X

ഞാന്‍ വിചാരിച്ചാല്‍ ബിജെപി എംഎല്‍എമാരെ 48 മണിക്കൂറിനകം ‘പൊക്കാന്‍’ കഴിയും: കുമാരസ്വാമി

താന്‍ വിചാരിച്ചാല്‍ ബിജെപി എംഎല്‍എമാരെ 48 മണിക്കൂറിനകം പൊക്കാന്‍ കഴിയുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച്ഡി കുമാരസ്വാമി. കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യ റാലിയ്ക്ക് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. ജെഡിഎസ് – കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ സുരക്ഷിതമാണെന്നും കുമാരസ്വാമി അവകാശപ്പെട്ടു. ഓപ്പറേഷന്‍ കമല എന്ന പേരില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമം നടത്തുന്നതിന് ഇടയിലാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ജനുവരി 15ന് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ നിന്ന് നാല് എംഎല്‍എമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസും ബിജെപിയും റാഞ്ചല്‍ സാധ്യത മുന്നില്‍ കണ്ട് എംഎല്‍എമാരെ റിസോര്‍ട്ടുകളിലേയ്ക്ക് മാറ്റിയിരുന്നു.

ബിജെപി തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്ന് കുമാരസ്വാമി ആരോപിച്ചു. അതേസമയം സര്‍ക്കാരിന് എംഎല്‍എമാരുടെ പിന്തുണ ആവശ്യത്തിനുണ്ടെന്നും യാതൊരു ഭീഷണിയും നിലവിലില്ലെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപി എംഎല്‍എമാരെ കൂടെക്കൊണ്ടുവരണം എന്നുണ്ടെങ്കില്‍ അതിന് യാതൊരു പ്രശ്‌നവുമില്ല. അത് നിഷ്പ്രയാസം സാധിക്കും- കുമരസ്വാമി അവകാശപ്പെട്ടു. 224 അംഗ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് 118 പേരുടെ പിന്തുണയാണുള്ളത്. 104 സീറ്റുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. അതേസമയം ബിജെപി എംഎല്‍എമാരെ തങ്ങള്‍ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും കുമാരസ്വാമി പറഞ്ഞു.

അഴിമതിവിരുദ്ധ പോരാട്ടത്തെക്കുറിച്ച് വാചകമടിക്കുന്ന ബിജെപി കര്‍ണാടകയില്‍ എംഎല്‍എമാര്‍ക്ക് വേണ്ടി കതിരക്കച്ചവടം നടത്തുകയാണ്. ജനുവരി 11, 12 തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബിജെപി നേതാക്കള്‍ അഴിമതിയെക്കുറിച്ച് സംസാരിച്ചു. ഇതേ ദിവസങ്ങളില്‍ തന്നെ കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തി. ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന കാര്യമാണിത്. ഇവര്‍ ജനാധിപത്യത്തെ പരിഹാസ്യമാക്കുന്നു. ജനാധിപത്യം ഒരു നമ്പര്‍ ഗെയിം ആയി ചുരുങ്ങിയിരിക്കുകയാണ്. നിയമസഭ സാമാജികര്‍ വെറും വില്‍പ്പനച്ചരക്കുകള്‍ മാത്രമായിരിക്കുകയാണ് – പ്രതിപക്ഷ റാലിയില്‍ കുമാരസ്വാമി പറഞ്ഞു.

This post was last modified on January 20, 2019 8:43 am