X

മുൻ ബിജെപി കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരെ ലൈംഗികാക്രമണ പരാതി ഉന്നയിച്ച പെൺകുട്ടിയെ കണ്ടെത്തിയെന്ന് പൊലീസ്

താൻ നിയമം പഠിക്കുന്ന കോളജിന്റെ ഡയറക്ടറായ സ്വാമി ചിന്മയാനന്ദ് ലൈംഗികാക്രമണം നടത്തിയെന്നായിരുന്നു പെൺകുട്ടിയുടെ ആരോപണം.

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് ലൈംഗികാക്രമണം നടത്തിയെന്ന ആരോപണമുയർത്തിയതിനു ശേഷം കാണാതായ നിയമവിദ്യാർത്ഥിനിയെ കണ്ടെത്തിയെന്ന് പൊലീസ്. ഉത്തർപ്രദേശ് ഡിജിപി ഒപി സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.

പെൺകുട്ടിയെ അവളുടെ ഒരു സുഹൃത്തിനൊപ്പമാണ് കണ്ടെത്തിയതെന്നും തിരികെ കൊണ്ടു വരാനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. രാജസ്ഥാനിലാണ് പെൺകുട്ടി ഉള്ളതെന്ന് പൊലീസ് പറയുന്നു.

താൻ നിയമം പഠിക്കുന്ന കോളജിന്റെ ഡയറക്ടറായ സ്വാമി ചിന്മയാനന്ദ് ലൈംഗികാക്രമണം നടത്തിയെന്നായിരുന്നു പെൺകുട്ടിയുടെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവർ ആരോപണമുന്നയിച്ചത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നകേന്ദ്ര മോദിയോടും ചിന്മയാനന്ദിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയാണ് വീഡിയോയില്‍ വിദ്യാര്‍ത്ഥിനി ചെയ്തത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. സന്ത് സമാജിന്റെ ഒരു വലിയ നേതാവ് നിരവധി പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സഹായിക്കണം എന്ന് യോഗിജിയോടും മോദിജിയോടും അപേക്ഷിക്കുകയാണ്– ചിന്മയാനന്ദിന്റെ പേരെടുത്ത് പറയാതെ വീഡിയോയില്‍ യുവതി പറഞ്ഞു.

നേരത്തെ ചിന്മയാനന്ദിന്റെ ഷാജഹാന്‍പൂര്‍ ആശ്രമത്തില്‍ താമസിച്ചിരുന്ന സ്ത്രീ 2011ല്‍ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് പിന്മാറാനുള്ള യുപി സര്‍ക്കാരിന്റെ അപേക്ഷ കോടതി അംഗീകരിച്ചില്ല.

This post was last modified on August 30, 2019 3:42 pm