്റില്‍ പറയുന്നുണ്ട്.

“സാമ്രാജ്യത്വത്തിന്റെ പാദസേവകനായതിനാല്‍, കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയുടെ ചെരുപ്പ് നക്കുന്നതിനാല്‍, ഫാഷിസ്റ്റ് ജംഗിള്‍ രാജുമായി നീങ്ങുന്നതിനാല്‍, ബ്രാഹ്മിണ്‍ – ബനിയ അജണ്ട നടപ്പാക്കുന്നതിനാല്‍, സവര്‍ണജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനാല്‍, കാവേരി വെള്ളം തമിഴ്‌നാടിന് നിഷേധിച്ചതിനാല്‍, ഏഴ് തമിഴരെ ജയിലിലടച്ചതിനാല്‍, സ്റ്റെര്‍ലൈറ്റ് കൊലപാതകങ്ങള്‍ കാരണം” – ഇതെല്ലാമാണ് മോദിയോട് ഗോ ബാക്ക് പറയുന്നതിന് കാരണമായി മീന കന്ദസാമി പറയുന്നത്.

ട്രോളുകളുടെ പെരുമഴയാണ് ഗോ ബാക്ക് മോദി ഹാഷ് ടാഗില്‍ വന്നത്. നീറ്റ് പരീക്ഷ, കാവേരി നദീജല പ്രശ്‌നം, തൂത്തുക്കുടി വെടിവയ്പ് തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. മറക്കരുത്, പൊറുക്കരുത് എന്ന് ഹാഷ് ടാഗുകള്‍ പറയുന്നു. വര്‍ഷങ്ങളായി 13 എയിംസ് പ്രഖ്യാപിച്ച് ഇപ്പോള്‍ ഒന്നിന് കറക്കല്ലിടാന്‍ വന്നിരിക്കുന്നു. തട്ടിപ്പുകാരന്‍ എന്ന് ഒരു ട്വീറ്റ് പറയുന്നു.

This post was last modified on January 27, 2019 12:28 pm