X

പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുത്തത് ഖാര്‍ഗെയുടെ എതിര്‍പ്പോടെ

അഴിമതിവിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്ത് ശുക്ലയ്ക്ക് പരിചയമില്ലെന്ന് ഖാര്‍ഗെ പറയുന്നു.

മധ്യപ്രദേശ് മുന്‍ ഡിജിപി ഋഷികുമാര്‍ ശുക്ലയെ പുതിയ സിബിഐ ഡയറക്ടറായി തിരഞ്ഞെടുത്തത് സെലക്ഷന്‍ കമ്മിറ്റി അംഗമായ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പോടെ. അഴിമതിവിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്ത് ശുക്ലയ്ക്ക് പരിചയമില്ലെന്ന് ഖാര്‍ഗെ പറയുന്നു. ഋഷികുമാര്‍ ശുക്ലയെ ഡയറക്ടറായി തിരഞ്ഞെടുത്തത് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണ് എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിക്കുന്നു.

രണ്ട് പേജ് വിയോജനക്കുറിപ്പാണ് ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയിരിക്കുന്നത്. ഋഷി കുമാര്‍ ശുക്ലയെ മൂന്ന് ദിവസം മുമ്പാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെയും ലംഘനമാണ് ശുക്ലയുടെ നിയമനമെന്ന് ഖാര്‍ഗെ പറയുന്നു.

സീനിയോറിറ്റി മാത്രമല്ല, സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. അതേസമയം പുതിയ സിബിഐ ഡയറക്ടര്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഖാര്‍ഗെ ശ്രമിച്ചെന്നും ചീഫ് ജസ്്റ്റിസിന്റെ അംഗീകാരത്തോടെയാണ് തീരുമാനം വന്നിരിക്കുന്നത് എന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പ്രതികരിച്ചു.

നേരത്തെ അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനേയും ഖാര്‍ഗെ എതിര്‍ത്തിരുന്നു. അതേസമയം അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ട് അദ്ദേഹത്തെ തല്‍സ്ഥാനത്ത് പുനസ്ഥാപിക്കുകയാണ് സുപ്രീം കോടതി ചെയ്തതെങ്കിലും രണ്ട് ദിവസത്തിന് ശേഷം വര്‍മയെ നീക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എകെ സിക്രി അനുകൂലിക്കുകയാണുണ്ടായത്.

This post was last modified on February 2, 2019 9:32 pm