ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, തനിക്ക് താല്‍പര്യമുള്ള ജഡ്ജിമാര്‍ക്ക് ഗൗരവമുള്ള കേസുകള്‍ കൊടുത്ത് സുപ്രീംകോടതിയുടെ കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന എന്ന ആരോപണം ഇന്നലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയിരുന്നു – ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരാണ് ചീഫ് ജസ്റ്റിസിനെഴുതിയ കത്തില്‍ ഇക്കാര്യം പറയുന്നത്. ഇത്തരത്തില്‍ പ്രധാനമായും ചീഫ് ജസ്റ്റിസ് കേസുകള്‍ അലോക്കേറ്റ് ചെയ്തിരിക്കുന്നത് ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കാണ്.
ഏറ്റവും ഗൗരവ സ്വഭാവമുള്ള കേസുകള്‍ ആദ്യം ചീഫ് ജസ്റ്റിസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ഏറ്റെടുക്കുന്നില്ലെങ്കില്‍ പിന്നീട് വരുന്ന ഏറ്റവും മുതിര്‍ന്ന ജഡ്ജിമാര്‍ പരിഗണിക്കുക എന്നതാണ് സുപ്രീംകോടതി പിന്തുടരുന്ന രീതി. എന്നാല്‍ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി അടക്കമുള്ളവ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ വരുന്നത് ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ്. ഇവരെ മറികടന്നാണ് അരുണ്‍ മിശ്രയ്ക്ക് ഈ കേസ് കൊടുത്തിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹം മരണം സംബന്ധിച്ചാണ് അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്. ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടില്ല. കേസ് വീണ്ടും പരിഗണിക്കുന്നതിന് വേണ്ടി മാറ്റി വയ്ക്കുകയും ചെയ്തു.
മെഡിക്കല്‍ കൗണ്‍സില്‍ കോഴ വിവാദത്തില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി ജസ്റ്റിസ് ചെലമേശ്വര്‍ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ദീപക് മിശ്രയുടെ ബഞ്ച് റദ്ദാക്കുകയും ചെറിയ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. അരുണ്‍ മിശ്ര ഈ രണ്ട് ബഞ്ചിന്റേയും ഭാഗമായിരുന്നു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് അരുണ്‍ മിശ്ര അടങ്ങിയ മൂന്നംഗ ബഞ്ച് വിധിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരായ അഭിഭാഷകര്‍ പ്രശാന്ത് ഭൂഷണും കാമിനി ജയസ്വാളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ രണ്ട് പേര്‍ക്കുമെതിരെ കോടതിയലക്ഷ്യ കേസെടുക്കണം എന്നാണ് അരുണ്‍ മിശ്ര പറഞ്ഞത്.
സഹാറ – ബിര്‍ള ഡയറി കേസ് പരിഗണിച്ചത് അരുണ്‍ മിശ്രയും അമിതാവ റോയിയുമുള്ള ബഞ്ചായിരുന്നു. സഹാറ, ആദിത്യ ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പണം പറ്റിയെന്നായിരുന്നു ആരോപണം. എന്നാല്‍ അരുണ്‍ മിശ്രയുടെ ബഞ്ച്് ഹര്‍ജി തള്ളി. കഴിഞ്ഞയാഴ്ച ദീപക് മിശ്ര പരിഗണിക്കാനിരുന്ന കേസ് അദ്ദേഹം അരുണ്‍ മിശ്രയുടെ ബഞ്ചിന് കൈമാറി, വിവാദമായ എയര്‍സെല്‍ – മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട കേസ്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട കേസാണിത്.
ആരാണ് അരുണ്‍ മിശ്ര?
2014 ജൂലൈയില്‍ സുപ്രീംകോടതി ജഡ്ജിയാകുന്നതിന് മുമ്പ് അദ്ദേഹം 15 വര്‍ഷം ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചു. 2020 സെപ്റ്റംബറിലാണ് അദ്ദേഹം വിരമിക്കുക. സാധാരണഗതിയില്‍ നേരത്തെ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടേണ്ടതായിരുന്നു. സിവില്‍, ഇന്‍ഡസ്ട്രിയല്‍, സര്‍വീസ്, ക്രിമിനല്‍ കാര്യങ്ങളിലാണ് അദ്ദേഹത്തിന്റെ വൈദഗ്ധ്യം. 2010-14 കാലത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ഒരു ലക്ഷത്തിലധികം കേസുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണായിരുന്നു അദ്ദേഹം. പിതാവ് എച്ച് ജി മിശ്രയും മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നു.
Leave a Comment