X

ബംഗാളില്‍ രാഷ്ട്രീയ സാഹചര്യം മാറി, ജ്യോതി ബസു സെന്ററിന് മമതാ ബാനര്‍ജിയുടെ അനുമതി

സിപിഎമ്മിന്റെ ആവശ്യം പരിഗണിച്ചത് വര്‍ഷങ്ങള്‍ക്ക് ശേഷം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും രാജ്യത്തെ പ്രമുഖ മാര്‍ക്‌സിസ്റ്റ് നേതാവുമായിരുന്ന ജ്യോതി ബസുവായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു. ബംഗാളിലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവായിരുന്ന കാലം മുതല്‍ ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിനെ നേരിട്ടുകൊണ്ടായിരുന്നു മമതയുടെ രാഷ്ട്രീയ ജീവിതം വളര്‍ന്നത്. ബലാത്സംഗ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇടതു സര്‍ക്കാര്‍ മടിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര സഹമന്ത്രിയായിരിക്കെ, സെക്രട്ടറിയേറ്റില്‍ ധര്‍ണ നടത്താനെത്തിയ മമതാ ബാനര്‍ജിയെ കാണാന്‍ ജ്യോതി ബസു കൂട്ടാക്കിയില്ല. ഇനി തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമേ സെക്രട്ടറിയേറ്റിലേക്കുള്ളൂവെന്ന് പറഞ്ഞാണ് മമത അവിടുന്നിറങ്ങിയത്. അങ്ങനെ പ്രക്ഷുബ്ദമായിരുന്നു മമതാ ബാനര്‍ജിയും ജ്യോതി ബസുവും തമ്മിലുള്ള ബന്ധം. പിന്നീട് മമത വിജയിച്ചു. അവര്‍ നിരവധി തവണ ജ്യോതി ബസുവിനെ സന്ദര്‍ശിക്കുകയും ചെയ്തു.

പശ്ചിമബംഗാളില്‍ കുടുതല്‍ തവണ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന് ഉചിതമായ സ്മാരകം പണിയുകയെന്നത് അദ്ദേഹത്തിന്റെ കാലശേഷം ഇടതുസര്‍ക്കാര്‍ ആലോചിച്ച കാര്യമായിരുന്നു. സര്‍ക്കാരിന്റെ അവസാനകാലത്ത് ജ്യോതി ബസുവിന്റെ പേരില്‍ ഗവേഷണ കേന്ദ്രത്തിനുള്ള പദ്ധതികള്‍ സിപിഎം തുടങ്ങുകയും ചെയ്തു. ഭൂമി വാങ്ങി. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന മമതാ ബാനര്‍ജി ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായില്ല.

എന്നാല്‍ അതെല്ലം പഴയ കഥയായി മാറിയിരിക്കുന്നു. ബംഗാളിലെ രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിയാത്ത മട്ടില്‍ മാറി. ഇടതിനെ നിലംപരിശാക്കിയ മമതയെ അട്ടിമറിക്കുമെന്ന് തോന്നിച്ചുകൊണ്ട് ബിജെപി കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ഇടതുപക്ഷത്തോടുള്ള പതിറ്റാണ്ടുകളായുള്ള ശത്രുത ഇനിയും കൊണ്ടുനടന്നിട്ട് കാര്യമില്ലെന്ന് മമത ബാനര്‍ജി തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് വേണം കരുതാന്‍. ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഇടതുപക്ഷത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇടതുപക്ഷം അതിന് തയ്യാറായില്ലെങ്കിലും അവരെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ടെന്നാണ് മമതയുടെ തീരുമാനം.

കഴിഞ്ഞ ദിവസം തന്നെ വന്നുകണ്ട സിപിഎം നേതാക്കളായ സൂര്യകാന്ത് മിശ്ര ഉള്‍പ്പെടെയുള്ള നേതാക്കളോട് മമത വ്യക്തമാക്കിയതും ഇടതുപക്ഷത്തോടുള്ള അവരുടെ മാറുന്ന സമീപനമായിരുന്നു. ജ്യോതിബസുവിന്റെ പേരില്‍ തുടങ്ങാനിരുന്ന ഗവേഷണ കേന്ദ്രത്തിനുള്ള തടസ്സങ്ങള്‍ നീക്കാമെന്ന് അവര്‍ സമ്മതിച്ചാതായി നേതാക്കള്‍ പറഞ്ഞു. 4.15 കോടി ചിലവഴിച്ചായിരുന്നു ഇടതുസര്‍ക്കാര്‍ ജ്യോതി ബസുവിന്റെ സ്മരണാര്‍ത്ഥം ഗവേഷണ കേന്ദ്രത്തിനുള്ള സ്ഥലം വാങ്ങിയത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതാക്കള്‍. ഭൂമി സിപിഎമ്മിന്റെ പേരില്‍ ഉടന്‍ മാറ്റി നല്‍കുമെന്നാണ് മമത ബാനര്‍ജി പറഞ്ഞത്. അടുത്ത മന്ത്രിസഭയോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സിപിഎം നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

ബംഗാളിലെ രാജാര്‍ഹട്ടിലാണ് ജ്യോതി ബസുവിന് സ്മാരകം ഉയരുന്നത്. ഈ പട്ടണത്തിന് ജ്യോതി ബസുവിന്റെ പേര് നല്‍കണമെന്നാണ് സിപിഎമ്മിന്റെ മറ്റൊരാവശ്യം.

Azhimukham Special: ഡോ. സൗമി മാത്യൂസ്‌: എച്ച്‌ഐവി ചികിത്സയിലെ നാഴികക്കല്ലായ കണ്ടുപിടിത്തത്തില്‍ ഈ മലയാളിയുമുണ്ട്

This post was last modified on July 9, 2019 10:56 am