X

മുംബൈയില്‍ വ്യാപക ഗ്യാസ് ചോര്‍ച്ചയെന്ന് സംശയം, ഉറവിടം തേടി അധികൃതര്‍

40 മിനുട്ടോളം ഇത്തരത്തില്‍ രൂക്ഷ ഗന്ധമുണ്ടായിരുന്നു.

മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് ചോര്‍ന്നത് പോലുള്ള മണം പരന്നത് ഭീതിയും ആശങ്കയും പരത്തി. ഇന്നലെ വൈകീട്ടാണ് സംഭവം. പൊവായ്, ചെമ്പൂര്‍, ഗോറീഗാവ്, മിറ റോഡ് തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം പൊലീസിന് പരാതികള്‍ ലഭിച്ചു. രാത്രി 10.45ഓടെയാണ് ഗ്യാസിന്റേത് പോലുള്ള മണം പരന്നത്. മാന്‍ഖുര്‍ദ്, ഗോവണ്ടി, ചാന്ദിവാലി, പൊവായ്, ഘാട്‌കോപൂര്‍, അന്ധേരി, ബോറിവാലി നാഷണല്‍ പാര്‍ക്ക് മേഖലയിലെല്ലാം ഗാസ് മണമുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഈ വിവരം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബിഎംസിയുടെ (ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) ഡിസാസ്റ്റര്‍ സെല്‍ തലവന്‍ മഹേഷ് നവ്രേക്കര്‍ പ്രതികരണവുമായി രംഗത്തെത്തി. ചോര്‍ച്ചയുടെ ഉറവിടം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഡിസാസ്റ്റര്‍ സെല്‍ തലവന്‍ അറിയിച്ചത്. 40 മിനുട്ടോളം ഇത്തരത്തില്‍ രൂക്ഷ ഗന്ധമുണ്ടായിരുന്നു.

ഒമ്പത് ഫയര്‍ എഞ്ചിനുകളെ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്താനായി നിയോഗിച്ചിരുന്നു. രാഷ്ട്രീയ കെമിക്കല്‍ ഫെര്‍ട്ടിലൈസര്‍ പ്‌ളാന്റില്‍ നിന്ന് ചോര്‍ച്ചയുണ്ടായതായി അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ട്രോംബെ പൊലീസ് ഇവിടേയ്ക്ക് തിരിച്ച് പരിശോധന നടത്തി. എന്നാല്‍ ഇവിടെ ചോര്‍ച്ചയുണ്ടായിട്ടില്ല എന്ന് പൊലീസ് പറയുന്നു. ചോര്‍ച്ചയുണ്ടായിട്ടില്ല എന്ന് മഹാനഗര്‍ ഗ്യാസ് ലിമിറ്റഡും അറിയിച്ചു.

This post was last modified on September 20, 2019 9:15 am