X

ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് ചെയ്യൂ: നസീറുദ്ദീന്‍ ഷാ അടക്കം 600ലധികം നാടക, ചലച്ചിത്ര കലാകാരന്മാര്‍ രംഗത്ത്

"മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്കായി, വോട്ട് ചെയ്യൂ. ബുദ്ധിപൂര്‍വം വോട്ട് ചെയ്യൂ" - കത്തില്‍ പറയുന്നു.

ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ട് 600ല്‍ അധികം നാടകകലാകാരന്മാര്‍ രംഗത്ത്. നസീറുദ്ദീന്‍ ഷാ, അമോല്‍ പലേക്കര്‍, ഗിരീഷ് കര്‍ണാട്, കൊങ്കണ സെന്‍ ശര്‍മ, അരുന്ധതി നാഗ്, അനുരാഗ് കശ്യപ്, എംകെ റെയ്‌ന, രത്‌ന പട്‌നായിക് ഷാ തുടങ്ങിയവര്‍ ഒപ്പിട്ട കത്തിലാണ് രാജ്യത്തെ വോട്ടര്‍മാരോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കുന്നത്. ഇന്ത്യയും അതിന്റെ ഭരണഘടനയും ബിജെപി ഭരണത്തില്‍ ഭീഷണി നേരിടുകയാണെന്നും ബിജെപിയേയും സഖ്യകക്ഷികളേയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വോട്ട് ചെയ്യണമെന്നും കത്തില്‍ പറയുന്നു.

ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യ വെബ്‌സൈറ്റിലാണ് 12 ഭാഷകളിലായി കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് ഇതെന്ന് ആര്‍ട്ടിസ്റ്റുകള്‍ പറയുന്നു. പാട്ടും നൃത്തവും പൊട്ടിച്ചിരിയുമെല്ലാം ഭീഷണിയിലാണ്. സംവാദങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തുന്ന ഇടങ്ങളെയെല്ലാം അടിച്ചമര്‍ത്തുകയാണ് – കലാകാരന്മാര്‍ ആരോപിക്കുന്നു. ചോദ്യങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനില്‍പ്പില്ല. ഇതെല്ലാം നിലവിലെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് ബിജെപി അധികാരത്തില്‍ വന്നത് വികസനം വാഗ്ദാനം ചെയ്താണ്. എന്നാല്‍ ഹിന്ദുത്വ ഗുണ്ടകളെ അക്രമത്തിനായി അഴിച്ചുവിടുകയാണ് അവര്‍ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം നശിപ്പിച്ചു. വാഗ്ദാനങ്ങള്‍ പാലിച്ചില്ല. മോദിയുടെ പേര്് പറയാതെയാണ് വിമര്‍ശനം. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നാല്‍ തെമ്മാടികള്‍ രാജ്യത്തെ കൊള്ളയടിച്ച് വിദേശത്തേയ്ക്ക് കടന്നു. സമ്പന്നരുടെ സ്വത്ത് വര്‍ദ്ധിച്ചു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി. മതഭ്രാന്തന്മാരേയും വെറുപ്പിന്റെ വക്താക്കളേയും അധികാരത്തില്‍ നിന്ന് പുറത്താക്കണം. സ്‌നേഹവും അനുകമ്പയും സമത്വവും സാമൂഹ്യനീതിയും പുലരുന്നതിനായി വോട്ട് ചെയ്യണം. ദുഷ്ടശക്തികളെ പരാജയപ്പെടണം. സ്വാതന്ത്ര്യവും പരിസ്ഥിതിയും ശാസ്ത്രബോധവും സംരക്ഷിക്കുന്നതിനായി വോട്ട് ചെയ്യൂ. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്കായി, വോട്ട് ചെയ്യൂ. ബുദ്ധിപൂര്‍വം വോട്ട് ചെയ്യൂ. കഴിഞ്ഞയാഴ്ച ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സമാനമായ അഭ്യര്‍്ത്ഥനയുമായി രംഗത്തെത്തിയിരുന്നു.

This post was last modified on April 6, 2019 6:36 am

Related Post
Leave a Comment