1963ലെ റിപ്പബ്ലിക് ദിന പരേഡിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആവശ്യപ്രകാരം 3000 സ്വയംസേവകർ പങ്കെടുത്തിരുന്നെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ എംജി വൈദ്യ. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആർഎസ്എസ് ആസ്ഥാന സന്ദർശനവുമായി ബന്ധപ്പെട്ട് ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിലാണ് വൈദ്യ പലവട്ടം പൊളിഞ്ഞുവീണ നുണ വീണ്ടും എടുത്തലക്കുന്നത്.
പ്രണബിന്റെ സന്ദർശനത്തെ കോൺഗ്രസ്സ് എതിർക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായാണ് വൈദ്യ ഇങ്ങനെ പറഞ്ഞത്. കോൺഗ്രസ്സിന് ആർഎസ്എസ്സിനെ മനസ്സിലായിട്ടില്ലെന്നു പറഞ്ഞ് തുടങ്ങിയ വൈദ്യ ആർഎസ്എസിന് കോണ്‍ഗ്രസുമായി ചരിത്രപരമായ ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നിടത്താണ് ഈ കള്ളക്കഥ ആവർത്തിക്കുന്നത്. 3000 സ്വയം സേവകർ യൂണിഫോമോടു കൂടി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തെന്നും ഇത് നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ചായിരുന്നെന്നും വൈദ്യ പറഞ്ഞു.
വളരെക്കാലമായി സംഘപരിവാർ പ്രചരിപ്പിക്കുന്നതാണ് നെഹ്റുവിന്റെ ക്ഷണപ്രകാരമുള്ള ആർഎസ്എസ്സിന്റെ റിപ്പബ്ലിക് ദിന പരേഡ്. (പല സംഘപരിവാർ മാധ്യമങ്ങളിലും പല കണക്കുകളാണ് വരാറുള്ളത്. 3000 എന്നും 3500 എന്നും പലയിടത്തായി കാണുന്നു). ഇങ്ങനെയൊരു പരേഡ് ചരിത്രത്തിൽ സംഭവിച്ചിട്ടില്ലെന്നതാണ് സത്യം. പ്രോട്ടോകോൾ പ്രകാരം ഇന്ത്യൻ സൈന്യത്തെക്കാൾ കൂടുതൽ അംഗസംഖ്യ വരുന്ന ഒരു സംഘത്തെയും പരേഡിൽ പങ്കെടുക്കാൻ അനുവദിക്കില്ല. അക്കാലത്തെ ഒരു പത്രത്തിലും ഇതെക്കുറിച്ച് വാർത്തയും വന്നിട്ടില്ല. ഇത്രയധികം സ്വയംസേവകർ പങ്കെടുത്തിട്ടും സംഘപരിവാർ അനുകൂല മനോഭാവമുള്ളതും സംഘപരിവാറിന്റെ ഉടമസ്ഥതയിലുള്ളതുമായ മാധ്യമങ്ങൾ പോലും അത് വാർത്തയാക്കിയില്ല എന്ന്!
ആർഎസ്എസ് അല്ല ബിജെപി എന്ന കാര്യം കോൺഗ്രസ്സ് മനസ്സിലാക്കുന്നില്ലെന്നും അഭിമുഖത്തിൽ വൈദ്യ പറയുന്നുണ്ട്. ബിജെപിയോടുള്ള വിരോധത്തിന്റെ പേരിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാതിരിക്കേണ്ട കാര്യമില്ലെന്നും വൈദ്യ പറയുന്നു. ആർഎസ്എസ്സിന് ആരോടും അയിത്തമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
This post was last modified on June 7, 2018 7:21 pm
Leave a Comment