X

പഞ്ചാബ് സർവ്വകലാശാലയുടെ ആണധികാരത്തെ ചോദ്യം ചെയ്ത് ഇടത് വിദ്യാർത്ഥി സംഘടനയിലെ 22കാരിയുടെ മുന്നേറ്റം

"പതിനെട്ട് വയസ്സായ ഒരു ആൺകുട്ടിയെ പക്വതയെത്തിയയാളായി കണക്കാക്കുന്നുണ്ടെങ്കിൽ അതേ പ്രായമുള്ള പെൺകുട്ടിക്കും പ്രായപൂർ‌ത്തിയായിട്ടുണ്ട്"

പഞ്ചാബ് സർവ്വകലാശാലയുടെ കാമ്പസ് സ്റ്റുഡന്റ്സ് കൗൺസിൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയെന്ന ബഹുമതി കനുപ്രിയയ്ക്കാണ്. ഇടത് ചായ്‌വുള്ള സ്റ്റുഡന്റ്സ് ഫോർ സൊസൈറ്റി എന്ന വിദ്യാർത്ഥി സംഘടനയുടെ നേതാവാണ് കനുപ്രിയ എന്ന 22കാരി. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ തലതൊട്ടപ്പനായ ഭഗത് സിങ്ങിന്റെ ചിത്രങ്ങളാണ് എസ്എഫ്എസ്സിന്റെ പോസ്റ്ററുകളിൽ നിറയെ.

സർവ്വകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്എസ് ജയിച്ചതിനു പിന്നാലെ കാമ്പസ്സിലെ ആണധികാരത്തെയാണ് കനുപ്രിയയ്ക്ക് ആദ്യമേ നേരിടേണ്ടി വന്നത്. സർവ്വകലാശാലയിലെ ഹോസ്റ്റലിൽ കോമൺ റൂമിലും ഡൈനിങ് ഹാളിലും ഇരിക്കുന്ന പെൺകുട്ടികൾ ‘ശരിയായി’ വസ്ത്രം ധരിച്ചിരിക്കണമെന്ന് ഹോസ്റ്റൽ വാർഡൻ നോട്ടീസ് പതിച്ചു. പാലിച്ചില്ലെങ്കിൽ ഫൈൻ അടയ്ക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ടായിരുന്നു. കനുപ്രിയ വിദ്യാർത്ഥികളെ കൂട്ടി സമരത്തിനിറങ്ങി. അധികൃതർ നോട്ടീസ് എടുത്തു മാറ്റിയില്ലെങ്കിൽ വിദ്യാർത്ഥികൾ അത് ചെയ്യുമെന്ന് കനുപ്രിയ പറഞ്ഞു. പിന്നാലെ നോട്ടീസ് നീക്കം ചെയ്യപ്പെട്ടു.

അധികൃതരുടെ ആണധികാര പ്രയോഗങ്ങളാണ് മോറൽ പൊലീസിങ്ങിലും ഡ്രസ് കോഡ് നിർണയത്തിലും കാണുന്നത്. “പതിനെട്ട് വയസ്സായ ഒരു ആൺകുട്ടിയെ പക്വതയെത്തിയയാളായി കണക്കാക്കുന്നുണ്ടെങ്കിൽ അതേ പ്രായമുള്ള പെൺകുട്ടിക്കും പ്രായപൂർ‌ത്തിയായിട്ടുണ്ട്” -കനുപ്രിയ പറയുന്നു.

താനൊരു വിമോചകയല്ലെന്ന് കനുപ്രിയ വിശദീകരിക്കുന്നു. “വിമോചകർ എന്നൊരു കൂട്ടർ നിലനിൽക്കുന്നില്ല. ജനങ്ങൾ അവരെ സ്വയം വിമോചിപ്പിക്കുകയാണ് ചെയ്യുന്നത്” -കനുപ്രിയ കൂട്ടിച്ചേർത്തു. 2010ലാണ് എസ്എഫ്എസ് സ്ഥാപിക്കപ്പെട്ടത്. ഒരു ദേശീയ കക്ഷിയുമായും തങ്ങൾക്ക് ബന്ധമില്ലെന്ന് എസ്എഫ്എസ് പറയുന്നു.