X

കാശ്മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു

ഗുലാം നബി ആസാദ്, ഡി രാജ, ശരത് യാദവ്, മനോജ് ഝാ, മജീദ് മേമൻ തുടങ്ങിയ നേതാക്കളും രാഹുലിനും യെച്ചൂരിക്കുമൊപ്പം ഉണ്ടായിരുന്നു.

കാശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരടങ്ങുന്ന പ്രതിപക്ഷം സംഘം ശ്രീനഗർ വിമാനത്താവളത്തിലെത്തിയ ഘട്ടത്തിൽ തന്നെ സംസ്ഥാന ഭരണകൂടം തടഞ്ഞിരുന്നു. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. “ജമ്മു കാശ്മീരിലെ ജനങ്ങളെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്നും ആക്രമണത്തില്‍നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബുദ്ധിമുട്ട് സൃഷ്ടിക്കും” – ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ വാര്‍ത്ത വിതരണ വകുപ്പ് ട്വീറ്ററിലാണ് അധികൃതരുടെ നിലപാട് പ്രഖ്യാപിച്ചത്.

ഗുലാം നബി ആസാദ്, ഡി രാജ, ശരത് യാദവ്, മനോജ് ഝാ, മജീദ് മേമൻ തുടങ്ങിയ നേതാക്കളും രാഹുലിനും യെച്ചൂരിക്കുമൊപ്പം ഉണ്ടായിരുന്നു.

കോണ്‍ഗ്രസ്, സിപിഎം, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികളാണ് സംഘത്തിലുള്ളത്. ഗുലാം നബി ആസാദ്, സീതാറാം യെച്ചൂരി, ഡി രാജ എന്നിവര്‍ നേരത്തെ ശ്രീനഗറില്‍ എത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു.

കാശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെങ്കില്‍ പിന്നെ അവിടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു. ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത് ദിവസങ്ങളായി രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരാണ് പ്രതിപക്ഷ സംഘത്തെ കാശ്മീരിലെക്ക് വിളിച്ചത്. ഞങ്ങള്‍ അങ്ങോട്ടുപോകുമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കുന്നു ഞങ്ങള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കുമൈന്നായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.

രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളെ കാശ്മീര്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ശ്രീനഗറില്‍ പ്രവേശിക്കുന്നതിനെ തടയുമെങ്കിലും മറ്റ് മേഖലകളിലേക്ക് നേതാക്കളെ കടക്കാന്‍ അനുവദിക്കുമോ എന്ന കാര്യവും വ്യക്തമല്ല.

കാശ്മീരില്‍ അറസ്റ്റിലായ സിപിഎം നേതാവും പിരിച്ചുവിടപ്പെട്ട നിയമസഭയിലെ എംഎല്‍എയുമായിരുന്ന യൂസഫ് താരിഗാമിയെ ഹാജരാക്കണമെന്ന ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിട്ടുണ്ട്.

This post was last modified on August 24, 2019 5:00 pm