X

സമയം കുറിച്ചോളൂ, വിശ്വാസവോട്ടിന് ഞാന്‍ റെഡി: സുപ്രീം കോടതി ഉത്തരവിന് പിന്നാലെ കുമാരസ്വാമി

ഞാന്‍ എന്തിനും തയ്യാറാണ്. അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാനില്ല - കുമാരസ്വാമി പറഞ്ഞു.

കര്‍ണാടകയില്‍ 18 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജിയുണ്ടാക്കിയ പ്രതിസന്ധി തുടരുന്നതിന് ഇടെ നിയമസഭയില്‍ വിശ്വാസവോട്ടിന് തയ്യാറാണ് എന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. സഖ്യസര്‍ക്കാരിന് നിലവില്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയില്ലാത്ത നിലയില്‍ സര്‍ക്കാരിന്റെ ഭാവി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ബംഗളൂരുവില്‍ പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. വിശ്വാസ വോട്ട് തേടാന്‍ ഞാന്‍ തയ്യാറാണ്. നിങ്ങള്‍ സമയം നിശ്ചയിച്ചോളൂം എന്നാണ് കുമാരസ്വാമി പറഞ്ഞത്.

രാജി സ്വീകരിക്കാത്ത സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. വാദം ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. ചൊവ്വാഴ്ച വരെ കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരണമെന്നും രാജി സംബന്ധിച്ചോ അയോഗ്യത സംബന്ധിച്ചോ തീരുമാനം അതുവരെ എടുക്കാന്‍ പാടില്ലെന്നും ഇന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് കുമാരസ്വാമി വിശ്വാസവോട്ടിന് തയ്യാറാണ് എന്ന് വ്യക്തമാക്കിയത്.

ഞാന്‍ എന്തിനും തയ്യാറാണ്. അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാനില്ല – കുമാരസ്വാമി പറഞ്ഞു. രാജി വയ്ക്കാന്‍ തയ്യാറല്ല എന്ന് ഇന്നലെ കുമാരസ്വാമി പറഞ്ഞിരുന്നു. എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ സഭയില്‍ ബിജെപി ഭൂരിപക്ഷം നേടും. 105 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ കൂടി ആയതോടെ സഭയില്‍ 107 പേരുടെ പിന്തുണയും ഭൂരിപക്ഷവും നേടാനായിട്ടുണ്ട്.

This post was last modified on July 12, 2019 7:52 pm