X

ബഹിരാകാശത്ത് ഇന്ത്യയുടെ കരുത്ത് തെളിയിച്ച ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ‘മിഷന്‍ ശക്തി’യുടെ വീഡിയോ പുറത്തുവിട്ടു

'കൈനറ്റിക് കില്‍' വിഭാഗത്തിലുള്ള, സ്‌ഫോടക ശേഖരമില്ലാത്ത മിസൈലാണ് ദൗത്യത്തിനായി ഉപയോഗിച്ചത്.

ബഹിരാകാശത്തും ഇന്ത്യയുടെ കരുത്ത് തെളിയിച്ച ഉപഗ്രഹവേധ മിസൈല്‍ (എസാറ്റ്) പരീക്ഷണം ‘മിഷന്‍ ശക്തി’യുടെ വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. മാര്‍ച്ച് 27ന് നടത്തിയ ദൗത്യത്തില്‍ ബഹിരാകാശത്തുള്ള ഉപഗ്രഹത്തെ, മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുന്നതിന്റെ വിശദമായ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമായത്.

കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഉപഗ്രഹത്തെ ലക്ഷ്യമിട്ട് ഒഡീഷയിലെ എ പി ജെ അബ്ദുള്‍ കലാം ദ്വീപില്‍ സജ്ജമാക്കിയ വിക്ഷേപണത്തറയില്‍ നിന്നാണ് ഡിആര്‍ഡിഒ നിര്‍മിച്ച ബാലിസ്റ്റിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ അയ്ച്ചത്. ഭൗമോപരിതലത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ഉയരത്തില്‍ 3 മിനിറ്റിനുള്ളില്‍ ഉപഗ്രഹത്തെ ബഹിരാകാശത്ത് വച്ച് മിസൈല്‍ തകര്‍ത്തു.

ഉപഗ്രഹത്തിന്റെ സഞ്ചാരപഥം റഡാറുകള്‍ ഉപയോഗിച്ച് നിരീക്ഷിച്ച് അതിനെ തകര്‍ക്കുകയായിരുന്നു മിസൈലിന്റെ ദൗത്യം. മിസൈലിനു മൂന്ന് തലമാണ് ഉണ്ടായിരുന്നത്. രണ്ട് സോളിഡ് റോക്കറ്റ് ബൂസ്റ്ററകളും ഒരു ഹിറ്റ് ടു കില്‍ വാഹനവുമായിരുന്നു ഉണ്ടായിരുന്നത്.

‘കൈനറ്റിക് കില്‍’ വിഭാഗത്തിലുള്ള, സ്‌ഫോടക ശേഖരമില്ലാത്ത മിസൈലാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിച്ച് ഉപഗ്രഹത്തിലേക്ക് ഇടിച്ചുകയറി (ഹിറ്റ് ടു കില്‍) തകര്‍ക്കുകയാണ് കൈനറ്റിക് കില്‍ മിസൈലുകളുടെ രീതി.

സ്‌ഫോടക വസ്തുക്കളില്ലാത്തതിനാല്‍, ഉപഗ്രഹത്തെ തകര്‍ക്കുമ്പോള്‍ മാലിന്യത്തിന്റെ അളവ് വളരെ കുറവായിരിക്കും. അവ ഭൂമിയിലേക്കു പതിക്കും മുന്‍പ് അന്തരീക്ഷത്തില്‍ വച്ചുതന്നെ കത്തിത്തീരും.

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതോടെ ബഹിരാകാശ രംഗത്ത് പ്രതിരോധ മേഖലയില്‍ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും എത്തി.

This post was last modified on April 8, 2019 7:28 am