ആംബുലൻസിന്റെ ഡോർ തുറക്കാൻ പറ്റാത്ത വിധത്തിൽ ലോക്കായതോടെ റായ്പൂരിലെ ദമ്പതികൾക്ക് നഷ്ടമായത് തങ്ങളുടെ രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ. ഡോർ ലോക്കായപ്പോൾ വിൻഡോ പൊളിച്ച് കുഞ്ഞിനെ പുറത്തെടുക്കാമെന്ന നിർദ്ദേശം ആംബുലൻസ് ജീവനക്കാർ അംഗീകരിച്ചില്ല. സർക്കാർ വാഹനം പൊളിക്കാനാകില്ലെന്ന കടുത്ത നിലപാടിൽ അവർ ഉറച്ചു നിന്നു. ഒടുവിൽ രണ്ടു മണിക്കൂർ സമയമെടുത്താണ് ഡോർ തുറന്ന് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് അതിനകം മരിച്ചിരുന്നു.
ആംബുലൻസിനകത്ത് ഓക്സിജൻ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിക്ക് അടിയന്തിരശസ്ത്രക്രിയ നിർദ്ദേശിച്ചതു പ്രകാരമാണ് സർക്കാരിന്റെ ആംബുലൻസ് സേവനം തേടി ദമ്പതികൾ റായ്പൂരിലെ ആശുപത്രിയിലെത്തിയത്. ഡോർ ലോക്കായതിനാൽ കുഞ്ഞും മാതാപിതാക്കളും അകത്ത് കുടുങ്ങി. വിൻഡോ പൊളിക്കാൻ അകത്തു നിന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല.
ബിഹാർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ഇരുവരും എഐഐഎംഎസിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുഞ്ഞിന്റെ ഹൃദയത്തിലെ ദ്വാരം അടയ്ക്കുന്നതിനായുള്ള സർജറിക്കു വേണ്ടിയാണ് ഛത്തിസ്ഗഢിന്റെ തലസ്ഥാനത്തുള്ള ഡോ. ഭീംറാവും അംബേദ്കർ ആശുപത്രിയിലെത്തിയത്.
Leave a Comment