X

അമ്മ എത്തില്ല, സഹോദരങ്ങളുണ്ടാകും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക്

ആറ് മക്കളില്‍ മൂന്നാമനാണ് മോദി. നാല് സഹോദരന്മാരും ഒരു സഹോദരിയും.

പ്രധാനമന്ത്രിയായി രണ്ടാം തവണ അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സഹോദരങ്ങള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇന്ന് അഹമ്മദാബാദില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തും. അതേസമയം 92കാരിയായ അമ്മ ഹീരാബെന്‍ എത്തിയേക്കില്ല. ആറ് മക്കളില്‍ മൂന്നാമനാണ് മോദി. നാല് സഹോദരന്മാരും ഒരു സഹോദരിയും.

മൂത്ത സഹോദരന്‍ സോമ മോദി മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം അഹമ്മദാബാദില്‍ ഒരു വൃദ്ധ സദനം നടത്തുന്നു. രണ്ടാമത്തെ സഹോദരന്‍ അമൃത് മോദി വിശ്രമ ജീവിതത്തിലാണ്. തൊട്ടുതാഴെയുള്ള സഹാദരന്‍ പ്രഹ്‌ളാദ് മോദി അഹമ്മദാബാദില്‍ റേഷന്‍ കട നടത്തുന്നു. റേഷന്‍ വ്യാപാരികളുടെ സംസ്ഥാന സംഘടനയുടെ നേതാവാണ്. ഇളയ സഹോദരന്‍ പങ്കജ് മോദി ഗാന്ധിനഗറില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ്. ഏക സഹോദരി വാസന്തി ബെന്‍ വീട്ടമ്മയാണ്. 2016ല്‍ ഒരു തവണ അമ്മ ഹീര ബെന്‍ മോദിക്കൊപ്പം ഔദ്യോഗികവസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ താമസിച്ചിരുന്നു.

ALSO READ: വെജിറ്റേറിയന്‍, നോണ്‍ വെജ് വിഭവങ്ങള്‍, പ്രധാനം ‘ദാല്‍ റൈസിന’; രാഷ്ട്രപതിഭവനിലെ അടുക്കള ഒരുക്കം തുടങ്ങിയത് ചൊവ്വാഴ്ച രാത്രി

1968ല്‍ 19ാം വയസില്‍ മോദി വിവാഹം കഴിക്കുകയും പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബന്ധം ഉപേക്ഷിക്കുകയും ചെയ്ത ഭാര്യ ജസോദ ബെന്നും എത്താനിടയില്ല. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് താന്‍ വിവാഹിതനാണ് എന്ന് നരേന്ദ്ര മോദി വെളിപ്പെടുത്തിയത്. അധ്യാപികയായിരുന്ന ജസോദ ബെന്‍ വിരമിച്ച ശേഷം ഉന്‍ജയില്‍ തന്റെ സഹോദരനൊപ്പമാണ് താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ പ്രത്യേക സുരക്ഷ ഇവര്‍ക്കുണ്ട്.

This post was last modified on May 30, 2019 1:33 pm