X

മുസാഫർനഗർ വർഗീയകലാപം: 41 കേസുകളിൽ 40ലും എല്ലാ പ്രതികളെയും വെറുതെ വിട്ടു; ദൃക്സാക്ഷികളായ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെല്ലാം കൂറുമാറി

ഈ കേസുകളിലൊന്നിലും അപ്പീൽ നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.

ഉത്തർപ്രദേശിലെ മുസാഫർനഗർ വർഗീയ കലാപക്കേസുകളിൽ ഭൂരിഭാഗത്തിലും പ്രതികളെ കോടതി വെറുതെ വിട്ടതായി റിപ്പോർട്ട്. ആകെ 41 കേസുകളുണ്ടായിരുന്നതിൽ 40 എണ്ണത്തിലും പ്രതികളെ വെറുതെ വിട്ടതായാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കൂട്ടത്തിലുള്ള പത്ത് കൊലപാതകക്കേസുകളിലെ രേഖകൾ പരിശോധിച്ചതിൽ നിന്നും പ്രൊസിക്യൂഷനിൽ വന്ന വലിയ വിടവുകൾ തങ്ങൾക്ക് ബോധ്യപ്പെട്ടതായും ഈ മാധ്യമറിപ്പോർ‌ട്ട് പറയുന്നുണ്ട്. 2013ലാണ് മുസാഫർ നഗറിൽ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾ തമ്മിൽ കലാപമുണ്ടായത്. കുറഞ്ഞത് 65 കൊലപാതകങ്ങൾ ഈ കലാപത്തിലുണ്ടായി. 93 പേർക്ക് പരിക്കേൽക്കുകയും അമ്പതിനായിരത്തോളമാളുകൾക്ക് നാടുവിടേണ്ടി വരികയുമുണ്ടായി.

സംഭവത്തില്‍ പത്ത് വിചാരണക്കേസുകളാണ് ഉത്തർപ്രദേശ് സർക്കാർ ഫയൽ ചെയ്തത്. ദൃക്സാക്ഷി മൊഴികളെ ആസ്പദമാക്കിയാണ് ഈ കേസുകളെല്ലാം നിലനിന്നിരുന്നത്. ഇവയിൽ പ്രതികളെല്ലാം കൂറുമാറിയതിനെ തുടർന്നാണ് കോടതി എല്ലാവരെയും വിട്ടയച്ചത്. 2017 ജനുവരി മാസത്തിവും 2019 ഫെബ്രുവരി മാസത്തിനുമിടയിലാണ് ഈ വിചാരണകളെല്ലാം പൂർത്തിയായത്.

വിചാരണാവേളയിൽ കൂറുമാറിയ പ്രതികളെല്ലാം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. സംഭവസമയത്ത് തങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഇവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

അഞ്ച് കേസുകളിൽ പൊലീസ് കൊലപാതകം നടത്തിയ ആയുധങ്ങൾ കോടതിയിൽ ഹാജരാക്കുകയുണ്ടായില്ല. പ്രൊസിക്യൂഷൻ ഒരു ഘട്ടത്തിൽപ്പോലും പൊലീസിനെ ക്രോസ് വിസ്താരം ചെയ്യുകയുണ്ടായില്ല. പൊലീസ് സമർത്ഥിക്കാൻ ശ്രമിച്ചതെല്ലാം പ്രൊസിക്യൂഷൻ എളുപ്പത്തിൽ അംഗീകരിച്ചു.

2017 മുതൽ 41 കേസുകളിലാണ് മുസാഫർനഗറിലെ കോടതികൾ വിധി പ്രസ്താവിച്ചത്. ഇതിൽ ഒരു കൊലക്കേസിൽ മാത്രമാണ് ഇതുവരെ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത്. 2019 ഫെബ്രുവരി 8നാണ് ഈ വിധി വന്നത്. മുസാഫർനഗർ കലാപത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിലെ പ്രതികളായ മുസമ്മിൽ മുജാസ്സിം, ഫർഖാൻ, നദീം, ജഹാംഗീർ, അഫ്സൽ, ഇഖ്ബാൽ എന്നിവര്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. കാവാൽ ഗ്രാമത്തിൽ 2013 ഓഗസ്റ്റ് 27ന് ഗൗരവ്, സച്ചിൻ എന്നീ രണ്ടുപേരെ കൊലപ്പെടുത്തിയെന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.

ഈ കേസുകളിലൊന്നിലും അപ്പീൽ നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുസാഫർനഗർ ജില്ലാ ഗവൺമെന്റ് പ്രോസിക്യൂട്ടറായ ദുഷ്യന്ത് ത്യാഗി പറയുന്നു. എല്ലാ കേസുകളിലും സാക്ഷികൾ കൂറു മാറിയ സാഹചര്യമാണുള്ളതെന്നും പ്രൊസിക്യൂഷന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന യാതൊന്നും നിലവിലില്ലാത്തതിനാൽ സർക്കാർ പിൻമാറുന്നുവെന്നുമാണ് ദുഷ്യന്തിന്റെ വിശദീകരണം. സാക്ഷികളുടെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു കുറ്റപത്രങ്ങളെല്ലാം സമർപ്പിക്കപ്പെട്ടത്.

ആയുധങ്ങളുപയോഗിച്ചാണ് കൊലകൾ നടത്തിയതെന്ന് പൊലീസ് എഫ്ഐആർ പറയുന്നുണ്ടെങ്കിലും വെറും അഞ്ച് കേസുകളിൽ മാത്രമാണ് ഇവ കണ്ടെത്തിയത്. കണ്ടെത്തിയ ചില കേസുകളിൽ ഇവ കോടതിയിൽ ഹാജരാക്കാൻ പൊലീസ് തയ്യാറായില്ല. മറ്റൊരു കേസിൽ ആയുധങ്ങളിൽ രക്തം പുരണ്ടിട്ടില്ലാത്തതിനാൽ തെളിവായി ഹാജരാക്കാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഈ ആയുധങ്ങൾ പൊലീസ് ഫോറന്‍സിക് പരിശോധന നടത്തിയിരുന്നില്ല. ഇത്തരമൊരാവശ്യം പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായതുമില്ല. ഹരജിക്കാർ 69 അക്രമികളുടെ പേര് പരാമർശിച്ചിട്ടുണ്ടെങ്കിലും ഇതിൽ 45 പേരുടെയും വിവരങ്ങൾ പരാതിയിൽ പരാമർശിച്ചിരുന്നില്ല.

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതും വിചാരണ തുടങ്ങുന്നതും. യോഗി ആദിത്യനാഥിന്റെ കാലത്തും വിചാരണകൾ നടന്നു.

This post was last modified on July 19, 2019 10:56 am