X

ഝാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ വീണ്ടും കൊല, ഇത്തവണ ആദിവാസി; ആക്രമണം ചത്ത കാളയുടെ ഇറച്ചി എടുക്കാന്‍ ഉടമസ്ഥന്‍ അനുവദിച്ചതിനു പിന്നാലെ

പശു സംരക്ഷണ സമിതി കെട്ടിത്തൂക്കി കൊന്നതടക്കം പശുവിന്റെ പേരില്‍ കൊലപാതകങ്ങളും നിരവധി ആക്രമണങ്ങളും അഞ്ചു വര്‍ഷത്തിനിടയില്‍ ഝാര്‍ഖണ്ഡില്‍ നടന്നിട്ടുണ്ട്.

ഝാര്‍ഖണ്ഡില്‍ വീണ്ടും പശുവിന്റെ പേരില്‍ കൊല. പ്രായമായി ചത്ത കാളയുടെ ഇറച്ചി എടുക്കുന്നതിനിടെയാണ് ഗ്രാമീണരെ വലിയൊരു സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ പരിക്കേറ്റവര്‍ക്കെതിരെ ഗോവധ നിരോധന നിയമ പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. അതിനിടെ, കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ഝുര്‍മോ ഗ്രാമത്തില്‍ നിന്നുള്ള അഡ്രാനിഷ് കുജുര്‍ തന്റെ കാള ചത്തതായി മനസിലാക്കുന്നത്. “20 വര്‍ഷത്തോളമായി അതെന്റെ കൂടെയുണ്ട്. പ്രായമായി അവശനായിരുന്നു. വയലില്‍ കെട്ടിയിരുന്ന കാള അവിടെ തന്നെ ചത്തു. തുടര്‍ന്ന് അതിന്റെ ഇറച്ചി എടുത്തിട്ട് മറവു ചെയ്‌തോളാന്‍ ഗ്രാമത്തിലുള്ളവരോട് പറഞ്ഞിട്ട് ഞാന്‍ പോന്നു. പിന്നീടാണ് ആക്രമണത്തിന്റെ വിവരമറിയുന്നത്”, കുജൂര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുജൂര്‍ പറഞ്ഞതനുസരിച്ച് അവിടെയെത്തിയതാണ് പ്രകാശ് ലാക്‌റയടക്കം 35-ാഓളം വരുന്ന ഗ്രാമീണര്‍. ആദിവാസി ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുള്ളവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇവര്‍ എത്തിയതോടെ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള വലിയൊരു സംഘം വടിയും കമ്പികളുമൊക്കെയായി എത്തി ഇവരെ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപെട്ടെങ്കിലും ലാക്‌റ, പീറ്റര്‍ ഫുല്‍ജാന്‍, ബെലാസസ് ടിര്‍ക്കി, ജാന്റൂഷ് മിന്‍സ് എന്നിവര്‍ക്ക് രക്ഷപെടാനായില്ല. ഇവരെ ക്രൂരമായി മര്‍ദ്ദിക്കുമ്പോഴുള്ള നിലവിളികളാണ് തങ്ങള്‍ കേട്ടതെന്ന് ഗ്രാമീണര്‍ പറയുന്നു. ആക്രമിച്ചവര്‍ തന്നെയാണ് ഇവര്‍ നാലു പേരുമായി പിന്നീട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതും. പോലീസ് ഇവരെ ഉടന്‍ തന്നെ സമീപത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ലാക്‌റ അപ്പോഴേക്കും മരിച്ചിരുന്നു.

പോലീസ് ലാക്‌റയുടെ മരണം ചികിത്സക്കിടെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതായി ആശുപത്രിയിലെ ഡോ. റോഷന്‍ ഖാല്‍ക്കോയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ആശുപത്രിയില്‍ കൊണ്ടുവരുന്നവര്‍ മരിച്ചുട്ടുണ്ടെങ്കില്‍ ബോഡി നേരിട്ട് പോസ്റ്റ് മോര്‍ട്ടത്തിന് അയയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ലാക്‌റെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രജിസ്റ്റര്‍ ചെയ്യണമെന്നും ചികിത്സക്കിടെ മരിച്ചതായി രേഖപ്പെടുത്തണമെന്നും പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതായി ഡോ. റോഷന്‍ പറയുന്നു. പരിക്കേറ്റ മൂന്നു പേര്‍ക്കും എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ്.

