X

മധ്യപ്രദേശിൽ കോൺഗ്രസിന് 121 പേരുടെ പിന്തുണ; സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണർ

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കാണാന്‍ അനുമതി തേടി

മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഗവർ‌ണര്‍ക്ക് കത്തുനൽകി. 121 എംഎൽഎ മാരുടെ പിന്തുണയുണ്ടെന്നും ഗവർണർ ആനന്ദിബെൻ പട്ടേലിന് സമർപ്പിച്ച കത്ത് വ്യക്തമാക്കുന്നു. ബിഎസ്പി പിന്തുണ ഉറപ്പിച്ച ശേഷമായിരുന്നു കോൺഗ്രസ് നേതാക്കളായ ജോതിരാധിത്യ സിന്ധ്യ, കമൽ നാഥ്, ദിഗ്വിജയ് സിങ് എന്നിവർ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കത്ത് സ്വീകരിച്ച ആനന്ദിബെൻ പട്ടേൽ കോൺഗ്രസിനെ സര്‍ക്കാർ രുപീകരണത്തിന് ക്ഷണിക്കുകയും ചെയതു. നോതാക്കളോട് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ നേതാക്കളോട് നിർദേശിച്ചതായും ഗവർണറുടെ ഒാഫീസ് അറിയിച്ചു.

മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തു വന്നതോടെ 15 വര്‍ഷം നീണ്ട ശിവരാജ് സിംഗ് ചൌഹാന്‍ സര്‍ക്കാരിന് അന്ത്യമാകുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണയില്ലെന്ന് വ്യക്തമായതോടെ താന്‍ രാജി വയ്ക്കുകയാണെന്ന് ചൌഹാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കമല്‍ നാഥും രാജിക്കത്തുമായി ചൌഹാനും ഉടന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കാണും.

ഒരു മണിക്കൂര്‍ മുമ്പാണ് കോണ്‍ഗ്രസിന് പിന്തുണയുമായി മായാവതി രംഗത്തെത്തിയത്. അവരുടെ പാര്‍ട്ടിക്ക് രണ്ടു സീറ്റുകളാണ്‌ ഉള്ളത്. കോണ്‍ഗ്രസിന്റെ മിക്ക നയപരിപാടികളോടും തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പിന്തുണ നല്‍കാന്‍ തയാറാണെന്നും മായാവതി വ്യക്തമാക്കുകയായിരുന്നു. ആവശ്യമെങ്കില്‍ രാജസ്ഥാനിലും പിന്തുണ നല്‍കും. ബിജെപി സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളാണ് അവര്‍ക്ക് ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും തിരിച്ചടിയായത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ല എന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലെ അര്‍ദ്ധരാത്രി മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോൺഗ്രസ് 114 സീറ്റിലും ബിജെപി 109 സീറ്റിലുമാണ് വിജയിച്ചത്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടതെന്നിരിക്കെ രണ്ടു സീറ്റിന്റെ കുറവായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഒരു സീറ്റില്‍ വിജയിച്ച അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി നേരത്തെ തന്നെ പിന്തുണ വ്യക്തമാക്കിയിരുന്നു. വിജയിച്ച നാലു സ്വതന്ത്രരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് അവകാശപ്പെട്ടിരുന്നു.

കർണാടകയിലെ നീക്കങ്ങൾക്ക് സമാനമായ നാടകീയ രംഗങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ട് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുമായി കോണ്‍ഗ്രസ് കളം നിറഞ്ഞിരുന്നു. മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി ഹൈക്കമാന്‍ഡ് ഇന്നലെ നിയോഗിച്ചിരുന്നു.

കര്‍ണാടകയില്‍ ബിജെപി ആയിരുന്നു ഒറ്റക്കക്ഷി എങ്കിലും ജനതാ ദളി (എസ്)നെ പിന്തുണയ്ക്കുന്നുവെന്നും അതിനാല്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം എന്നും വ്യക്തമാക്കി കോണ്‍ഗ്രസ് ഗവര്‍ണര്‍ വാജുഭായി വാലയ്ക്ക് കത്ത് നല്‍കിയെങ്കിലും അദ്ദേഹം ബിജെപിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ അടക്കം നിയമയുദ്ധം നടത്തുകയും ചെയ്തിരുന്നു. ഒടുവില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ് യെദിയൂരപ്പ രാജി വയ്ക്കുകയും പിന്നാലെ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാവുകയുമായിരുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനു കീഴില്‍ മന്ത്രിമാരായിരുന്നവരാണ് വാജുഭായിയും ഇപ്പോള്‍ മധ്യപ്രദേശ് ഗവര്‍ണറായിരിക്കുന്ന ആനന്ദിബെന്‍ പട്ടേലും. അതുകൊണ്ടു തന്നെ ഗവര്‍ണര്‍റുടെ തീരുമാനം ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ പിന്തുണയുമായി മായാവതി എത്തിയതോടെ ഗവര്‍ണര്‍ ഇടപെടുന്ന സാഹചര്യം ഒഴിവായിരിക്കുകയാണ്.

15 വര്‍ഷം നീണ്ട ശിവരാജ് സിംഗ് ചൌഹാന്‍ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് ഈ പ്രധാന ഹിന്ദി സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അവസാന മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ്‌ സിംഗിന് ശേഷം നിരവധി ഗ്രൂപ്പുകളും തമ്മിലടിയുമായി തകര്‍ന്നു പോയ കോണ്‍ഗ്രസിനെ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കമല്‍നാഥിനെ സംസ്ഥാന അധ്യക്ഷനായി നിയോഗിക്കുകയും എം.പി കൂടിയായ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ സംസ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തു. പാര്‍ട്ടിയെ ദിഗ്വിജയ്‌ സിംഗില്‍ നിന്ന് ‘മോചിപ്പിക്കുക’ എന്നതായിരുന്നു കമല്‍നാഥും സിന്ധ്യയും ആദ്യം ചെയ്തത്.

