X

കാശ്മീരിലെ പുല്‍വാമയില്‍ 15കാരന്‍ ആത്മഹത്യ ചെയ്തത് സൈനികര്‍ മര്‍ദ്ദിച്ചതിന്‌ പിന്നാലെയെന്ന് പരാതി; നിഷേധിച്ച് ആര്‍മി

പ്രദേശത്ത് ഒരു ഗ്രനേഡ് ആക്രമണം നടന്നതിന് ശേഷം ഇവിടുത്തെ യുവാക്കളുടെ ഐഡി കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 15കാരന്‍ ആത്മഹത്യ ചെയ്തത് സൈനികര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് എന്ന ആരോപണം. പുല്‍വാമയിലെ ചാന്ദ്ഗാം ഗ്രാമത്തിലാണ് സംഭവം. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് ആര്‍മി വൃത്തങ്ങള്‍ ദ ടെലിഗ്രാഫിനോട് പറഞ്ഞു. മരിച്ച യവാര്‍ അഹമ്മദ് ഭട്ടിനെ പീഡിപ്പിക്കുയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല എന്നാണ് സേനയുടെ വിശദീകരണം.

പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റ് ആയി എഴുതാന്‍ തയ്യാറെടുക്കുകയായിരുന്ന യവാര്‍ അഹമ്മദ് വിഷം കഴിക്കുകയായിരുന്നു. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ഹോസ്പിറ്റലില്‍ വച്ചാണ് യവാര്‍ അഹമ്മദ് മരിച്ചത്. സൈനികര്‍ മര്‍ദ്ദിച്ചതില്‍ മനം നൊന്താണ് യവാര്‍ ജീവനൊടുക്കിയത് എന്ന് കുടുംബം പറയുന്നു. ആര്‍മി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു എന്ന് യവാര്‍ സഹോദരിയോട് പറഞ്ഞിരുന്നതായി പിതാവ് അബ്ദുള്‍ ഹമീദ് ഭട്ട് പറയുന്നു.

പ്രദേശത്ത് ഒരു ഗ്രനേഡ് ആക്രമണം നടന്നതിന് ശേഷം ഇവിടുത്തെ യുവാക്കളുടെ ഐഡി കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. ആര്‍മി തന്നെ ഇനിയും പീഡിപ്പിക്കും എന്ന് യവാര്‍ ഭയന്നിരുന്നതായി അമ്മാവന്‍ ഗുല്‍സാര്‍ അഹമ്മദ് പറയുന്നു. ഒരു ദിവസം മുഴുവന്‍ റൂമില്‍ അടച്ചിരുന്നു. രാത്രി 11 മണിക്ക് യവാര്‍ ഛര്‍ദ്ദിക്കുന്നതായി കണ്ടു. തലവേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ എത്തുമ്പോളേക്കും നില മോശമായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.

This post was last modified on September 22, 2019 10:07 pm