X

പാരീസ് ഉടമ്പടിക്ക് ഇന്ത്യയുടെ അംഗീകാരം; ഇനി വേണ്ടത് പരിസ്ഥിതി സംരക്ഷണ നടപടികള്‍

ടീം അഴിമുഖം

വേണ്ട സമയത്ത് കാര്യങ്ങള്‍ ചെയ്യാതിരിക്കുക നമ്മെ സംബന്ധിച്ചു സ്വാഭാവികമായ ഒരു കാര്യമാണ്. അതുകൊണ്ടു, പാരീസ് കാലാവസ്ഥ മാറ്റ ഉടമ്പടി അംഗീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം കൂടുതല്‍ സ്വാഗതാര്‍ഹമാണ്. പക്ഷേ, ഉടമ്പടി അംഗീകരിക്കുന്നതിനുള്ള തിടുക്കം യു.എസ് പ്രസിഡണ്ട് ബരാക് ഒബാമയ്ക്ക് ഒരു വിടവാങ്ങല്‍ സമ്മാനം നല്‍കുന്നതിന് കൂടിയാണ്. ആണവദാതാക്കളുടെ സംഘത്തിലേക്കുള്ള പ്രവേശനവുമായി ഇന്ത്യ ഇതിനെ ബന്ധിപ്പിക്കുന്നു എന്നും കുറച്ചു വലിച്ചുനീട്ടിയാല്‍ തോന്നാം. ആണവ സാങ്കേതികവിദ്യയിലും ആണവ അസംസ്കൃത വസ്തുക്കളുടെയും വ്യാപാരം നടത്തുന്ന 48 രാജ്യങ്ങളുടെ സംഘമാണ് എന്‍ എസ് ജി.

പാരീസ് ഉടമ്പടി സാധുവാകണമെങ്കില്‍ അതിനു ആഗോള ബഹിര്‍ഗമനത്തിന്റെ 55%-ത്തിനും ഉത്തരവാദികളായ 55 രാഷ്ട്രങ്ങളുടെ അംഗീകാരം വേണം. ലോകത്തെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 6% വരുന്ന, നാലാമത്തെ വലിയ ഹരിത ഗൃഹ വാതക ബഹിര്‍ഗമന രാഷ്ട്രമായ ഇന്ത്യ അംഗീകാരം നല്‍കുന്നതോടെ ഈ കടമ്പ കടക്കാനുള്ള സാധ്യത എറിയിരിക്കുന്നു. പാരീസ് ഉടമ്പടി നടപ്പാക്കുന്നതിലെ പ്രക്രിയ നിശ്ചയിക്കുന്നതില്‍ ഇന്ത്യക്ക് കൂടുതല്‍ സ്വാധീനം ചെലുത്താനും ഈ അംഗീകാരം നല്‍കല്‍ സഹായിക്കും. എന്നാല്‍ രണ്ടു പ്രത്യേക ഘടകങ്ങളില്‍ ഇന്ത്യ അംഗീകാരം നല്കിയത് ആശങ്ക ഉണര്‍ത്തുന്നു. ഒന്നാമത്തേത്, കാലാവസ്ഥ മാറ്റ ഉടമ്പടിക്കു അംഗീകാരം നല്‍കുന്നതോടെ ഇന്ത്യക്ക് തന്ത്രപരമായ ഇളവുകള്‍ നേടുന്നത്തിനുള്ള വിലപേശല്‍ ശക്തി ഇല്ലാതാകും എന്നൊരു ആശങ്ക ഉയര്‍ന്നിരുന്നു. ആണവ ദാതാക്കളുടെ സംഘത്തിലെ അംഗത്വത്തിനും ഒരു ഹരിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനായി വികസിത രാഷ്ട്രങ്ങളില്‍ നിന്നും സാമ്പത്തിക,സാങ്കേതിക സഹായങ്ങള്‍ ലഭിക്കുന്നതിന് സമ്മര്‍ദം ചെലുത്താനുള്ള ശേഷിയും ഇല്ലാതാകുമെന്നാണ് വിമര്‍ശനം.

കാലാവസ്ഥ മാറ്റവും അതിന്റെ ഉപോത്പന്നങ്ങളായ ദുരന്തങ്ങളും ഒരു വസ്തുതയാണെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ കാലാവസ്ഥാമാറ്റം പോലെ നിര്‍ണ്ണായകമായ ഒരു വിഷയത്തെ തന്ത്രപരമായ പരിഗണനകളില്‍ കെട്ടിയിട്ടുകൂട. ഉടമ്പടിക്ക് വേഗത്തില്‍ അംഗീകാരം നല്കിയത് വരാനിരിക്കുന്ന പ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യക്കു കൂടുതല്‍ സമയം നല്കും.

ബഹിര്‍ഗമനപ്രശ്നങ്ങള്‍ നേരിടാന്‍ ഇന്ത്യ എത്രമാത്രം സജ്ജമാണെന്ന ആശങ്ക കൂടുതല്‍ വിശകലനം അര്‍ഹിക്കുന്ന ഒന്നാണ്. ഇന്ത്യ അതിന്റെ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഉദാഹരണത്തിന് 2030-ഓടെ ആവശ്യമായ വൈദ്യുതിയുടെ 40% ആവര്‍ത്തനോര്‍ജ്ജം, കുറഞ്ഞ കാര്‍ബണ്‍ സ്രോതസുകളില്‍ നിന്നുമായിരിക്കും എന്നു ഇന്ത്യ പറയുന്നുണ്ട്. ഇതിനായി നിലവിലെ ഊര്‍ജ നയങ്ങള്‍ സൌരോര്‍ജം, ആണവോര്‍ജം, കാറ്റ്, ജലവൈദ്യുതോര്‍ജം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന വിധത്തില്‍ മാറ്റേണ്ടിവരും. ഊര്‍ജനയം മാത്രമല്ല, ബഹിര്‍ഗമന നിയമങ്ങള്‍, ഉപഭോഗ രീതികള്‍, ബോധവത്കരണം എന്നിവയിലെല്ലാം വലിയ മാറ്റങ്ങള്‍ വേണ്ടിവരും. ഇതിനായി തത്പര കക്ഷികളുമായി-കേന്ദ്രം, സംസ്ഥാനങ്ങള്‍, പൌരാസമൂഹം എന്നിവര്‍ക്കിടയില്‍- നിരന്തരമായ ആശയവിനിമയം നടത്തേണ്ടതുണ്ട്. അത്തരമൊരു കൂട്ടായ ദൌത്യത്തിന് പാരീസ് ഉടമ്പടി അംഗീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പ്രേരകമാകും എന്നു കരുതാം.

This post was last modified on October 4, 2016 8:30 am