X

“മുസ്ലിങ്ങൾ രണ്ടാംതരം പൗരന്മാരായി”: രാഷ്ട്രീയത്തിലിറങ്ങാൻ ഐഎഎസ് ഒന്നാം റാങ്കുകാരൻ രാജിവെച്ചു

റിട്ടയർ ചെയ്തവരും ചെയ്യാന്‍ അധികകാലമില്ലാത്തവരുമൊക്കെ ഐഎഎസ് സേവനം ഒഴിവാക്കി രാഷ്ട്രീയത്തിൽ ചേരുന്നത് പുതുമയല്ല. എന്നാൽ ഒരു യുവാവ് അങ്ങനെ ചെയ്യുമ്പോൾ അത് കൗതുകം നൽകുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള ഈ കക്ഷി ഐഎഎസ് പരീക്ഷയിൽ സംസ്ഥാനത്തേക്ക് ആദ്യത്തെ ഒന്നാം റാങ്ക് കൊണ്ടു വന്നയാളാണെന്നു കൂടി അറിയുമ്പോൾ സംഗതിയിലെ രാഷ്ട്രീയം കൂടി മുമ്പോട്ടു വന്നു നില്‍ക്കും.

കശ്മീരിലെ തുടർ കൊലപാതകങ്ങളും കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥതയില്ലാത്ത സമീപനവുമാണ് തന്നെ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിച്ചതെന്ന് ഷാ ഫയേസർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഈ കൊലപാതകങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് തന്റെ രാജിയെന്നും അദ്ദേഹം പറഞ്ഞു. 200 ദശലക്ഷം ഇന്ത്യൻ മുസ്ലിങ്ങളെ ഹിന്ദുത്വ ശക്തികൾ രണ്ടാംതരം പൗരന്മാരാക്കിയിരിക്കുകയാണ്.

തീവ്രദേശീയതയുടെ പേരിൽ രാജ്യത്ത് വളരുന്ന അസഹിഷ്ണുതയും വിദ്വേഷവും കണ്ടു നിൽക്കാനാകാത്തതു കൊണ്ടാണ് രാജി വെച്ച് രാഷ്ട്രീയത്തിലിറങ്ങുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച താൻ വാർത്താ സമ്മേളനം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാഷണൽ കോൺഫറൻസിൽ ചേരാനാണ് ഷായുടെ പദ്ധതിയെന്ന് അറിയുന്നു. 2010ലാണ് ഇദ്ദേഹത്തിന് ഒന്നാംറാങ്ക് നേടിയത്.