X

ശേഷിയേറിയ പമ്പുകള്‍ ഇനിയും എത്തിയില്ല; മേഘാലയ ഖനി രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

ഡിസംബര്‍ 18ന് തന്നെ എന്‍ഡിആര്‍എഫ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

മേഘാലയ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങി 16 ദിവസമാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഖനിക്കകത്തെ വെള്ളം പുറന്തള്ളാന്‍ ഉയര്‍ന്ന ശേഷിയുള്ള വാട്ടര്‍ പമ്പുകള്‍ എന്‍ഡിആര്‍എഫ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പമ്പുകള്‍ എത്തിയിട്ടില്ല. ജില്ലാ ഭരണകൂടം ഡിസംബര്‍ 20ന് തന്നെ ഹൈകപ്പാസിറ്റി പമ്പുകള്‍ അടിയന്തരമായി എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരാഴ്ച കഴിഞ്ഞാണ് ഇതില്‍ നടപടി സ്വീകരിച്ചത്. ഡിസംബര്‍ 18ന് തന്നെ എന്‍ഡിആര്‍എഫ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

നിലവിലെ 25 എച്ച്പി പമ്പുകള്‍ അപര്യാപ്തമായതിനാല്‍ തിങ്കളാഴ്ച രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പല പമ്പുകളും പ്രവര്‍ത്തിക്കുന്നത് പോലുമില്ലെന്നും എന്‍ഡിആര്‍എഫ് പറയുന്നു. 100 എച്ച്പിയുടെ 10 പമ്പുകളെങ്കിലും വേണമെന്നാണ് ആവശ്യം. വ്യോമസേന ഭുവനേശ്വറില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് വിമാന മാര്‍ഗവും അവിടെ നിന്ന് ഈസ്റ്റ് ജയന്തിയയിലേയ്ക്ക് റോഡ് മാര്‍ഗവുമാണ് പമ്പുകള്‍ എത്തിക്കുക. പമ്പുകള്‍ എത്തിയാല്‍ മാത്രമേ ഡൈവര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. 70 അടി ജലനിരപ്പാണ് 320 ആഴം കണക്കാക്കുന്ന ഖനിയിലുള്ളത്.

ഡൈവര്‍മാരടക്കം 70 എന്‍ഡിആര്‍എഫ് അംഗങ്ങളും കോള്‍ ഇന്ത്യ വിദഗ്ധരും സ്ഥലത്തുണ്ട്. ഇതുവരെ തൊഴിലാളികളുടെ ഹെല്‍മെറ്റുകള്‍ മാത്രമാണ് കണ്ടെത്താനായത്. ദുര്‍ഗന്ധം വമിക്കുന്നത് തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന സൂചനയാണ് നല്‍കുന്നതെന്ന് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ പ്രളയകാലത്ത് ഉപയോഗിച്ചതടക്കമുള്ള പമ്പുകള്‍ എത്തിക്കാന്‍ കിര്‍ലോസ്‌കര്‍ കമ്പനി തയ്യാറാണ് എന്ന് അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം രൂക്ഷവിമര്‍ശനമുയര്‍ത്തുന്നുണ്ട്.

Explainer: തായ്‍ലാൻഡിനേക്കാള്‍ അകലെയോ മേഘാലയ?എന്തുകൊണ്ട് ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധിക്കുന്നില്ല?

മേഘാലയയിലെ എലിമാള ഖനനത്തിനെതിരെ പോരാടുന്ന ആഗ്നസ് കാർഷിങ്ങിന്റെ വാക്കുകളിലുണ്ട് ആ 15 തൊഴിലാളികളുടെ ജീവിത യാതന

This post was last modified on December 29, 2018 9:55 am