X

‘രാജീവ് ഗാന്ധി മാതൃക’യിൽ മോദിയെ കൊലപ്പെടുത്താൻ മാവോയിസ്റ്റുകൾ: പുറത്തുവന്ന കത്ത് വ്യാജമെന്ന സംശയമുയരുന്നു

മോദി വൻ മുന്നേറ്റമാണ് നടത്തുന്നതെന്നും ഇത് മാവോയിസ്റ്റുകൾക്ക് ഭീഷണിയാണെന്നും കത്തിൽ പറയുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജീവ് ഗാന്ധിയെ കൊന്നതു പോലെയുള്ള ആക്രമണത്തിലൂടെ കൊലപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് വിശദീകരിക്കുന്ന ഒരു കത്ത് കഴിഞ്ഞദിവസം എഎൻഐ വാർത്താ ഏജൻസിയാണ് പുറത്തു വിട്ടത്. മാവോയിസ്റ്റുകൾ തമ്മിലുള്ല ഒരു ആഭ്യന്തര സന്ദേശം പൂനെ പൊലീസിന് ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എൻഡിടിവി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്തു. പൊലീസിന്റെ ഭാഗം മാത്രം വിശദീകരിച്ചുള്ള റിപ്പോർട്ടുകളായിരുന്നു അവയെല്ലാം.

കത്തിന്റെ ആധികാരികത സംബന്ധിച്ച് കോൺഗ്രസ്സ് നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു. ഇത് മോദി പണ്ടുമുതലേ പ്രയോഗിച്ചു വരുന്ന ഒരു തന്ത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്പോഴൊക്കെ മോദിക്കെതിരെ ജനകീയ വികാരം ഉയർന്നു വരുന്നുണ്ടോ അപ്പോഴെല്ലാം തന്നെ കൊല്ലാൻ ആള് വരുന്നതായി മോദി പ്രചരിപ്പിക്കാറുണ്ടെന്ന് നിരുപം പറഞ്ഞു.

സമാനമായ സംശയങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രിയെ കൊല്ലാൻ ആസൂത്രണം ചെയ്യുന്നവർ അതുമായി ബന്ധപ്പെട്ട് വിശദമായി കത്തെഴുതാൻ മാത്രം വിഡ്ഢികളാണോ എന്നതാണ് പ്രധാന ചോദ്യം. എങ്ങനെ കൊല്ലണം എന്നതുവരെ വിശദീകരിക്കുന്നുണ്ട് കത്ത് എന്നതും ചോദ്യം ചെയ്യപ്പെടുന്നു. മറ്റൊന്ന് കത്തെഴുതിയയാൾ നിരവധി മാവോയിസ്റ്റുകളുടെ പേര് പരാമർശിക്കുന്നതാണ്. മാവോയിസ്റ്റുകൾ നേരിട്ടുള്ള ആശയവിനിമയത്തിൽ പോലും യഥാർത്ഥ പേരുകൾ ഉപയോഗിക്കാറില്ല. കത്തുകളിലാണെങ്കിൽ പരിചയമുള്ളവരോടു പോലും വ്യാജ പേരുകളിലാണ് ആശയവിനിമയം നടത്തുക പതിവ്.

ഈ പ്രശ്നം ചൂണ്ടിക്കാട്ടി ഗുജറാത്തിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.

മാവോയിസ്റ്റുകൾ കത്തുകളിൽ പേര് ഉപയോഗിക്കാറില്ലെന്ന് അവരെ കൈകാര്യം ചെയ്ത് പരിചയമുള്ള ഏതൊരു പൊലീസ്, ആർമി ഉദ്യോഗസ്ഥനും അറിവുണ്ടായിരിക്കുമെന്ന് സഞ്ജീവ് ഭട്ട് ചൂണ്ടിക്കാട്ടി. #SympathySeekingPloy #CheapAntics എന്നീ ഹാഷ്ടാഗുകളും ഭട്ട് തന്റെ പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.

മോദി വൻ മുന്നേറ്റമാണ് നടത്തുന്നതെന്നും ഇത് മാവോയിസ്റ്റുകൾക്ക് ഭീഷണിയാണെന്നും കത്തിൽ പറയുന്നുണ്ട്. പ്രസ്താവനകളുടെ ഈ നിലവാരം ഒരു മാവോയിസ്റ്റിന്റെ കത്തിൽ ഉണ്ടാകുമോ എന്നതും സംശയകരമാണ്.

അതെസമയം സോഷ്യൽ മീഡിയയിൽ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ‘നോട്ടുനിരോധനത്തിലൂടെ മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾ തടഞ്ഞെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രിയെ ആരാണിപ്പോൾ ഭീഷണിപ്പെടുത്തുന്നത്’ എന്നും മറ്റുമാണ് ട്രോളുകളിലുള്ളത്.