X

‘ഇന്ത്യയുടേത് ആത്മീയതയുടെ ശക്തി’; വ്യവസായികള്‍ക്ക് ഭൂമി നല്‍കാമെങ്കില്‍ സന്യാസിമാര്‍ക്കും നല്‍കുമെന്ന് കമല്‍നാഥ്

മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിൻ്റെത് മൃദു ഹിന്ദുത്വ സമീപനമാണെന്ന ആരോപണമുണ്ടായിരുന്നു

ഭൂമി പതിച്ചുനല്‍കണമെന്ന സന്യാസിമാരുടെ ആവശ്യം പരിഗണിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. മധ്യപ്രദേശ് സര്‍ക്കാരിന് കീഴിലുള്ള ആത്മീയതാ വകുപ്പ് സംഘടിപ്പിച്ച സന്യാസിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സന്യാസിമാര്‍ക്ക് ഭൂമി നല്‍കുന്ന കാര്യം കമല്‍നാഥ് വ്യക്തമാക്കിയത്. ഭൂമി പതിച്ചുനല്‍കണമെന്നുള്ള ആവശ്യം നേരത്തെ തന്നെ സന്ന്യാസിമാര്‍ ഉന്നയിക്കുന്നുണ്ടായിരുന്നു

സന്യാസിമാര്‍ക്ക് ഭൂമി നല്‍കുന്നതിനെ വ്യവസായികള്‍ക്ക് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെടുത്തിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി വിശദീകരിച്ചത്. വ്യവസായികള്‍ക്ക് ഭൂമി നല്‍കാമെങ്കില്‍ സന്ന്യാസിമാര്‍ക്കും യോഗികള്‍ക്കും ഭൂമി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യ അറിയപ്പെടുന്നത് അതിന്റെ സമ്പദ് വ്യവസ്ഥയുടെ കരുത്ത് കൊണ്ടോ സൈനിക ശേഷി കൊണ്ടോ അല്ല, മറിച്ച് ആത്മീയത കൊണ്ടാണ്. ഇന്ത്യയെ മറ്റ് രാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ഇത്രയും വൈവിധ്യങ്ങളുള്ള പ്രദേശം ലോകത്തില്ല. ആത്മീയതയാണ് ഇന്ത്യയെ ഏകീകരിച്ച് നിര്‍ത്തുന്നത്” – കമല്‍നാഥ് പറഞ്ഞു.

ആത്മീയതയുടെ പാതയില്‍നിന്ന് അകന്ന് പോകാതിരിക്കാന്‍ സന്യാസിമാര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആത്മീയതയ്ക്കായി ഒരു വകുപ്പുണ്ടാക്കിയതാണ് ഏറ്റവും പ്രധാനപെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ കാര്യങ്ങളില്‍ തങ്ങളുടെ മാത്രം കുത്തകയാക്കിവെക്കുകയാണ് ചിലരെന്ന് ബിജെപിയെ പരമാര്‍ശിച്ച് കമല്‍നാഥ് പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം ചടങ്ങളുകള്‍ സംഘടിപ്പിക്കുന്നത് അവര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

കംപ്യൂട്ടര്‍ സന്യാസി എന്നറിയപ്പെടുന്ന നാംദിയോ ദാസ് ത്യാഗി, യോഗത്തില്‍ തങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനാണെന്ന് പറയുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആത്മീയതയുടെ മറവില്‍ നടത്തുന്ന അതിക്രമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.

കഴിഞ്ഞ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ മൃദുഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന ആരോപണം ഉണ്ടായിരുന്നു. ഗോ ശാലകള്‍ സ്ഥാപിച്ചും പശു സംരക്ഷണത്തിനുള്ള വിവിധ നടപടികളും സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് സ്വീകരിച്ചിരുന്നു.

Explainer: അരാംകോ ആക്രമണം -യുഎസ്സിന് വഴിപ്പെടില്ലെന്ന് ഇറാൻ, ഈ തിരിച്ചടിക്ക് തങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൂതികൾ, പ്രത്യാക്രമണം തെളിവിനെ അടിസ്ഥാനമാക്കി മാത്രമെന്ന് യുഎസ്

This post was last modified on September 18, 2019 11:07 am