X

റാഫേല്‍: കേന്ദ്രം സുപ്രീം കോടതിയെ ധരിപ്പിച്ചത് തെറ്റായ വിവരങ്ങള്‍; നെഗോഷിയേറ്റിംഗ് ടീമിന്റെ കണ്ടെത്തലുകള്‍ പറയുന്നത്‌

യുപിഎ കാലത്തേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് എന്‍ഡിഎ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നത് എന്നും വേഗത്തില്‍ വിമാനങ്ങള്‍ ലഭ്യമാകുമെന്നുമുള്ള അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണിത്.

യുപിഎ സര്‍ക്കാരിന്റെ കാലത്തെ 128 വിമാനങ്ങളുടെ റാഫേല്‍ കരാറിനേക്കാള്‍ വളരെ മോശമാണ് ഇന്ത്യയെ സംബന്ധിച്ച് മോദി സര്‍ക്കാരിന്റെ 36 വിമാനങ്ങളുടെ കരാറെന്ന് കരാറിലെ നെഗോഷിയേറ്റിംഗ് ടീമില്‍ ഭാഗമായിരുന്ന മൂന്ന് ഡൊമെയ്ന്‍ എക്‌സ്പര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. കോസ്റ്റ് അഡൈ്വസര്‍ എംപി സിംഗ്, എയര്‍ ഫിനാന്‍ഷ്യല്‍ മാനേജര്‍ എആര്‍ സുലെ, അക്വിസിഷന്‍സ് മാനേജര്‍ രാജീവ് വര്‍മ എന്നിവരാണിവര്‍. 2016 ജൂണ്‍ ഒന്നിന് കരാറില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഇവര്‍ കുറിപ്പ് നല്‍കിയിരുന്നു. നെഗോഷിയേറ്റിംഗ് ടീം ചെയര്‍മാനായ ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫിനാണ് വിയോജനക്കുറിപ്പ് നല്‍കിയത് എന്ന് ദ ഹിന്ദു റിപ്പോട്ട് പറയുന്നു.

108 വിമാനങ്ങള്‍ എച്ച്എഎല്‍ (ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്) ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും 18 വിമാനങ്ങള്‍ ദസോള്‍ട്ട് ഏവിയേഷന്‍ ഫ്രാന്‍സില്‍ നിര്‍മ്മിക്കുമെന്നുമായിരുന്നു യുപിഎ കാലത്തെ കരാര്‍. അതേസമയം മോദി
സര്‍ക്കാരിന്റെ 36 വിമാനങ്ങളില്‍ 18 വിമാനങ്ങളുടെ ഡെലിവറി ഷെഡ്യൂള്‍ ആദ്യ കരാറിലെ സജ്ജമായ 18 വിമാനങ്ങളുടെ ഡെലിവറി ഷെഡ്യൂളിനേക്കാള്‍ വേഗം കുറഞ്ഞതായിരുന്നു. യുപിഎ കാലത്തേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് എന്‍ഡിഎ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നത് എന്നും വേഗത്തില്‍ വിമാനങ്ങള്‍ ലഭ്യമാകുമെന്നുമുള്ള അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണിത്. സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത് തെറ്റായ അവകാശവാദങ്ങളെന്ന് ഇത് വ്യക്തമാക്കുന്നു. വ്യോമസേനയ്ക്ക് അടിയന്തരമായി വിമാനങ്ങള്‍ ആവശ്യമായിരുന്നു എന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.

ഗവണ്‍മെന്റ് ഗാരണ്ടിക്കോ ബാങ്ക് ഗാരണ്ടിക്കോ പകരം ലെറ്റര്‍ ഓഫ് കംഫര്‍ട്ട് അംഗീകരിച്ചതിനെ ഉദ്യോഗസ്ഥര്‍ ശക്തിയായി എതിര്‍ത്തിരുന്നു. ഐജിഎ (ഇന്റര്‍ ഗവണ്‍മെന്റ് എഗ്രിമെന്റ്), ഓഫ് സെറ്റ് കരാര്‍ വ്യവസ്ഥകള്‍, തുങ്ങിയവയിലും ഇവയുമായി ബന്ധപ്പെട്ടും ഈ ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ, ഫ്രഞ്ച് ഗവണ്‍മെന്റുകള്‍ തമ്മിലുള്ള അന്തിമ ഐജിഎ ഒപ്പുവച്ചത് 2016 സെപ്റ്റംബര്‍ 23നാണ്. യുപിഎ കാലത്തെ എംഎംആര്‍സിഎയുമായി (മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ്) താരതമ്യപ്പെടുത്തുമ്പോള്‍ ഒട്ടും മെച്ചപ്പെട്ട വിലയല്ല ഫ്രഞ്ച് ഗവണ്‍മെന്റിന്റെ പുതിയ ഓഫര്‍ എന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 36 വിമാനങ്ങള്‍ വാങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന്റെ ഭാഗമായി ഒരു വിമാനത്തിന്റെ വില 41 ശതമാനം വര്‍ദ്ധിച്ചതായി ദ ഹിന്ദു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പുകള്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളുടെ മുനയൊടിക്കേണ്ടതായിരുന്നു.

വായനയ്ക്ക്‌: https://goo.gl/qrwvA5

This post was last modified on February 13, 2019 11:17 am