X

കശ്മീർ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമേയുള്ളൂവെന്ന് ലഫ്. ജനറൽ എകെ ഭട്ട്; പട്ടാളത്തിന്റെ പങ്ക് പരിമിതം

കശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ പട്ടാളത്തിനുള്ള പങ്ക് പരിമിതമാണെന്നും രാഷ്ട്രീയപരിഹാരം മാത്രമാണ് ശേഷിക്കുന്നതെന്നും ലഫ്. ജനറൽ എകെ ഭട്ട്. നല്ല ഭരണത്തിലൂടെയും രാഷ്ട്രീയ ഇടപെടലിലൂടെയും പരിഹാരം കണ്ടെത്താനാകും. അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് സംഭവിച്ചതു പോലുള്ള രാഷ്ട്രീയ ഇടപെടലുകളാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീർ താഴ്‌വരയിലെ ചുമതലയുള്ള ഓഫീസറാണ് ഇദ്ദേഹം.

പട്ടാളത്തിന് സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. ഇതിനപ്പുറത്തേക്കുള്ള നേട്ടങ്ങൾ ആവശ്യമാണെങ്കിൽ അതിന് രാഷ്ട്രീയമായി സംസാരിക്കുന്നവരുടെ ഇടപെടലാണ് ആവശ്യം. വാജ്പേയിയുടെ സമയത്ത് ഇത് സംഭവിക്കുകയുണ്ടായെന്ന് ഭട്ട് ചൂണ്ടിക്കാട്ടി. ശരിയായ സമയത്ത് ഇപ്പോഴത്തെ സർക്കാരും സമാനമായ നടപടികളെടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നുും ഭട്ട് പറഞ്ഞു.

അക്രമത്തിലൂടെ ഒന്നും നേടാനാകില്ലെന്നത് കശ്മീരിലെ യുവാക്കളെ ബോധ്യപ്പെടുത്തുകയാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനമായ കാര്യമെന്ന് ഭട്ട് വിശദീകരിച്ചു. അടുത്തതായി ജനമനസ്സിൽ ഇടമുണ്ടാക്കാനുള്ള മനശ്ശാസ്ത്രപരമായ ശ്രമങ്ങൾ വേണം. പാകിസ്താന്റെ കൂടെ നിൽക്കുന്നതിനെക്കാൾ കശ്മീരി ജനതയ്ക്ക് നല്ലത് ഇന്ത്യക്കൊപ്പം നിൽക്കുന്നതാണെന്ന് അവരെ ബോധ്യപ്പെടുത്താനാകണം. ജമാഅത്ത്, പാകിസ്താൻ, വിഘടനവാദികൾ തുടങ്ങിയവർ അവരെ തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കുള്ള ഉപകരണങ്ങളാക്കുകയാണെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതിന് സോഷ്യൽ മീഡിയയെ വിഘടനവാദികൾ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ഭട്ട് സമ്മതിച്ചു. ഭീകരർക്കെതിരായ സൈനിക നീക്കങ്ങൾ നടക്കുന്നിടത്തേക്ക് സാധാരണ ജനങ്ങളെ എത്തിക്കാൻ സോഷ്യൽ മീഡിയ വഴി സാധിക്കുന്നുണ്ട്. രാജ്യത്ത് സോഷ്യല്‍ മീഡിയ വളരെ സ്വതന്ത്രമായാണ് ഉപയോഗിക്കപ്പെടുന്നത്. ഇത് ശത്രുക്കൾക്ക് ഗുണം ചെയ്യുന്നു. രാജ്യത്തിന് സ്വന്തമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉണ്ടാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഭട്ട് പറഞ്ഞു. ചൈനയ്ക്ക് സമാനമായ ഒരു പ്ലാറ്റ്ഫോമുണ്ട്.

Related Post
Leave a Comment