X

മണിശങ്കർ അയ്യരുടെ അത്താഴവിരുന്നിൽ രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നതിന് തെളിവില്ല: പൊലീസ് തള്ളിയത് മോദിയുടെ തെരഞ്ഞെടുപ്പുകാല ആരോപണങ്ങളിലൊന്ന്

മുൻ വിദേശകാര്യമന്ത്രി നട്വർ സിങ്, മുൻ പട്ടാളമേധാവി ദീപക് കപൂർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

2017ൽ മണിശങ്കർ അയ്യർ നടത്തിയ അത്താഴവിരുന്നിൽ ഇന്ത്യക്കെതിരെ ഗൂഢാലോചന നടന്നിരുന്നെന്ന വാദത്തിന് ബലംകൊടുക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മോദിയുടെ പ്രസ്താവനയെത്തുടർന്നാണ് അത്താഴവിരുന്ന വിവാദത്തിലായത്. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് എന്നിവർ പങ്കെടുത്ത ഈ ചടങ്ങിൽ പാകിസ്താനുമൊത്തുള്ള ഗൂഢാലോചനയാണ് നടന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത്.

ഗുജറാത്തിലെ അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മോദി ഈ ആരോപണമുന്നയിച്ചത്. തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്തു. മണിശങ്കർ അയ്യരുടെ അത്താഴവിരുന്നിൽ ഒരു മുൻ പാകിസ്താൻ മന്ത്രി പങ്കെടുത്തിരുന്നു. മഹ്മൂദ് കസൂരി എന്ന പാകിസ്താൻ മുൻ മന്ത്രിയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ആരോപണമുയർന്നത്.

ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോര്‍ട്ട് വക്കീൽ അജയ് അഗർവാളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്. തന്നെ പ്രധാനമന്ത്രിസ്ഥാനത്തു നിന്നും നീക്കുന്നതിനും ഗുജറാത്തിൽ പാകിസ്താൻ ആഗ്രഹിക്കുന്നയാളെ പ്രധാനമന്ത്രിയാക്കുന്നതിനുമുള്ള ഗൂഢാലോചന മണിശങ്കർ അയ്യരുടെ അത്താഴവിരുന്നിൽ നടന്നെന്നായിരുന്നു ആരോപണം.

പരാതിക്കാരന് തന്റെ ആരോപണത്തെ തെളിയിക്കുന്ന യാതൊന്നും ഹാജരാക്കാനായില്ലെന്ന് റിപ്പോർട്ട് പറഞ്ഞു. പരാതിക്കാരനും ഊഹിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഗൂഢാലോചന നടന്നതിന് യാതൊരു തെളിവും ഇതുവരെ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

മുൻ വിദേശകാര്യമന്ത്രി നട്വർ സിങ്, മുൻ പട്ടാളമേധാവി ദീപക് കപൂർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. തനിക്കെതിരെയുണ്ടായ ഗുരുതരമായ ആരോപണത്തെ നിഷേധിച്ച് ദീപക് കപൂർ രംഗത്തു വരികയുണ്ടായി. അയ്യരുടെ വീട്ടില്‍ നടന്ന അത്താഴവിരുന്നില്‍ ആഭ്യന്തര രാഷ്ട്രീയം ചര്‍ച്ചയായിട്ടില്ലെന്നും ഇന്ത്യ-പാക് ബന്ധം ഊഷ്മളപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് അവിടെ നടന്നതെന്നും മുന്‍ കരസേന മേധാവി വ്യക്തമാക്കുകയുണ്ടായി. ഡിസംബര്‍ ആറിനു വിളിച്ചുചേര്‍ത്ത വിരുന്നില്‍ 20 പേരാണ് പങ്കെടുത്തത്. മുന്‍ നയതന്ത്രജ്ഞരും പ്രത്യേകകാലങ്ങളില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ നയതതന്ത്രജ്ഞരായി പ്രവര്‍ത്തിച്ച പ്രമുഖ വ്യക്തികളുമായിരുന്നു വിരുന്നിലുണ്ടായിരുന്നതെന്നും ദീപക് കപൂര്‍ ദി ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. മുന്‍ നയന്ത്രജ്ഞരായ സല്‍മാന്‍ ഹൈദര്‍, ടി സി എ രാഘവന്‍, ശരത് സബര്‍വാള്‍, കെ ശങ്കര്‍ ബാജ്‌പേയ്, ചിന്‍മയ ഗരെഖാന്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തിരുന്നു.

മോദിയുടെ പ്രസംഗത്തിലെ ആരോപണം ഇങ്ങനെയായിരുന്നു:

“പാക്കിസ്ഥാന്‍ ആര്‍മി മുന്‍ ഡയറക്ടര്‍ ജനറല്‍ അര്‍ഷാദ് റഫീഖ് പറഞ്ഞത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്നാണ്. എന്തിനാണ് പാക്കിസ്ഥാനിലെ ഒരു മുതിര്‍ന്ന, വിരമിച്ച പട്ടാളക്കാരന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇത്ര താത്പര്യം കാണിക്കുന്നത്? ഇതിന് അടുത്ത ദിവസം ഒരു പാക്കിസ്ഥാന്‍ സംഘം കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ ഒത്തുകൂടുകയും ചെയ്തു. മണിശങ്കര്‍ അയ്യര്‍ ആരാണ്? ഗുജറാത്ത് സമൂഹത്തെ മുഴുവന്‍ അപമാനിച്ച, ഇവിടുത്തെ പിന്നോക്കക്കാരെ അവഹേളിച്ച, ഇവിടുത്തെ പാവപ്പെട്ടവരേയും മോദിയേയും അപമാനിച്ചയാള്‍. ഇക്കാര്യങ്ങളൊക്കെ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നില്ലേ? കോണ്‍ഗ്രസ് മറുപടി പറഞ്ഞേ മതിയാകൂ”.