കഴിഞ്ഞ തവണത്തെ 56 സീറ്റില്‍ നിന്നാണ് ഇത്തവണ 114 എന്ന സംഖ്യയിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കമല്‍ നാഥ്, അല്ലെങ്കില്‍ സിന്ധ്യ മുഖ്യമന്ത്രിയാവും എന്നൊക്കെയാണ് അഭ്യൂഹങ്ങള്‍ എങ്കിലും രാഷ്ട്രീയ പരിചയം കൂടുതലുള്ള കമല്‍നാഥിനെ തന്നെ ഇവിടെ മുഖ്യമന്ത്രിയാക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസാണ് മുമ്പിലെങ്കിലും വോട്ട് ഷെയറില്‍ ബിജെപിയാണ് ഇവിടെ മുമ്പില്‍. കോണ്‍ഗ്രസിന് 40.9 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് 41 ശതമാനം വോട്ട് ലഭിച്ചു. ബിഎസ്പി ഇവിടെ രണ്ടു ശതമാനം വോട്ട് നേടി.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ യുഗത്തില്‍ ഏറ്റവും നീണ്ട വോട്ടെണ്ണലിന് കൂടിയാണ് മധ്യപ്രദേശ്‌ സാക്ഷ്യം വഹിച്ചത്. രാവിലെ എട്ടു മണിക്ക് തുടങ്ങിയ വോട്ടെണ്ണലിനിടെ പലതവണ ലീഡ് നിലകള്‍ മാറിമറിഞ്ഞിരുന്നു. ഇതിനോടുവിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് അധികാരമുറപ്പിച്ചിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 99 സീറ്റിലും ബിജെപി 73 സീറ്റിലുമാണ് വിജയിച്ചത്. സിപിഎം ഇവിടെ രണ്ടു സീറ്റില്‍ വിജയിച്ചു. ആകെയുള്ള 200 സീറ്റുകളില്‍ 199 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 100 സീറ്റ്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് 68 സീറ്റില്‍ വിജയിച്ചപ്പോള്‍ 15 വര്‍ഷം ഇവിടെ ഭരണത്തിലിരുന്ന ബിജെപി 15 സീറ്റില്‍ ഒതുങ്ങി. മൂന്നാം കക്ഷിയായി മത്സരിച്ച മുന്‍ മുഖ്യമന്ത്രി അജിത്‌ ജോഗിയുടെ പാര്‍ട്ടിയും ബിഎസ്പിയും ചേര്‍ന്ന സഖ്യം അഞ്ചു സീറ്റുകള്‍ നേടി.

തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും അധികാരമുറപ്പിച്ചു. തെലങ്കാനയില്‍ ആകെയുള്ള 119 സീറ്റില്‍ ടിആര്‍എസ് 88 സീറ്റിലും കോണ്‍ഗ്രസ് 19 സീറ്റിലുമാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തെ 63 സീറ്റാണ് ടിആര്‍എസ് ഇത്തവണ 88 ആയി വര്‍ധിപ്പിച്ചത്. കോണ്‍ഗ്രസ് ഇത്തവണ ടി.ഡി.പി, തെലങ്കാന ജന സമിതി, സിപിഐ കക്ഷികളെ ഉള്‍പ്പെടുത്തി സഖ്യമായാണ് മത്സരിച്ചതെങ്കിലും അടി തെറ്റി. ഒറ്റയ്ക്ക് മത്സരിച്ച കഴിഞ്ഞ തവണ 21 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഇത്തവണ 19 സീറ്റില്‍ ഒതുങ്ങിയത്. 13 സീറ്റില്‍ മത്സരിച്ച ടി.ഡി.പി രണ്ടു സീറ്റില്‍ ഒതുങ്ങി. ടിജെഎസ്, സിപിഐ കക്ഷികള്‍ക്ക് നല്‍കിയ 11 സീറ്റുകള്‍ കൂടി ഇത്തവണ കോണ്‍ഗ്രസിന് നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ തവണ അഞ്ചു സീറ്റില്‍ വിജയിച്ച ബിജെപിക്കും ടി.ആര്‍.എസ് തേരോട്ടത്തില്‍ കാലിടറി. ഇത്തവണ ഒരു സീറ്റിലാണ് അവര്‍ വിജയിച്ചത്. വിജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് മറ്റും എന്നതായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും ഇവിടെ മുഖ്യ പ്രചാരകനായിരുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രചരണം. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം കഴിഞ്ഞ തവണ വിജയിച്ച ഏഴു സീറ്റും ഇവിടെ നിലനിര്‍ത്തി.

മിസോറാമില്‍ ആകെയുള്ള 40 സീറ്റില്‍ 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസിനെ അഞ്ച് സീറ്റിലൊതുക്കിയ മിസോ നാഷണല്‍ ഫ്രണ്ട് 26 സീറ്റിലാണ് വിജയിച്ചത്. നിരവധി തവണ കോണ്‍ഗ്രസിനെ നയിച്ച നിലവിലെ മുഖ്യമന്ത്രിയായിരുന്ന ലാല്‍ തന്‍വാല മത്സരിച്ച രണ്ടു മണ്ഡലത്തിലും തോറ്റു.

This post was last modified on December 12, 2018 2:47 pm

Related Post
Leave a Comment