X

ജഡ്ജി ലോയയെ കൊന്നത് റേഡിയോ ആക്ടീവ് ഐസോടോപ് പോയിസണിങ്ങിലൂടെ; തെളിവുകൾ സമർപ്പിച്ച് കോടതിയിൽ പുതിയ ഹരജി

തന്റെ ജീവന്‍ അപകടത്തിലായതിനാലാണ് കോടതിയുടെ സുരക്ഷിതമായ കരങ്ങളിൽ താൻ രേഖകൾ ഏൽപ്പിക്കുന്നതെന്നും സതീഷ് ഉകെ പറഞ്ഞു.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബിഎച്ച് ലോയ ഹൃയാഘാതം മൂലമല്ല മരിച്ചതെന്ന് ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകന്റെ റിട്ട് ഹരജി. അഡ്വ. സതീഷ് ഉകെയാണ് രേഖകൾ സഹിതം ഹരജി നൽകിയിരിക്കുന്നത്. ബിഎച്ച് ലോയ കൊല്ലപ്പെട്ടതാണെന്നും ഇതിന്റെ കാരണം റേഡിയോആക്ടീവ് ഐസോടോപ് പോയിസണിങ് ആണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ വിവരങ്ങൾ ശേഖരിച്ചതിനാൽ തന്റെ ജീവൻ അപകടത്തിലാണെന്നും സതീഷ് 209 പേജുള്ള റിട്ട് ഹരജിയിൽ പറഞ്ഞു. ദുരൂഹമായ സാഹചര്യങ്ങളിൽ മരണപ്പെട്ട അഭിഭാഷകർ ശ്രീകാന്ത് ഖണ്ഡാൽക്കർ, പ്രകാശ് തോംബ്രെ എന്നിവരും തന്നോട് ലോയയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് സജീഷ് പറഞ്ഞു. മേൽപ്പറഞ്ഞവരുടെ അതേ ഗതി തനിക്കും വന്നേക്കാമെന്നും സതീഷ് കോടതിയെ ബോധിപ്പിച്ചു.

ബിജെപി ദേശീയാധ്യക്ഷൻ 2015ൽ നാഗ്പൂർ‌ സന്ദർശിച്ചപ്പോൾ ആറ്റമിക് എനർജി കമ്മീഷൻ ചെയർമാൻ രതന്‍ കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഈ കൂടിക്കാഴ്ചയുടെ രേഖകളെല്ലാം പിന്നീട് ഇല്ലാതാക്കപ്പെട്ടുവെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. ഈ കൂടിക്കാഴ്ചയിലൂടെയാണ് ലോയയെ റേഡിയോആക്ടീവ് ഐസോടോപ്പ് പോയിസണിങ്ങിലൂടെ കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുങ്ങിയതെന്ന് സതീഷ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

സോഹ്റാബുദ്ദീൻ ഷെയ്ഖ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ ഭീഷണിപ്പെടുത്തിയതായി ലോയ തന്നോടു പറഞ്ഞിരുന്നതായും സതീഷ് അവകാശപ്പെടുന്നു. ശ്രീകാന്ത് ഖണ്ഡാൽക്കർ, പ്രകാശ് തോംബ്രെ എന്നിവരുടെ ആവശ്യപ്രകാരമാണ് ലോയയുമായി താൻ സംസാരിച്ചത്. ഈ രണ്ടുപേരും ദുരൂഹ സാഹചര്യങ്ങളിലാണ് മരിച്ചത്. ഖണ്ഡാൽക്കറിനെ കാണാതാകുകയായിരുന്നു. രണ്ടുദിവസത്തിനു ശേഷം മൃതദേഹം കോടതി പരിസരത്തു നിന്നും കണ്ടെത്തി. പ്രകാശ് തോംബ്രെ നാഗ്പൂരിൽ നിന്നും ബെംഗളൂരുവിലേക്ക് സഞ്ചരിക്കുമ്പോഴാണ് മരണപ്പെട്ടത്.

തന്റെ ജീവന്‍ അപകടത്തിലായതിനാലാണ് കോടതിയുടെ സുരക്ഷിതമായ കരങ്ങളിൽ താൻ രേഖകൾ ഏൽപ്പിക്കുന്നതെന്നും സതീഷ് ഉകെ പറഞ്ഞു.

ലോയ കേസ് വാദത്തിനിടെ സുപ്രീം കോടതിയില്‍ നടന്ന ചൂടേറിയ തര്‍ക്കങ്ങള്‍-പൂര്‍ണ്ണരൂപം

ജസ്റ്റിസ് ലോയയുടെ മരണം; ചീഫ് ജസ്റ്റിസ് മോഹിത് ഷായ്ക്ക് പങ്കെന്ന് പറയുന്ന മകന്റെ കത്തിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

This post was last modified on November 23, 2018 8:16 pm