ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ്സ് നേതാവ് ജഗന്മോഹൻ റെഡ്ഢിയുടെ അമ്മാവനും മുൻ മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഢിയെ ദാരുണമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. നെറ്റിയിലും തലയ്ക്കു പിന്നിലും ആഴമേറിയ മുറിവുകളോടെയാണ് വിവേകാനന്ദ റെഡ്ഡിയുടെ മൃതദേഹം കടപ്പ ജില്ലയിലെ സ്വന്തം വീട്ടിൽ കണ്ടെത്തിയത്. 68കാരനായ വിവേകാനന്ദ റെഡ്ഢി ഭാര്യക്കും മകൾക്കുമൊപ്പം കഴിഞ്ഞു വരികയായിരുന്നു. മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഢിയുടെ സഹോദരനാണ് ഇദ്ദേഹം.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ശരീരത്തിൽ ഏഴ് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
റെഡ്ഢിയുടെ പിഎ എംവി കൃഷ്ണറെഡ്ഢി പുലിവേന്ദുല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബെഡ്റൂമിലും കുളിമുറിയിലും രക്തം പടർന്നിട്ടുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു. പുറത്തു വന്നിട്ടുള്ള ചിത്രങ്ങളിൽ നെറ്റിയിലും തലയ്ക്കു പിന്നിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
റെഡ്ഢിയുടെ മരണത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. ഡിജിപി, ഇന്റലിജൻസ് തലവൻ എന്നിവരുമായി ചർച്ച നടത്തിയ നായിഡു അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വൈഎസ്ആർ കോൺഗ്രസ്സിനു വേണ്ടി പുലിവേന്ദുല മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കുകളിൽ മുഴുകിക്കഴിയുകയായിരുന്നു കൊല ചെയ്യപ്പെട്ട വിവേകാനന്ദ റെഡ്ഢി. രണ്ടുദിവസം മുമ്പ് ഇദ്ദേഹം ഹൈദരാബാദിലെ ജഗന്മോഹൻ റെഡ്ഢിയുടെ വീട്ടിലുണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊലപാതകം നടന്നെന്ന് കരുതപ്പെടുന്ന രാത്രിയിൽ ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നു. രാവിലെ വീട്ടിലെ ജോലിക്കാർ വന്നപ്പോഴാണ് കുളിമുറിയിൽ വിവേകാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
Leave a Comment