“കഴിഞ്ഞ 40 വര്‍ഷത്തിനിടെ ചത്ത മൃഗത്തിന്റെ് ഇറച്ചി എടുത്തു എന്നതിന്റെ പേരില്‍ ഈ ഗ്രാമത്തില്‍ ആരും കൊല്ലപ്പെട്ടതായി ഞാന്‍ കേട്ടിട്ടില്ല. അത് വളരെ നേരത്തെ ചത്തതായിരുന്നു. അതിനെ ആരും ഭക്ഷണത്തിനായി കൊന്നിട്ടില്ല. ബുധനാഴ്ച രാത്രിയാണ് ഭര്‍ത്താവിനെ ആരോ മര്‍ദ്ദിക്കുന്നതായി ഞാന്‍ അറിഞ്ഞത്. അവിടെ എത്തിയെങ്കിലും ആരെയും കാണാന്‍ കഴിഞ്ഞില്ല”, മരിച്ച ലാക്‌റയുടെ ഭാര്യ ജെര്‍മിന്‍ പറയുന്നു.

“ബുധനാഴ്ച വൈകിട്ടോടെയാണ് കാള ചത്തത് ഞാന്‍ അറിഞ്ഞത്. അത്രയേറെ പ്രായമായിരുന്നു അതിന്. തുടര്‍ന്ന് ഗ്രാമീണരോട് പറഞ്ഞിട്ട് ഞാന്‍ പോരികയും ചെയ്തു“, കാളയുടെ ഉടമയായ കുജൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. പൊടുന്നനെയാണ് വലിയൊരു കൂട്ടം ആളുകള്‍ തടിച്ചു കൂടുന്നതും ഇവരെ മര്‍ദ്ദിക്കാന്‍ ആരംഭിക്കുന്നതും. മുദ്രാവാക്യം വിളികളോടെയാണ് ഇവര്‍ വന്നതെന്നും എന്താണ് കാര്യമെന്ന് തങ്ങള്‍ക്ക് തുടക്കത്തില്‍ മനസിലായതു പോലുമില്ലെന്നും ഗ്രാമീണര്‍ പറയുന്നു. തങ്ങള്‍ പശുവിനെ കൊന്ന് ഇറച്ചിയെടുക്കുന്നു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പിന്നീടാണ് മനസിലാകുന്നതെന്നും ഇവര്‍ പറയുന്നു. മഹേന്ദ്ര സാഹു, സഞ്ജയ് സാഹു, ശിവ സാഹു, ജീവന്‍ സാഹു, സന്തോഷ് സാഹു, സന്ദീപ് സാഹു എന്നിങ്ങനെ ഏഴുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്ക് കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ പശ്ചാത്തലമുള്ളതായി മനസിലായിട്ടുണ്ടെന്നും പോലീസ് പറയുന്നു.

പശു സംരക്ഷണ സമിതി കെട്ടിത്തൂക്കി കൊന്നതടക്കം പശുവിന്റെ പേരില്‍ കൊലപാതകങ്ങളും നിരവധി ആക്രമണങ്ങളും അഞ്ചു വര്‍ഷത്തിനിടയില്‍ ഝാര്‍ഖണ്ഡില്‍ നടന്നിട്ടുണ്ട്. ഇറച്ചി വില്‍പ്പനക്കാരനെ പശു കശാപ്പിന്റെ പേരില്‍ കൊലപ്പെടുത്തിയ എട്ടു പേര്‍ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ ഇവരെ മാലയിട്ടു സ്വീകരിച്ച കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജയന്ത് സിന്‍ഹയുടെ നടപടി ഏറെ വിവാദവുമായിരുന്നു.

This post was last modified on April 13, 2019 8:55 am