X

ഉപഗ്രഹവേധ മിസൈൽ ഫെബ്രുവരിയിൽ പരീക്ഷിച്ച് പരാജയപ്പെട്ടിരുന്നു?

'ദി ഡിപ്ലോമാറ്റ്' ആണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാർച്ച് 27ന്, ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിക്കുന്നതിനു മുമ്പ് മറ്റൊരു പരീക്ഷണം നടത്തിയിരുന്നെന്നും അത് പരാജയമായിരുന്നെന്നും റിപ്പോർട്ട്. ‘ദി ഡിപ്ലോമാറ്റ്’ ആണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 12നായിരുന്നു ഈ ശ്രമം. അബ്ദുൾ കലാം ദ്വീപിൽ വെച്ചു തന്നെയായിരുന്നു ഈ പരീക്ഷണം.

ദ്വീപിൽ നിന്നും തൊടുത്തുവിട്ട മിസ്സൈൽ 30 സെക്കൻഡുകൾക്കുള്ളിൽ പരാജയപ്പെടുകയായിരുന്നെന്ന് യുഎസ് സര്‍ക്കാരിന്റെ മിലിട്ടറി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

മിഷൻ ശക്തി എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യയുടെ വിജയകരമായ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം സംബന്ധിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് രാജ്യത്തെ അറിയിച്ചത്. ഇതൊരു രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴായിരുന്നു ഈ നടപടിയെന്നതാണ് വിവാദമായത്.

മാർച്ച് 27ന് വിജയകരമായി ദൗത്യം പൂർത്തിയാക്കിയ അതേ മിസൈലായിരുന്നോ ഫെബ്രുവരി 12ന്റെ പരാജയപ്പെട്ട ദൗത്യത്തിനും ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമല്ല. ഒരു ആയുധപരീക്ഷണത്തെക്കുറിച്ച് യുഎസ്സിനെ ഇന്ത്യ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും അത് ഉപഗ്രഹവേധ മിസൈലാണെന്ന വിശദാംശങ്ങൾ നൽകിയിരുന്നില്ല. ആദ്യത്തെ പരാജയപ്പെട്ട ദൗത്യം നിരീക്ഷിച്ചതിൽ നിന്നു തന്നെ യുഎസ്സിന് അതൊരു ഉപഗ്രഹവേധ മിസൈലാണെന്ന് ബോധ്യപ്പെടുകയുണ്ടായി.

ചൈന 2007ലും യുഎസ് 2008ലും കൈവരിച്ച നേട്ടമാണ് ഇന്ത്യ ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. ചൈന നടത്തിയ ഉപഗ്രഹവേധം വിവാദമായി മാറിയിരുന്നു. ഇന്ത്യ ഇപ്പോൾ നടത്തിയ ദൗത്യത്തെ അപേക്ഷിച്ച് ഏറെ ഉയരത്തില്‍ വെച്ചായിരുന്നു ചൈനയുടെ പരീക്ഷണം. ഇത് വലിയ തോതിൽ അവശിഷ്ടങ്ങൾ ബഹിരാകാശത്ത് പരക്കാൻ കാരണമായിരുന്നു.

This post was last modified on April 2, 2019 11:14 am