X

തുറന്ന ജീപ്പിൽ പ്രകടനമായെത്തി വിദ്യാസാഗർ പ്രതിമ പുനസ്ഥാപിച്ച് മമതാ ബാനർജി

പ്രതിമ തകർത്തത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണം ബിജെപി ഉന്നയിച്ചിരുന്നു.

വിദ്യാസാഗർ കോളജിൽ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനസ്ഥാപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്ന് തുറന്ന ജീപ്പിലേറി പ്രവർത്തകരുമൊത്ത് മാർച്ച് ചെയ്താണ് കോളജിലേക്ക് മമത എത്തിയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ തൃണമൂൽ കോൺഗ്രസ്സിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനുതകിയെന്ന് കരുതപ്പെടുന്ന, വിദ്യാസാഗർ പ്രതിമ തകർത്ത സംഭവത്തിനു ശേഷം ഒരു മാസത്തോളം പിന്നിടുമ്പോഴാണ് മമതയുടെ പുതിയ നീക്കം. സംസ്ഥാനത്ത് തൃണമൂൽ-ബിജെപി സംഘർഷങ്ങൾ ശക്തമായതിന്റെ പശ്ചാത്തലം കൂടി ഈ നടപടിക്കുണ്ട്.

കവികളും കഥാകാരന്മാരും സെലിബ്രിറ്റികളുമെല്ലാമടങ്ങുന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

മെയ് പതിനാലിനാണ് കൊൽക്കത്തയിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയ അക്രമം നടന്നത്. ദേശീയാധ്യക്ഷൻ അമിത് ഷാ സംഘടിപ്പിച്ച വലിയ റാലിക്കിടെ ബിജെപി പ്രവർത്തകർ കോളജിലേക്ക് ഇരച്ചുകയറുകയും അകത്തിരുന്ന വിദ്യാസാഗർ പ്രതിമയെടുത്ത് എറിയുകയുമായിരുന്നു. ഈ സംഭവം തങ്ങൾക്ക് അവസാനഘട്ട പോളിങ്ങിൽ വലിയ തിരിച്ചടി നൽകിയെന്ന് ബിജെപിയും വിലയിരുത്തുകയുണ്ടായി. മെയ് 19ന് നടന്ന അവസാനഘട്ട വോട്ടെടുപ്പിൽ ദംദം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും 1 ലക്ഷത്തിനും 3 ലക്ഷത്തിനുമിടയിൽ മാർജിനോടെയാണ് ത‍ൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ജയിച്ചുകയറിയത്. ‌

പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മറച്ചു പിടിക്കുന്ന ഇടതുഭരണ യാഥാര്‍ത്ഥ്യങ്ങള്‍

തകർക്കപ്പെട്ട പ്രതിമയ്ക്കു പകരം വലിയൊരു പഞ്ചലോഹപ്രതിമ നിർമിച്ചു നൽകാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്യുകയുണ്ടായി. എന്നാൽ, ബംഗാളിൽ പ്രതിമയുണ്ടാക്കാൻ മറ്റാരുടെയും സഹായം വേണ്ടെന്ന മറുപടിയാണ് മമത നൽകിയത്. വിദ്യാസാഗർ പ്രതിമ തകർത്തത് ബിജെപി പ്രവർത്തകരല്ലെന്ന് അമിത് ഷാ വാർത്താസമ്മേളനം വിളിച്ച് അവകാശപ്പെടുകയുണ്ടായി.

“ബംഗാളികളുടെ വൈകാരികതയെ വ്രണപ്പെടുത്തിയ സംഭവമായിരുന്നു വിദ്യാസാഗർ പ്രതിമ തകര്‍ക്കൽ. അവസാനനിമിഷത്തിൽ ബംഗാളികൾ നേരെ തിരിഞ്ഞു. ബംഗാളിന്റെ അഭിമാനപ്രശ്നത്തിനായി പിന്നീട് അവരുടെ വോട്ട്,” -ഗോൽബഗാനിൽ നിന്നുള്ള ഒരു ബിജെപി പ്രവർത്തകൻ പറയുന്നു.

ബിജെപിയുടെ പശ്ചിമബംഗാൾ വക്താവായ ശമിക് ഭട്ടാചാര്യയും ഇതേ വസ്തുത മറ്റൊരു രീതിയിൽ അവതരിപ്പിച്ചിരുന്നു. ബംഗാളിൽ രണ്ടുതരം വോട്ടുകളാണുള്ളത്. ഒന്ന് മമത അനുകൂല വോട്ട്. രണ്ട് മമത വിരുദ്ധ വോട്ട്. അത്തരമൊരു സ്ഥലത്തു വന്ന് ‘ജയ് ശ്രീരാം’ എന്ന് വിളിച്ചതു കൊണ്ട് കാര്യമില്ല. ബാരാബസാറിലെ ജനങ്ങൾ ചിന്തിക്കുന്നതു പോലെയാണ് ബംഗാളികൾ ചിന്തിക്കുന്നതെന്ന് കരുതരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊൽക്കത്തയിൽ ഹിന്ദി സംസാരിക്കുന്നവർ കൂട്ടമായി താമസിക്കുന്ന സ്ഥലമാണ് ബാരാബസാർ.

പ്രതിമ തകർത്തത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണം ബിജെപി ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി പ്രതിമ തകർത്ത സംഭവം അന്വേഷിക്കാൻ മമത ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഒരു അന്വേഷണസമിതി കഴിഞ്ഞയാഴ്ച രൂപീകരിച്ചിട്ടുണ്ട്. ലഭ്യമായ വീഡിയോ തെളിവുകൾ പരിശോധിച്ചു വരികയാണ് പൊലീസ് ഇപ്പോൾ.

This post was last modified on June 11, 2019 3:47 pm