X

മോദി വീണ്ടും തമിഴ്നാട്ടിലേക്ക്; #GoBackModi വീണ്ടും ട്രെൻഡ്

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തമിഴ്നാട്ടിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഇന്ന് എത്തുന്ന സാഹചര്യത്തിൽ #GoBackModi ഹാഷ്‌ടാഗ് ട്വിറ്ററിൽ ആഗോള ട്രെൻഡായി. ദിവസങ്ങൾക്കു മുമ്പ് മോദി തമിഴ്നാട്ടിലെത്തിയപ്പോഴും സമാനമായ ട്വിറ്റർ ആക്രമണം നേരിട്ടിരുന്നു. പെരിയാർ രാമസ്വാമി നായ്ക്കരുടെ നാട്ടിലേക്ക് മോദിക്ക് പ്രവേശനമില്ലെന്ന ബാനറുകളുമായി ആളുകൾ തെരുവിലിറങ്ങുകയും കോലം കത്തിക്കുകയും ചെയ്യുകയുണ്ടായി. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് മോദി പ്രസംഗിക്കും. ആന്ധ്രയിലെ പരിപാടി ഇതിനകം പൂർത്തിയായി. രാഷ്ട്രീയ സഖ്യത്തിന്റെ ആവശ്യങ്ങൾക്കായി നിരന്തരം ഡൽഹിയിലേക്ക് യാത്ര ചെയ്ത് പൊതു ഖജനാവിൽ നിന്ന് പണം ചെലവാക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവെന്ന് ഗുണ്ടൂരിൽ നടന്ന സമ്മേളനത്തിൽ മോദി പറഞ്ഞു.

എഐഎഡിഎംകെയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം സബന്ധിച്ച നിർണായക നീക്കം കൂടിയാകും ഇന്ന് തിരുപ്പൂരിൽ വെച്ച് നടക്കുന്ന സമ്മേളനമെന്ന് ഊഹങ്ങളുണ്ട്. ഈ സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പങ്കെടുക്കുമെന്നാണ് അറിയുന്നത്. നിരവധി പദ്ധതികളുടെ ഉദ്ഘാടനം ഈ വേദിയിൽ വെച്ച് മോദി നടത്തും. സർക്കാരിന്റെ ഔദ്യോഗിക പരിപാടിയായതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

ജനുവരി മാസം 27നാണ് ഇതിനു മുമ്പ് മോദി തമിഴ്നാട്ടിലെത്തിയത്. അന്നും ട്വിറ്ററിൽ #GoBackModi ഹാഷ്ടാഗ് ട്രെന്‍ഡായി മാറിയിരുന്നു.
ഇതിനിടെ ഇന്നുരാവിലെ #TNWelcomesModi എന്ന ഹാഷ്ടാഗ് ട്രെൻഡ് ചെയ്യിക്കാൻ ബിജെപി ഒരു ശ്രമം നടത്തി നോക്കിയിരുന്നു. എന്നാൽ കുറച്ചുനേരം മാത്രം ട്രെൻഡ് ചെയ്ത ഈ ഹാഷ്ടാഗ് പതുക്കെ താഴെയിറങ്ങിയപ്പോഴും #GoBackModi ട്രെൻഡിങ് തുടരുകയാണ്.