X

ചന്ദ്രശേഖര്‍ റാവു പിണറായിയുമായി ചര്‍ച്ച നടത്തി; ലക്ഷ്യം മൂന്നാം മുന്നണിയോ?

ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി എന്ന ആശയത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ് നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചന്ദ്രശേഖര്‍ റാവു.

തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവു തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ടി.ആര്‍.എസ്. എം.പിമാരായ സന്തോഷ് കുമാര്‍, വിനോദ് കുമാര്‍ എന്നിവരും തെലങ്കാന മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിങ്കളാഴ്ച വൈകുന്നേരമാണ് ചന്ദ്രശേഖര്‍ റാവു തിരുവനന്തപുരത്തെത്തിയത്. ഭാര്യ കെ ശോഭയും രണ്ട് പേരക്കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ട്. കോവളത്ത് തങ്ങുന്ന അദ്ദേഹം 8-ന് ഉച്ചയ്ക്ക് ശേഷം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി സന്ദര്‍ശനം കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങും. കുടുംബത്തോടൊപ്പമാണ് ചന്ദ്രശേഖര റാവു എത്തിയിരിക്കുന്നതെങ്കിലും അവധിക്കാലം ചിലവഴിക്കാനെത്തിയപ്പോളുള്ള സൗഹൃദ സന്ദര്‍ശനമല്ല ഇതെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ 17 ദിവസം മാത്രമുള്ളപ്പോളുള്ള സന്ദര്‍ശനം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്നും വിലയിരുത്തപ്പെടുന്നു.

ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി എന്ന ആശയത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ് നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചന്ദ്രശേഖര്‍ റാവു. ഇതാണ് പിണറായി വിജയനുമായുള്ള ചന്ദ്രശേഖര്‍ റാവുവിന്റെ കൂടിക്കാഴ്ച ഏറെ അഭ്യൂഹങ്ങള്‍ക്ക് കാരണമാകുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരുമായെല്ലാം ചര്‍ച്ച നടത്തി മൂന്നാം മുന്നണിക്കായുള്ള ശ്രമങ്ങള്‍ ചന്ദ്രശേഖര്‍ റാവു നടത്തിയിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.

മമത കോണ്‍ഗ്രസ് ഇതര ദേശീയ മുന്നണിയെ അംഗീകരിച്ചിട്ടില്ല. പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരെന്ന ആശയത്തെ പിന്തുണക്കുന്നുണ്ടെങ്കിലും നവീന്‍ പട്‌നായിക് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തില്‍ നിലപാട് വ്യക്തമാക്കാത്ത മറ്റൊരാള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ടിആര്‍എസ് ശക്തമായ പിന്തുണ നല്‍കുന്നു. ആന്ധ്രയില്‍ വൈഎസ്ആര്‍ വലിയ വിജയം നേടുകയാണെങ്കില്‍ ദേശീയ രാഷ്ട്രീയത്തിലെ മുന്നണി രൂപീകരണത്തില്‍ അവര്‍ നിര്‍ണായകമാകും.

കോണ്‍ഗ്രസ് ഇത്തവണ 100 സീറ്റ് നേടില്ല എന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിയുടെ വയനാട് മത്സരം കോണ്‍ഗ്രസുമായി ഒരു തരത്തിലും സഹകരണം പാടില്ല എന്ന് വാദിക്കുന്ന സിപിഎമ്മിലെ വിഭാഗത്തിലും അതിലെ പ്രബല ശക്തിയായ കേരള ഘടകത്തിന്റേയും ശബ്ദത്തിന് വീണ്ടും ഊര്‍ജ്ജം നല്‍കിയിരുന്നു. മായാവതിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണക്കും എന്ന് തരത്തിലുള്ള പ്രതികരണങ്ങള്‍ സിപിഎം നേതൃത്വത്തില്‍ നിന്ന് വരുന്നതും ഇത്തരമൊരു കോണ്‍ഗ്രസ് ഇതര, ബിജെപി വിരുദ്ധ സര്‍ക്കാര്‍ എന്ന ആശയത്തിന്റെ ഭാഗമായാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏത് തരത്തിലാണ് സീറ്റ് നില എന്ന് നോക്കിയ ശേഷം മാത്രമേ ഇത്തരം മുന്നണി സമവാക്യങ്ങളെക്കുറിച്ച് ആലോചിക്കാനാകൂ.

തെലങ്കാനയില്‍ ടിആര്‍എസിന്റെ ആധിപത്യത്തിന് യാതൊരു ഭീഷണിയുമില്ല എന്നാണ് വിലയിരുത്തല്‍. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും ചേര്‍ന്നുള്ള മഹാസഖ്യം വന്‍ വിജയം നേടുകയും ദേശീയ തലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇരു പാര്‍ട്ടികളും എന്ത് നിലപാട് സ്വീകരിക്കും എന്നത് പ്രസക്തമാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള മൂന്നാം മുന്നണി സര്‍ക്കാരിനായുള്ള ശ്രമങ്ങളില്‍ അവര്‍ സഹകരിക്കുമോ. നിലവില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ ജനതാദള്‍ എസിനേയും ഡിഎംകെയേയും ചന്ദ്രശേഖര്‍ റാവു മൂന്നാം മുന്നണിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

This post was last modified on May 6, 2019 10:16 pm