X

ഫേസ്ആപ്പ് ഉപയോഗിക്കുന്നവരേ ഒരു നിമിഷം നിൽക്കൂ, സുരക്ഷാ വിദഗ്ധർ പറയുന്നത് കേൾക്കൂ

സ്വന്തം പേരുവിവരങ്ങളും ഫോട്ടോകളുമെല്ലാം ആപ്ലിക്കേഷന് കൈമാറിയിട്ടാണ് ആളുകൾ ഫേസ്ആപ്പ് ഉപയോഗിക്കുന്നത്.

ഫേസ്ആപ്പ് ആണ് രണ്ടുദിവസമായി തരംഗം. സോഷ്യൽ മീഡിയയിൽ നിറയെ ഫേസ്ആപ്പുപയോഗിച്ച് മാറ്റം വരുത്തിയ മുഖങ്ങൾ നിറഞ്ഞിരിക്കുകയാണ്. തരംഗമായതോടെ ഈ ആപ്ലിക്കേഷന്റെ ഡൗൺലോഡിങ് വൻതോതിൽ ഉയർന്നിട്ടുണ്ട്. ഇത്തരം തരംഗങ്ങൾ മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അന്നത്തേതെന്ന പോലെ ഇന്നും ഇത്തരം ആപ്ലിക്കേഷനുകൾ ഉയർത്തുന്ന ഭീഷണി ഒന്നുതന്നെയാണ്. വ്യക്തികളുടെ സ്വകാര്യതാ നഷ്ടമാണ് പ്രശ്നം. ഇന്ത്യാക്കാർക്ക് സ്വകാര്യത സംബന്ധിച്ചുള്ള ആശങ്ക വളരെ കുറവാണെന്നതിന് ഉദാഹരണമാണ് ഫേസ്ആപ്പിന് ലഭിക്കുന്ന പ്രചാരമെന്നാണ് സുരക്ഷാ വിദഗ്ധർ പറയുന്നത്.

മുഖം തിരിച്ചറിയൽ സംവിധാനങ്ങള്‍ സ‍ൃഷ്ടിക്കുന്നതിനായി ഇത്തരം ആപ്ലിക്കേഷനുകൾ നടത്തുന്ന വിവരശേഖരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മാർക്ക് ലോയേഴ്സ് എന്ന നിയമസ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറായ മൈക്കേൽ ബ്രാഡ്‌ലി പറയുന്നതായി ibtimes.co.uk റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം പേരുവിവരങ്ങളും ഫോട്ടോകളുമെല്ലാം ആപ്ലിക്കേഷന് കൈമാറിയിട്ടാണ് ആളുകൾ ഫേസ്ആപ്പ് ഉപയോഗിക്കുന്നത്. ഇതുണ്ടാക്കുന്ന അപകടങ്ങൾ ദൂരവ്യാപകമാണ്.

വെബ് റിക്വസ്റ്റ്, ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്, ബ്രൗസർ ടൈപ്പ്, റഫറിങ്/എക്സിറ്റ് പേജുകളും യുആർഎലുകളും തുടങ്ങിയ നിരവധി ഡാറ്റ ഫോണിൽ നിന്ന് തങ്ങൾ എടുക്കുന്നുണ്ടെന്ന് ഫേസ്ആപ്പിന്റെ പ്രൈവസി പോളിസിയിൽ തന്നെ പറയുന്നുണ്ട്.

തങ്ങൾ നിയമപരമായി പങ്കാളികളായിട്ടുള്ള ബിസിനസ്സുകള്‍ക്ക് ഈ ഡാറ്റയുടെ ഉടമസ്ഥതയുണ്ടായിരിക്കുമെന്നും പ്രൈവസി പോളിസിയിൽ പറയുണ്ട്. ഈ കമ്പനിയെ മറ്റൊരു സ്ഥാപനം വാങ്ങുകയോ, മറ്റൊരു സ്ഥാപനവുമായി ലയിപ്പിക്കുകയോ ചെയ്യുമ്പോൾ ഈപ്പറഞ്ഞ പ്രൈവസി പോളിസിയിലെ കാര്യങ്ങളോട് പുതിയ കമ്പനിക്ക് പ്രതിബദ്ധതയുണ്ടാകണമെന്നില്ല എന്നും പ്രസ്താവിക്കുന്നുണ്ട് കമ്പനി. ചുരുക്കത്തിൽ ആരെങ്കിലും പ്രൈവസി പോളിസി വായിച്ചു നോക്കി ബോധ്യപ്പെട്ട് ആപ്പ് ഉപയോഗിച്ചാലും ഭാവിയിൽ ആപ്പിലാകാനുള്ള സാധ്യതയുണ്ടെന്ന് ibtimes.co.uk ചൂണ്ടിക്കാട്ടുന്നു.