പ്രധാനമന്ത്രി നരേന്ദ്രമോദി ഗുഹയിൽ തപസ്സനുഷ്ഠിക്കുന്നു. നാളെ (19-05) രാവിലെ വരെയാണ് തപസ്സ്. ഇതിന്റെ ചിത്രങ്ങൾ ഉത്തരാഖണ്ഡ് ബിജെപിയുടെ ട്വിറ്റർ ഹാൻഡിൽ പുറത്തു വിട്ടിട്ടുണ്ട്.
കേദാർനാഥിലെ വിശുദ്ധമായ ഒരു ഗുഹയിൽ ധ്യാനനിരതനായി മോദി ഇരിക്കുന്നതാണ് ചിത്രം. ഗുഹയിൽ സ്വസ്ഥമായി ഇരിക്കാനായി ഒരു മെത്ത തയ്യാറാക്കിയിട്ടുണ്ട്. സിമന്റ് ചെയ്തിട്ടുള്ള ചുവരിൽ വസ്ത്രം തൂക്കുന്നതിനുള്ള ഒരു ഹാങ്ങറും കാണാം. ഒരു കിളിവാതിലിലൂടെ മോദി പുറത്തേക്ക് തൊഴുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. മാധ്യമങ്ങൾക്ക് ചിത്രമെടുക്കാനും വാർത്തകൾ നല്‍കാനുമുള്ള അനുമതി നൽകിയിട്ടുണ്ട് എന്നതൊഴിച്ചാൽ സ്ഥലത്തേക്ക് മറ്റാര്‍ക്കും അനുവാദമില്ല.
കാവി വസ്ത്രം ധരിച്ചാണ് മോദി തപസ്സനുഷ്ഠിക്കുന്നത്. കേദാർനാഥിലെ ക്ഷേത്രത്തിൽ മോദി സന്ദർശനം നടത്തിയിരുന്നു നേരത്തെ. പുലിത്തോലിന്റെ ഡിസൈനിലുള്ള ഷോളും പ്രത്യേക തരത്തിലുള്ള രോമത്തൊപ്പിയും വലിയ രുദ്രാക്ഷവുമെല്ലാം ധരിച്ചാണ് ക്ഷേത്രദർശന സമയത്ത് മോദി നിൽക്കുന്നത്. ഇതിനു ശേഷം തപസ്സിരിക്കുന്ന നേരത്ത് കാവി വസ്ത്രം കൊണ്ട് ആകെ മൂടിയിരിക്കുന്നതായും കാണാം.
വാരാണസിയിലെ വോട്ടെടുപ്പിന് മണിക്കൂറുകൾക്കു മുമ്പാണ് മോദിയുടെ തപസ്സ് എന്നത് ശ്രദ്ധേയമാണ്. അതെസമയം ഈ ക്ഷേത്രദർശനം വിമർശിക്കപ്പെടുന്നുമുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴാണ് മാധ്യമങ്ങളെ വിളിച്ചുകൂട്ടി മോദി തപസ്സിന് പോയിരിക്കുന്നതെന്നാണ് വിമർശനം. വോട്ടർമാരെ മതാടിസ്ഥാനത്തിൽ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നും ആരോപിക്കപ്പെടുന്നു.
രണ്ട് കിലോമീറ്റർ ദൂരം ട്രക്കിങ് നടത്തിയാണ് ഈ ഗുഹയിലേക്ക് മോദി എത്തിയത്. കൂടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഭടന്മാരും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. സ്ഥലത്തെ മനോഹാരിത ഡിജിറ്റൽ ക്യാമറയിൽ പകർത്തി പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയുമുണ്ടായി.
യാത്രാമധ്യേ കേദാർനാഥ് ഡവലപ്മെന്റ് പ്രോജക്ട് റിവ്യൂ ചെയ്യുകയുമുണ്ടായി മോദി. വഴിയരികിൽ വെച്ച് റിവ്യൂ നടത്തുന്നതിന്റെ വീഡിയോയും പ്രധാനമന്ത്രി ഷെയർ ചെയ്തിട്ടുണ്ട്.
This post was last modified on May 18, 2019 6:28 pm
Leave a Comment