“മനുഷ്യവംശത്തെ ഒറ്റ ജാതിയായി കാണുന്നു. എല്ലാ മതങ്ങളിലും ജാതികളിലുമുള്ളവര്‍ക്ക് ഇവിടെ അന്ത്യകർമ്മങ്ങൾ ചെയ്യാം” —പഞ്ചാബിലെ പാട്യാല ജില്ലയിൽ നാഭ തഹ്സിലിലുള്ള ഗോവിന്ദ്പുര ഗ്രാമത്തിലെ ശ്മശാനത്തിൽ എഴുതി വെച്ചിട്ടുള്ള വാക്കുകളാണിവ.
പഞ്ചാബ് ഗുരു നാനാക്കിന്റെ നാടാണ്. ജാതീയതയെ തള്ളിപ്പറഞ്ഞ സിഖ് മതസ്ഥാപകന്റെ നാട്. സിഖുകാർ തന്നെയാണ് പഞ്ചാബിൽ അധികമെങ്കിലും ജാതീയതയ്ക്ക് കുറവൊന്നുമില്ല. ദളിത് വിഭാഗങ്ങൾക്ക് പ്രത്യേകം ശ്മശാനങ്ങളാണ് മിക്കയിടത്തും. എന്നിരിക്കിലും പ്രതീക്ഷയുടെ ചില കണികകളെങ്കിലും ചിലയിടങ്ങളിൽ കാണാം. അങ്ങനെയൊരു ഗ്രാമത്തിലെ ശ്മശാനത്തിന്റെ കവാടത്തിൽ എഴുതി വെച്ച വാക്കുകളാണ് മുകളിൽ നൽകിയത്.
പാട്യാല ജില്ലയിലെ 144 ഗ്രാമങ്ങളിൽ സ്ഥിതി ഏറെ മാറിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം പൊതു ശ്മശാനങ്ങൾ നിലവിൽ വന്നു കഴിഞ്ഞു. സ്ഥലത്തെ മുന്‍ ലോകസഭാ എംപി ഡോ. ധരംവീർ ഗാന്ധിയുടെ ചെറിയൊരു ഇടപെടലിലൂടെയാണ് ഇത്രയും വലിയൊരു നേട്ടം ഈ ഗ്രാമങ്ങൾ സ്വന്തമാക്കിയത്. ദളിതർക്കും മറ്റുള്ളവർക്കും പ്രത്യേക ശ്മശാനങ്ങൾ എന്ന സമ്പ്രദായം അവസാനിപ്പിച്ചാൽ അവർക്ക് എംപി ഫണ്ടിൽ നിന്നും മറ്റുമുള്ള വികസനപ്രവർത്തനങ്ങൾക്കുള്ള പണം ലഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇങ്ങനെ മാറാൻ തയ്യാറല്ലാത്തവര്‍ക്ക് ഫണ്ട് നിഷേധിക്കുന്ന നയവും ഇദ്ദേഹം സ്വീകരിച്ചു. ഇതോടെ പല ഗ്രാമങ്ങളും പതുക്കെ മാറാൻ തുടങ്ങി.
2014ൽ ആം ആദ്മി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചയാളാണ് ഗാന്ധി. ഇദ്ദേഹത്തെ പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കി. 2019 തെരഞ്ഞെടുപ്പിൽ നവാൻ പഞ്ചാബ് പാർട്ടി എന്നൊരു പാർട്ടിയുണ്ടാക്കി മത്സരിച്ചെങ്കിലും കോൺഗ്രസ്സ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
This post was last modified on June 10, 2019 3:43 pm
Leave a Comment